12 August Friday

മെഡിസെപ്പിലെ സര്‍ക്കാര്‍ ഗ്യാരണ്ടി പ്രധാന പ്രീമിയം: മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍Updated: Friday Jul 1, 2022

തിരുവനന്തപുരം> മെഡിസെപ്പ് പദ്ധതിക്ക് നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടിയാണ് പ്രധാന പ്രീമിയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്ക് സര്‍ക്കാര്‍ ഒരു രൂപപോലും പ്രീമിയമായി നല്‍കുന്നില്ലെന്നാണ് ചിലര്‍ ആരോപിക്കുന്നത്. സര്‍ക്കാര്‍ ഗ്യാരണ്ടിയെകുറിച്ച് ഇവര്‍ മിണ്ടുന്നില്ല. പ്രതിവര്‍ഷം മൂന്നുലക്ഷം രൂപയുടെ ചികിത്സാ കവറേജിനുപുറമെ അവയവമാറ്റ ചികിത്സയ്ക്കും മറ്റും സഹായം ലഭ്യമാകുന്ന പദ്ധതി 6000 രൂപ പ്രീമിയത്തില്‍ നടപ്പാക്കാന്‍ കഴിയുന്നത് സര്‍ക്കാര്‍ നല്‍കുന്ന ഗ്യാരണ്ടിയുടെ വലിയ മൂല്യത്തിലാണ്.

 ഉയര്‍ന്ന പ്രീമിയം തുക നല്‍കുമ്പോഴും കുറഞ്ഞ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതാണ് നിലവിലെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികളുടെ പൊതുസ്ഥിതി. ഇപ്പോള്‍ നല്‍കുന്ന പ്രീമിയം തുകയുടെ മൂന്നിരട്ടി തുക നല്‍കിയാല്‍പോലും സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ നല്‍കാത്ത കവറേജ് മെഡിസെപ്പ് പദ്ധതിയില്‍ അംഗങ്ങള്‍ക്ക് ലഭിക്കുന്നു. സര്‍ക്കാര്‍ പദ്ധതി ആയതിനാലാണിത് ലഭിക്കുന്നത്.

 ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയായതിനോല്‍ സമാനതകളില്ലാത്ത ആനുകൂല്യങ്ങള്‍ ചെറിയ പ്രീമിയത്തില്‍ ലഭ്യമാക്കാനാകുന്നു. മെഡിസെപ്പ് പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മെഡിസെപ്പില്‍ അംഗമാകാന്‍ പ്രായവും ആരോഗ്യ സ്ഥിതിയുമുള്‍പ്പെടെ ഒരു നിയന്ത്രണവും ബാധകമാകുന്നില്ലെന്നതും പ്രധാനമാണ്.  സ്വകാര്യ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ ചേരുന്നതിന് പ്രായം വലിയ മാനദണ്ഡമാണ്. നാല്‍പത് വയസ് കഴിഞ്ഞവര്‍ക്ക് അംഗത്വം കിട്ടുന്നതിന് ഉയര്‍ന്ന നിരക്കില്‍ പ്രീമിയം നല്‍കണം. ഇതിനുപ്പറം പ്രായമുള്ളവര്‍ക്ക് അംഗത്വത്തിന് മുന്‍കൂര്‍ വൈദ്യപരിശോധന വേണ്ടിവരും.

രോഗ ചികിത്സയിലുള്ളതോ, മുമ്പ് രോഗ ചികിത്സ നടത്തിയതോ ആയ ആള്‍ക്ക് പദ്ധതി ചേരാനായാല്‍, ഈ രോഗങ്ങള്‍ക്ക് കവറേജ് നിഷേധിക്കപ്പെടും. ഒരാളെ ഇന്‍ഷ്വറന്‍സ് പരിധിയില്‍നിന്ന് എങ്ങനെയെല്ലാം ഒഴിവാക്കാമെന്നതിലാണ് സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. മെഡിസെപ്പില്‍ 90 വയസുള്ള പെന്‍ഷന്‍കാരനും, 20 വയസുള്ള ജീവനക്കാരനും ഒരേ മനാദണ്ഡത്തിലും പ്രീമിയത്തിലും, മുന്‍കൂര്‍ വൈദ്യപരിശോധനകളും ഒഴിവാക്കി പ്രതിമാസം 500 രൂപയ്ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നു.

