20 April Saturday
പ്രീമിയം 5664 രൂപ സർക്കാർ മുൻകൂർ അടയ്ക്കും ; ഓറിയന്റൽ ഇൻഷുറൻസിന്‌ നടത്തിപ്പുചുമതല

മെഡിസെപ് ജൂലൈ ഒന്നുമുതൽ ; പ്രതിവർഷം 3 ലക്ഷം രൂപയുടെ ചികിത്സാസഹായം

പ്രത്യേക ലേഖകൻUpdated: Saturday Jun 25, 2022

തിരുവനന്തപുരം

സംസ്ഥാന ജീവനക്കാരും പെൻഷൻകാരും  കുടുംബാംഗങ്ങളുമടക്കം 30 ലക്ഷം പേർ ജൂലൈ ഒന്നുമുതൽ സംസ്ഥാനസർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ്‌ പരിരക്ഷയിൽ.  എൽഡിഎഫ്‌ സർക്കാരിന്റെ  സുപ്രധാന വാഗ്ദാനങ്ങളിലൊന്നായ പദ്ധതി  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.  ‘മെഡിക്കൽ ഇൻഷുറൻസ്‌ സ്കീം ഫോർ സ്‌റ്റേറ്റ്‌ എംപ്ലോയീസ്‌ ആൻഡ്‌ പെൻഷനേഴ്‌സി’ന്‌ (മെഡിസെപ്) ജൂണിലെ ശമ്പളംമുതൽ പ്രീമിയം ഈടാക്കാൻ ധനവകുപ്പ്‌ ഉത്തരവിറക്കി. ഓറിയന്റൽ ഇൻഷുറൻസ്‌ കമ്പനി വഴിയാണ്‌ നടത്തിപ്പ്‌.  

സംസ്ഥാന സർക്കാർ ജീവനക്കാർ, -സർവകലാശാലാ ജീവനക്കാർ, -പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും മന്ത്രിമാർ, പ്രതിപക്ഷ നേതാവ്‌, സ്‌പീക്കർ, ഡെപ്യൂട്ടി സ്‌പീക്കർ, ചീഫ്‌ വിപ്, ധനകാര്യ സമിതികളുടെ ചെയർമാൻമാർ എന്നിവർ നേരിട്ടു നിയമിക്കുന്ന പേഴ്‌സണൽ സ്റ്റാഫ്‌, പേഴ്‌സണൽ സ്റ്റാഫ്‌ പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും പദ്ധതിയുടെ ഭാഗമാകും.

പ്രതിവർഷ പ്രീമിയം 5664 രൂപ (വാർഷിക അടവ്‌ 4800 രൂപയും 18 ശതമാനം ജിഎസ്‌ടിയും) മുൻകൂറായി സർക്കാർ അടയ്‌ക്കും. പ്രതിമാസം 500 രൂപ വീതം ജീവനക്കാരിൽനിന്നും പെൻഷൻകാരിൽനിന്നും പിടിക്കും. ആദ്യഘട്ടത്തിൽ മൂന്നുവർഷത്തേക്ക്‌ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പിന്നീട്‌ വർഷംതോറും പുതുക്കണം. പ്രതിമാസ പ്രീമിയം പിടിക്കുന്നതിനുള്ള ക്രമീകരണം ഡിഡിഒമാരും ബന്ധപ്പെട്ട ട്രഷറി ഉദ്യോഗസ്ഥരും ആരംഭിക്കണമെന്ന്‌ ഉത്തരവിൽ പറഞ്ഞു. സ്പാർക്ക്‌ സംവിധാനവും ക്രമീകരിക്കണം. 2021 ഡിസംബറിലാണ്‌ പദ്ധതിക്ക്‌ മന്ത്രിസഭ അംഗീകാരം നൽകിയത്‌.

അവയവമാറ്റ ചികിത്സയ്‌ക്ക് 
പ്രത്യേക തുക
പ്രതിവർഷം മൂന്നുലക്ഷം രൂപയുടെ ചികിത്സാ സഹായമാണ്‌ ലഭിക്കുക. ആദ്യവർഷങ്ങളിൽ ഉപയോഗിക്കേണ്ടിവന്നില്ലെങ്കിൽ അടുത്ത വർഷങ്ങളിൽ ഒന്നരലക്ഷം രൂപയുടെ വീതം പരിരക്ഷകൂടി അധികം ലഭിക്കും. മൂന്നു വർഷത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഈ തുക ഉപയോഗിക്കാം. കുടുംബാംഗങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച്‌ പ്രീമിയത്തിൽ വ്യത്യാസമില്ല. അവയവമാറ്റ ചികിത്സയ്‌ക്കും പ്രത്യേക തുക അനുവദിക്കും. ഇതിനായി കമ്പനി 35 കോടി രൂപയിൽ കുറയാത്ത കോർപസ്‌ ഫണ്ട്‌ രൂപീകരിക്കും.

