19 April Friday

അറസ്‌റ്റിലായവരുടെ വൈദ്യപരിശോധനയിൽ പൂർണവിവരങ്ങൾ രേഖപ്പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Friday May 6, 2022

തിരുവനന്തപുരം> അറസ്റ്റിലായ വ്യക്തികള്‍, റിമാന്റ് തടവുകാർ എന്നിവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ സംബന്ധിച്ച് പുതിയ മെഡിക്കോ ലീഗൽ പ്രോട്ടോകോൾ പുറത്തിറക്കി.

അറസ്റ്റിലായ വ്യക്തിയുടെ  പരിശോധനക്കുള്ള അപേക്ഷ നിർദിഷ്‌ട മാതൃകയിൽ  കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സേവനത്തിലുള്ള ഒരു മെഡിക്കൽ ഓഫീസർക്ക് നൽകണം. അവരുടെ അഭാവത്തിൽ മാത്രം സ്വകാര്യ ആശുപത്രിയിലെ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർക്ക്  നൽകാം. സ്‌ത്രീയാണ്‌ അറസ്‌റ്റിലെങ്കിൽ വനിതാമെഡിക്കൽ ഓഫീസറോ  വനിതാ മെഡിക്കൽ ഓഫീസറുടെ മേൽനോട്ടത്തിലോ വൈദ്യ പരിശോധന നടത്തണം.

വൈദ്യപരിശോധനക്ക് കൊണ്ടുവരുമ്പോൾ ഒ പി രോഗികളുടെ ഇടയിൽ കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാക്കണം. ശരീരത്തിൽ മുറിവുകളോ അക്രമത്തിലുള്ള  അടയാളങ്ങളോ ഉണ്ടായാൽ അതും  മെഡിക്കൽ എക്സാമിനേഷൻ റിപ്പോർട്ടിൽ സൂചിപ്പിക്കണം. പോലീസ് കസ്റ്റഡിയിൽ ശാരീരിക ഉപദ്രവം ഉണ്ടായിട്ടുണ്ടോയെന്ന്‌  ചോദിച്ചശേഷം അവ രേഖപ്പെടുത്തണം . മുൻകാല രോഗബാധയും കഴിക്കുന്ന  മരുന്നും രേഖപ്പെടുത്തണം.

പീഡനത്തെ സൂചിപ്പിക്കുന്ന മുറിവുകൾ, സ്വകാര്യ ഭാഗങ്ങളിലെ മുറിവുകൾ, ശാരീരിക ബലപ്രയോഗം എന്നിവ ഉണ്ടോ എന്നത് പ്രത്യേകം പരിശോധിക്കണം. ഗുരുതര പരിക്കെങ്കിൽ പരിശോധനകൾ ഉടശന നടത്തണം.
വൈദ്യപരിശോധനയും മറ്റും സൗജന്യമായി നൽകണം.  ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ സ്വകാര്യ ലാബിന്റെ  സേവനത്തിനായി   എച്ച് എം സി ഫണ്ട്‌ ഉപയോഗിക്കാം. 

പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം തേടാം.  പരിശോധനയ്ക്കായി അപേക്ഷ നൽകിയ ഉദ്യോഗസ്ഥന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ, അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ ജീവൻ രക്ഷിക്കേണ്ടി വരുന്ന സാഹചര്യത്തിലൊഴികെ ആ വ്യക്തിയെ ഡോക്ടർ അഡ്മിറ്റ് ചെയ്യുകയോ റഫർ ചെയ്യുകയോ ചെയ്യരുത്.

ഇതു കൂടാതെ റിമാൻറ്‌ തടവുകാരെ ജയിൽ മെഡിക്കൽ ഓഫീസർ പരിശോധിക്കണമെന്നും കിടത്തി ചികിത്സ ആവശ്യമായി വന്നാൽ ഉടനെ  നൽകണമെന്നും നിർദേശമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top