24 April Wednesday

മെഡിസെപ് പദ്ധതി: സർക്കാർ ഗ്യാരന്റിയാണ്‌ പ്രധാന പ്രീമിയം: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Saturday Jul 2, 2022

തിരുവനന്തപുരം> മെഡിസെപ്പിന്‌ സംസ്ഥാന സർക്കാർ നൽകുന്ന‌ ഗ്യാരന്റിയാണ്‌ പ്രധാന പ്രീമിയമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മെഡിസെപ്‌ പദ്ധതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിക്ക്‌ സർക്കാർ ഒരു രൂപപോലും നൽകുന്നില്ലെന്നാണ്‌ ചിലർ ആരോപിക്കുന്നത്‌. ഇവർ സർക്കാർ  ഗ്യാരന്റിയെക്കുറിച്ച്‌ മിണ്ടുന്നില്ല. 6000 രൂപ പ്രീമിയത്തിൽ പ്രതിവർഷം മൂന്നുലക്ഷം രൂപയുടെ ചികിത്സാ കവറേജ്‌ കമ്പനി ലഭ്യമാകുന്നത്‌ ഈ ഉറപ്പിൻമേലാണ്‌. ഇതിന്റെ മുന്നിരട്ടി തുക നൽകിയാൽപ്പോലും കിട്ടാത്ത പരിരക്ഷയാണ്‌ ലഭിക്കുന്നത്‌.‌

അംഗമാകാൻ പ്രായവും ആരോഗ്യസ്ഥിതിയും ഉൾപ്പെടെ ഒരു നിയന്ത്രണവുമില്ല എന്നതും പ്രധാനമാണ്‌. മറ്റുള്ളവയിൽ ചേരുന്നതിന്‌ പ്രായം വലിയ മാനദണ്ഡമാണ്‌. 40 വയസ്സ്‌ കഴിഞ്ഞവർക്ക്‌ അംഗത്വം കിട്ടുന്നതിന്‌ ഉയർന്ന നിരക്കിൽ പ്രീമിയം നൽകണം. ഒപ്പം മുൻകൂർ വൈദ്യപരിശോധനയും. മെഡിസെപ്പിൽ 90 വയസ്സുള്ള പെൻഷൻകാരനും 20 വയസ്സുള്ള ജീവനക്കാരനും ഒരേ മാനദണ്ഡത്തിൽ പ്രതിമാസം 500 രൂപയ്‌ക്ക്‌ ഇൻഷുറൻസ്‌ പരിരക്ഷ ലഭിക്കുന്നു. പ്രീമിയത്തിൽ 336 രൂപ സർക്കാർ തട്ടിയെടുക്കുന്നുവെന്ന ദുഷ്‌പ്രചാരണവും നടക്കുന്നുണ്ട്‌. ഈ തുക മെഡിസെപ്പിന്റെ ഭാഗമായിത്തന്നെ സർക്കാർ രൂപീകരിക്കുന്ന പ്രത്യേക നിധിക്കായാണ്‌. 12 മാരക രോഗത്തിനും അവയവമാറ്റം ഉൾപ്പെടെയുള്ള ചികിത്സയ്‌ക്കും ഉള്ളതാണ്‌.

വിവാദം ജനം തള്ളിക്കളയും

മെഡിസെപ്പിനെതിരായി അനാവശ്യ വിവാദങ്ങളുമായി ഇറങ്ങിയവരെ ജനം  തള്ളിക്കളയുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാട്ടിൽ അനാവശ്യ വിവാദത്തിന്‌ ഒരു ക്ഷാമവുമില്ല. അതാണ്‌ മെഡിസെപ്പിലും വിളയിക്കാൻ ശ്രമിക്കുന്നത്‌. സാങ്കേതികമായ എല്ലാ നൂലാമാലയും പരിഹരിച്ചാണ്‌ പദ്ധതി നടപ്പിലാക്കിയത്‌.

ഇൻഷുറൻസ്‌ മേഖലയിലെ സ്ഥാപിത താൽപ്പര്യക്കാർ ഉയർത്തിയ എല്ലാ വെല്ലുവിളിയും മറികടന്നു. ഏതു പദ്ധതി ആവിഷ്‌കരിക്കുമ്പോഴും ഗുണഫലം പരമാവധി ആളുകളിലേക്ക്‌ എത്തിക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top