20 April Saturday
താഴെത്തട്ടിലേക്ക്‌ കൂടുതൽ സ്‌പെഷ്യാലിറ്റി ഡോക്ടർമാർ എത്തും

പിജി ഡോക്ടറെത്തും 
താലൂക്കാശുപത്രിയിലും ; പുതിയ പദ്ധതി ഉടൻ

എം വി പ്രദീപ്‌Updated: Monday Jul 4, 2022


തിരുവനന്തപുരം
മെഡിക്കൽ പിജി വിദ്യാർഥികളുടെ സേവനം ഇനി ജില്ലാ, താലൂക്ക്‌ ആശുപത്രികളിലും. ഒരാൾക്ക്‌ മൂന്നുമാസമാണ്‌ സേവനകാലയളവ്‌. രണ്ടാംവർഷ പിജി സ്‌പെഷ്യാലിറ്റി വിദ്യാർഥികളെയാണ്‌ നിയോഗിക്കുക. ഇതിനായി നിലവിലുള്ള 2500 മെഡിക്കൽ പിജി സ്‌പെഷ്യാലിറ്റി ബാച്ചിനെ മൂന്നിലൊന്നായി തിരിക്കും. ഒരു ബാച്ച്‌ സേവനം പൂർത്തിയാക്കിയശേഷം അടുത്ത ബാച്ചെത്തും. ഈ സമയം മെഡിക്കൽ കോളേജിൽ പിജി ഡോക്ടർമാരുടെ കുറവുണ്ടാകാതിരിക്കാൻ മൂന്നിലൊന്ന്‌ സീറ്റ്‌ പിജിക്ക്‌ വർധിപ്പിക്കും. 800 സീറ്റാണ്‌ കൂടുക. സേവനകാലത്ത്‌ സ്‌റ്റൈപെൻഡ്‌ തുടരും.

താമസ സൗകര്യം തദ്ദേശ ഭരണ സ്ഥാനപനം ഒരുക്കും. സേവനം പൂർത്തിയാക്കിയാലേ അവസാനപരീക്ഷ എഴുതാനാകൂ. ആശുപത്രി സൂപ്രണ്ടുമാരാണ്‌ സർട്ടിഫിക്കറ്റ്‌ നൽകേണ്ടത്. ഈ പദ്ധതി നടപ്പാക്കാൻ നോഡൽ ഓഫീസർമാരെ നിയോഗിക്കും. പദ്ധതിക്കുള്ള പ്രാരംഭ പ്രവർത്തനം ആരോഗ്യ സർവകലാശാല, മെഡിക്കൽ വിദ്യാഭ്യാസവകുപ്പ്‌ എന്നിവയുടെ നേതൃത്വത്തിൽ ആരംഭിച്ചു.

1000 പേർക്ക്‌ 10,000 രൂപവീതം
മെഡിക്കൽ വിദ്യാർഥികൾക്ക്‌ ഗവേഷണം നടത്താം

മെഡിക്കൽ, മെഡിക്കൽ അനുബന്ധ ബിരുദ കോഴ്‌സുകളിലെ വിദ്യാർഥികൾക്ക്‌ പഠനത്തോടൊപ്പം ഗവേഷണത്തിനും അവസരം നൽകാൻ ആരോഗ്യ സർവകലാശാലാ ഗവേണിങ്‌ കൗൺസിൽ തീരുമാനിച്ചു. ആദ്യഘട്ടം 1000 പേർക്ക്‌ ഗവേഷണ പ്രോജക്ടിന്‌ 10,000 രൂപ വീതം നൽകും. ഒരു കോടി രൂപ വകയിരുത്തി. ബിരുദ വിദ്യാർഥികളിൽ ഗവേഷണത്തിന് ഊന്നൽനൽകിയുള്ള പഠനരീതി പ്രോത്സാഹിപ്പിക്കുന്നതിനാണ്‌ ഇത്‌. മുഖ്യമന്ത്രിയുടെ പോസ്റ്റ്‌ ഡോക്ടറൽ സ്‌കോളർഷിപ്പിനുവേണ്ടി മെഡിക്കൽ വിദ്യാർഥികളെ സജ്ജമാക്കാൻ സ്‌കോളർഷിപ് പ്രചോദനമാകുമെന്ന്‌ വൈസ്‌ ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ദേശാഭിമാനിയോടു പറഞ്ഞു.

ബിരുദാനന്തരബിരുദ കോഴ്സുകളായ എംഡി ഇൻ പാലിയേറ്റീവ് മെഡിസിൻ, എംഡി ഇൻ ജെറിയാട്രിക്‌സ്, എംഎസ്‌ ഇൻ ട്രൊമറ്റോളജി ആൻഡ്‌ സർജറി, മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എപ്പിഡമോളജി) എന്നിവ ആരംഭിക്കാനും തീരുമാനിച്ചു. വിസി അധ്യക്ഷനായി. ഗവേണിങ്‌ കൗൺസിൽ അംഗങ്ങൾ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top