12 July Saturday

മീനങ്ങാടിയിൽ പിടിയിലായ ക്വട്ടേഷൻ ടീം ആർഎസ്എസിന്റേത്‌

എ സജീവ് കുമാർUpdated: Wednesday Jan 19, 2022

ബിജെപി നേതാവ് സന്ദീപ് വാര്യർക്കൊപ്പം പ്രധാന പ്രതി അഖിൽ ചന്ദ്രൻ (ഇടതുഭാഗത്ത് കറുത്ത ഷർട്ട് )

കൊയിലാണ്ടി > ചൊവ്വാഴ്‌ച വയനാട് മീനങ്ങാടി കാര്യമ്പാടിയിൽ പൊലീസ് പിടികൂടിയ 5 അംഗ അന്തർ സംസ്ഥാന ക്വട്ടേഷൻ സംഘത്തിന് ആർഎസ്എസുമായി അടുത്ത ബന്ധം. കൊയിലാണ്ടി  വിയ്യൂർ സ്വദേശി ആർഎസ്എസ് നേതാവ് അഖിൽ ചന്ദ്രനടക്കമുള്ള 5 പേരെയാണ് പൊലീസ് പിടികൂടി സുൽത്താൻ ബത്തേരി കോടതി റിമാൻഡ്‌ ചെയ്തത്. മറ്റൊരു അഞ്ചംഗ സംഘം പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. കുന്നത്തറ വലിപ്പടിക്കൽ മീത്തൽ അരുൺകുമാർ, പടിഞ്ഞാറെ മീത്തൽ നന്ദുലാൽ എന്നിവരാണ് അറസ്റ്റിലായ മറ്റു കോഴിക്കോട് ജില്ലക്കാർ. ഇവരും ആർഎസ്എസ് ക്രിമിനലുകളാണ്. യുവമോർച്ചയുടെ മുൻ കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡന്റ്‌ കൂടിയായ അഖിൽ ചന്ദ്രനെതിരെ പത്തിലധികം ക്രിമിനൽ കേസുകൾ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ തന്നെയുണ്ട്. വിയ്യൂർ മേഖലയിൽ സ്ഥിരമായി കലാപത്തിന് നേതൃത്വം കൊടുക്കുന്ന ഇയാൾക്ക്‌  ആർഎസ്എസ്, ബിജെപി ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ട്‌. തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആർഎസ്എസ് കുഴൽപ്പണ -ക്വട്ടേഷൻ സംഘത്തിന്റെ ഭാഗമായാണ്  ഇപ്പോൾ പ്രവർത്തിക്കുന്നത്.

2019ൽ ഡിവൈഎഫ്ഐ കൊയിലാണ്ടി സെന്റർ മേഖലാ കമ്മിറ്റി അംഗമായിരുന്ന അനിൽ രാജിനെ വധിക്കാൻ ശ്രമിച്ച കേസിലും 2018ൽ സിപിഐ എം പ്രവർത്തകനായ പുളിയഞ്ചേരിയിലെ കുറോളിപ്പീടികയിൽ അച്യുതന്റെ വീട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും കൊല്ലം കണ്ടോത്ത് രജീഷിന്റെ വീട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഉൾപ്പെടെ നിരവധി വധശ്രമ കേസിൽ പ്രതിയാണിയാൾ.

കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ കൊയിലാണ്ടിക്കാരനായ യുവമോർച്ച നേതാവിന്റെ സംരക്ഷണയിലായിരുന്നു ഇയാളുടെ അക്രമങ്ങൾ.  വയനാട് റിപ്പൺ കുയിലൻ വളപ്പിൽ സക്കറിയ (29), വടുവൻചാൽ കടൽ മാട് വേലൻമാരി തൊടിയിൽ പ്രദീപ് കുമാർ എന്നീ വയനാട് സ്വദേശികളെയും കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. ഒരേ മോഡലിലുള്ള കടുംനീല നിറമുള്ള രണ്ടു കാറുകളും കത്തികൾ, കമ്പിപ്പാരകൾ എന്നിവയെല്ലാം പ്രതികളിൽനിന്ന് പിടിച്ചെടുത്തിരുന്നു.  രക്ഷപ്പെട്ട മറ്റുള്ളവർകൂടി പിടിയിലാകുന്നതോടെ കേസിലെ ആർഎസ്‌എസ്‌ ബന്ധം കൂടുതൽ വ്യക്തമാവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top