ഏതൊക്കെ ആശുപത്രിയെന്ന്‌ എംപാനൽ ചെയ്യുമെങ്കിലും അടിയന്തരഘട്ടങ്ങളിൽ അല്ലാത്തവയും പരിഗണിക്കും. മുംബൈ, ഡൽഹി, ചെന്നൈ, കോയമ്പത്തൂർ, മംഗളൂരു എന്നിവിടങ്ങളിലെ ആശുപത്രികളിലും സേവനം ലഭിക്കും.

ഭിന്നശേഷികുട്ടികൾക്ക്‌ 
പ്രായപരിധിയില്ല
മെഡിസെപ്‌ ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതിയുടെ ഗുണഭോക്താക്കളായ ഭിന്നശേഷിക്കാരായ കുട്ടികൾക്ക്‌ പ്രായപരിധിയില്ല. ഇതിനായി സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം. സർക്കാർ ജീവനക്കാരുടെ പങ്കാളി, അവരെമാത്രം ആശ്രയിച്ചു കഴിയുന്ന അച്ഛനമ്മമാർ, മക്കൾ (25 വയസ്സ്‌ പൂർത്തിയാകുന്നതുവരെയോ അല്ലെങ്കിൽ വിവാഹം കഴിക്കുന്നതുവരെയോ ജോലി ലഭിക്കുന്നതുവരെയോ ഏതാണ് ആദ്യം അതുവരെ) എന്നിവർക്കാണ്‌ ഇൻഷുറൻസിന് അർഹത. കുടുംബത്തിലെ മറ്റ്‌ സർക്കാർ ജീവനക്കാരോ പെൻഷൻ വാങ്ങുന്നവരോ ആശ്രിതരല്ല. ഇവർക്ക് പദ്ധതിയിൽ പ്രത്യേകമായി പ്രധാന അംഗത്വത്തിന്‌ അർഹതയുണ്ട്. 

പെൻഷൻ വാങ്ങുന്നവർക്ക്‌ പങ്കാളി, ശാരീരിക, മാനസിക വൈകല്യം ബാധിച്ച കുട്ടികൾ (പ്രായപരിധിയില്ല) എന്നിവരെ ആശ്രിതരാക്കാം. കുടുംബ പെൻഷൻ വാങ്ങുന്നവരുടെ മാനസിക വൈകല്യം ബാധിച്ച കുട്ടികൾ (പ്രായപരിധിയില്ല) മാത്രമേ പദ്ധതിയിൽ ഉൾപ്പെടൂ. സഹോദരങ്ങളെ ആശ്രിതരാക്കാനാകില്ല. അച്ഛനമ്മമാർ രണ്ടുപേരും സർക്കാർ ജീവനക്കാരാണെങ്കിൽ കുട്ടികൾക്ക്‌ ഒരാളുടെ ആശ്രിതനാകാനേ കഴിയൂ. ഒന്നിൽക്കൂടുതൽ തവണ ചേർത്താൽ  ആനുകൂല്യം ലഭിക്കില്ല.

പദ്ധതി നടത്തിപ്പിനായി എല്ലാ വകുപ്പും നോഡൽ ഓഫീസറെ നിയമിച്ചു. 24 മണിക്കൂറിലേറെയുള്ള കിടത്തി ചികിത്സയ്ക്ക് ഇൻഷുറൻസ് ലഭിക്കും. ഒപി ചികിത്സയ്ക്ക്‌ ഇല്ല. 1920 രോഗം അംഗീകൃത പട്ടികയിലുണ്ട്. ആശുപത്രിവാസത്തിനു മുമ്പും ശേഷവും 15 ദിവസംവരെയുള്ള ചെലവും ക്ലെയിം ചെയ്യാം. മാരകരോഗങ്ങൾക്ക്‌ 18 ലക്ഷംവരെ ഇൻഷുറൻസ്‌ ലഭിക്കും. www.medisep.kerala.gov.in എന്ന വെബ്സൈറ്റിലെ സ്റ്റാറ്റസ്‌ ഓപ്ഷനിൽ വിവരങ്ങൾ നൽകി പദ്ധതിയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top