08 May Wednesday

ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നു ; പ്രതിപക്ഷ നിലപാട്‌ 
അപഹാസ്യം : എം ബി രാജേഷ്‌

സ്വന്തം ലേഖകൻUpdated: Tuesday Feb 7, 2023

 

തിരുവനന്തപുരം
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിൽനിന്ന്‌ തൊഴിലാളികളെ അകറ്റാൻ കേന്ദ്ര സർക്കാർ ബോധപൂർവം ശ്രമിക്കുന്നതായി മന്ത്രി എം ബി രാജേഷ്‌.  ഗ്രാമപഞ്ചായത്തിന്‌ ഒരേസമയം 20 പ്രവൃത്തിയെന്ന നിയന്ത്രണം കൊണ്ടുവന്നു. ഹാജർ രേഖപ്പെടുത്തുന്ന മൊബൈൽ ആപ്പിലെ സാങ്കേതിക പ്രശ്നങ്ങൾ, അവിദഗ്‌ധ തൊഴിലാളി വേതനം, സാമഗ്രികളുടെ തുക, ഭരണച്ചെലവ്‌ എന്നിവ കൃത്യസമയത്ത്‌ ലഭ്യമാക്കാത്തത്, തൊഴിലാളികളുടെ ആധാർ ലിങ്ക്‌ ചെയ്‌താലേ വേതനമുള്ളൂവെന്ന നിബന്ധന തുടങ്ങിയവ പദ്ധതി നിർവഹണം ബുദ്ധിമുട്ടിലാക്കുന്നതായും എം രാജഗോപാലന്റെ ശ്രദ്ധ ക്ഷണിക്കലിന്‌ മന്ത്രി മറുപടി നൽകി.

നിരന്തര സമ്മർദത്തിൽ കേരളത്തിനുമാത്രമായി ഗ്രാമപഞ്ചായത്തിന്‌ ഒരേസമയം 50 പ്രവൃത്തിയെന്ന  ഇളവ്‌ ലഭിച്ചു. വ്യക്തിഗത ആസ്തിനിർമാണ പ്രവൃത്തികളായ കോഴിക്കൂട്‌, ആട്ടിൻകൂട്‌, പശുത്തൊഴുത്ത്‌, സോക്ക്പിറ്റ്‌, കമ്പോസ്റ്റ് പിറ്റ്‌ എന്നിവയെ നിബന്ധനയിൽനിന്ന്‌ ഒഴിവാക്കണമെന്ന ആവർത്തിച്ചുള്ള ആവശ്യത്തിൽ തീരുമാനമില്ല. എൻഎംഎംഎസ്‌ മൊബൈൽ ആപ്പിന്റെ സാങ്കേതിക പ്രശ്നങ്ങൾ പദ്ധതി നടത്തിപ്പിനെ ബാധിക്കുന്നു.  ആപ് പ്രവർത്തനക്ഷമമല്ലാതാകുന്നതിനാൽ തൊഴിലാളികൾക്ക്‌ മടങ്ങിപ്പോകേണ്ടിവരുന്നു. 

സാധന സാമഗ്രികൾ വിതരണം ചെയ്യുന്ന വെണ്ടർമാർക്ക്‌ തുക നൽകാൻ കേന്ദ്രം ഏർപ്പെടുത്തിയ പിഎഫ്‌എംഎസ്‌ വെണ്ടർ ഐഡി സംവിധാനത്തിനും സാങ്കേതിക പ്രശ്നങ്ങളുണ്ട്‌.   കഴിഞ്ഞവർഷം നൽകിയ സാധനങ്ങളുടെ തുക ലഭിക്കാത്തതിന്റെ പേരിൽ വെണ്ടർമാർ പദ്ധതിയിൽനിന്ന്‌ പിൻവാങ്ങുന്നു.  പണിയായുധങ്ങളുടെ വാടക നിർത്തലാക്കി. തൊഴിൽ ദിനത്തിന്‌ അഞ്ചുരൂപ വീതം വാടക പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിന്‌ മറുപടി ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നിലപാട്‌ 
അപഹാസ്യം
തൊഴിലുറപ്പുപദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മൗനംപാലിക്കുന്ന പ്രതിപക്ഷ നിലപാട്‌ അപഹാസ്യമാണെന്ന്‌ മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. പദ്ധതിക്കുള്ള ബജറ്റ്‌ വിഹിതം 89,000 കോടിയിൽനിന്ന്‌ വരുംവർഷത്തേക്ക്‌ 60,000 കോടിയായി കേന്ദ്രം വെട്ടിച്ചുരുക്കി. പ്രതിപക്ഷം ഇക്കാര്യം മിണ്ടുന്നില്ല. കേന്ദ്ര ബജറ്റ്‌ വന്നദിവസം പ്രതിപക്ഷ നേതാവിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ ഇതിനെതിരെ ഒരുവരിപോലുമില്ല. ആരെ ഭയന്നിട്ടാണ്‌ മൗനമെന്ന്‌ വ്യക്തമാക്കണം. പാവപ്പെട്ട തൊഴിലാളികളെ സംരക്ഷിക്കാൻ എല്ലാവരും ഒരുമിക്കണം. തൊഴിലുറപ്പിന്റെ കഴുത്തുഞെരിക്കാൻ കേന്ദ്രം ശ്രമിക്കുമ്പോൾ അവർക്കായി ക്ഷേമനിധി ഏർപ്പെടുത്തി ഇടതുബദൽ ഉയർത്തുകയാണ്‌ എൽഡിഎഫ്‌ സർക്കാരെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top