പദ്ധതി പ്രീമിയമായ 6000 രൂപയില്‍ 336 രൂപ സര്‍ക്കാര്‍ തട്ടിയെടുക്കുന്നുവെന്ന ദുഷ്പ്രചാരണവും നടക്കുന്നു. ഈ അധിക തുക മെഡിസെപ്പിന്റെ ഭാഗമായിതന്നെ സര്‍ക്കാര്‍ രൂപീകരിക്കുന്ന പ്രത്യേക നിധി (കോര്‍പ്പസ് ഫണ്ട്)യിലേക്കാണ് പോകുന്നത്. ഈ നിധി ഉപയോഗിച്ചാണ് 12 മാരക രോഗങ്ങള്‍ക്കും അവയവമാറ്റം ഉള്‍പ്പെടെ ചികിത്സകള്‍ക്കും അധിക പരിരക്ഷ ഉറപ്പാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

അനാവശ്യ വിവാദങ്ങള്‍ക്ക് ജനം ചെവി കൊടുക്കില്ല


തിരുവനന്തപുരം> മെഡിസെപ്പിനെതിരായി അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തികൊണ്ടുവരാന്‍ ഇറങ്ങിയിട്ടുള്ള സ്ഥാപിത താലപര്യക്കാരെ ജനം സ്വാഭാവികമായി തള്ളിക്കളയും. ദുഷ്ടലാക്കോടെ ഒരു കൂട്ടര്‍ നടത്തുന്ന പ്രചാരണത്തിന് ജനം ചെവി കൊടുക്കില്ല.


നാട്ടില്‍ അനാവശ്യ വിവാദങ്ങള്‍ക്ക് ഒരു ക്ഷാമവുമില്ല. അതാണ് മെഡിസെപ്പിലും വിളയിക്കാന്‍ ശ്രമിക്കുന്നത്.  കേരളം ഇതുവരെ ഉയര്‍ത്തിപ്പിടിച്ച സഹജീവി ബോധത്തിലും പരസ്പര സഹായത്തിലും ഊന്നിയ വികസന, ക്ഷേമ മാതൃകകളുടെ ദൃഷ്ടാന്തമായാണ് മെഡിസെപ്പും മാറുന്നത്. ഈ വസ്തുത മറച്ചുവച്ചാണ് അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഏറ്റവും മെച്ചപ്പെട്ട കവറേജ് ഉറപ്പാക്കിയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. സാങ്കേതികമായ എല്ലാ നൂലാമാലകളും പരിഹരിച്ചു. ഇന്‍ഷ്വറന്‍സ് മേഖലയിലെ സ്ഥാപിത താല്‍പര്യക്കാര്‍ ഉയര്‍ത്തിയ എല്ലാ വെല്ലുവിളികളെയും ഇഛാശക്തിയോടെ മറികടന്ന് പദ്ധതി യാഥാര്‍ഥ്യമാക്കിയത്.

 
ഏതു പദ്ധതി ആവിഷ്‌കരിക്കുമ്പോഴും ഗുണഫലം പരമാവധി ആളകുളിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. മെഡിസെപ്പിലും ഇതേ കാഴ്ചപ്പാടാണ്. തദ്ദേശ സ്വയംഭരണ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ശുചീകരണ ജോലി ഉള്‍പ്പെടെ നിര്‍വഹിക്കുന്ന അമ്പതിനായിരത്തില്‍പരം വരുന്ന പാര്‍ടൈം ജീവനക്കാരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ്. മെഡിക്കല്‍ റിഇംബേഴ്സ്മെന്റ് അടക്കമുള്ള ആനുകൂല്യങ്ങള്‍ ഈ വിഭാഗത്തിന് ഇതുവരെ ലഭ്യമായിരുന്നില്ല. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പട്ടികയിലുള്ള ഈ വിഭാഗവും പരിഗണിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top