25 April Thursday

മാധ്യമങ്ങള്‍ മൂലധന സുഖശയ്യയില്‍; സംഘടിതമായി വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നു: സ്‌പീക്കര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021

കോഴിക്കോട് > മൂലധനശക്തികളും ഭരണകൂടവും വര്‍ഗീയതയും വിരിച്ചിട്ട സുഖശയ്യയിലാണ് ബഹുഭൂരിഭാഗം മാധ്യമങ്ങളുമെന്ന് സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. ദുരന്തങ്ങളടക്കം ദൃശ്യപ്പൊലിമയുള്ള ചരക്കാക്കി മാറ്റി അവതരിപ്പിക്കയാണ്. ഏത് ജനാധിപത്യവിരുദ്ധതക്കും ഭീകരതക്കും സമ്മതിയൊരുക്കുന്ന അജന്‍ഡയാണ് മാധ്യമങ്ങളെ ഭരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ നിറയുന്നതാകട്ടെ ജനാധിപത്യവിരുദ്ധതയും കാപട്യവുമാണ്. സമൂഹത്തിലെ ജനാധിപത്യശോഷണത്തിന്റെ കണ്ണാടിയായി സമൂഹമാധ്യമങ്ങളെ കാണാം-- എന്‍ രാജേഷ് അനുസ്മരണം ഉദ്ഘാടനംചെയ്ത് സ്പീക്കര്‍ പറഞ്ഞു.

സംഘടിതമായും ആസൂത്രിതമായും സൂക്ഷ്മമായുമുള്ള അസത്യവും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുകയാണ്. മാധ്യമസ്വാതന്ത്ര്യം എന്നത് ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പൂരകമാണ്. ഇത് മറന്നുപോകരുത്. ഇന്ന് മുട്ടില്‍ നിവര്‍ന്നുനില്‍ക്കാന്‍ കൂടിയാകാത്തവിധം ദുര്‍ബലമായി മാധ്യമങ്ങള്‍. നാട് കുഴിയിലേക്ക് കാല്‌നീട്ടിനില്‍ക്കുമ്പോള്‍  തലകുനിച്ചിരിക്കുന്ന മാധ്യമങ്ങള്‍ ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും ദുര്‍ബലമാക്കി.

താലിബാന്‍ അഫ്ഘാനിസ്ഥാന്‍ കീഴടക്കുമ്പോള്‍ അവരെ സൃഷ്ടിച്ചത് അമേരിക്കന്‍ സാമ്രാജ്യത്വമാണെന്ന സത്യം മറച്ചുവയ്ക്കുന്നുണ്ട്. അഫ്ഗാനില്‍ നിന്നും ഭൂമിശാസ്ത്രപരമായി മാത്രമല്ലാത്ത അടുപ്പമുള്ള ഇന്ത്യയില്‍  അരങ്ങേറുന്ന സംഭവങ്ങള്‍ വിലയിരുത്താനോ പറയാനോ ഉള്ള ആര്‍ജവം ഭൂരിഭാഗവും കാട്ടുന്നില്ല. സത്യത്തോടും ജനങ്ങളോടുമാകണം പ്രതിബദ്ധത എന്നത് മാധ്യമങ്ങള്‍ മറന്നുപോയതിന്റെ ദുരന്തമാണ് അനുഭവിക്കുന്നത് -- മാധ്യമം, സമൂഹമാധ്യമം അഭിപ്രായ സ്വാതന്ത്ര്യം എന്ന വിഷയം അവതരിപ്പിച്ച് സ്പീക്കര്‍ പറഞ്ഞു.

കലിക്കറ്റ് പ്രസ്‌ക്ലബ് മുന്‍ പ്രസിഡന്റായിരുന്ന എന്‍ രാജേഷിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് ചടങ്ങ് സംഘടിപ്പിച്ചത്. പ്രസ്‌ക്ലബ് പ്രസിഡന്റ് എം ഫിറോസ്ഖാന്‍ അധ്യക്ഷനായി. കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ പി റെജി, എന്‍ പി രാജേന്ദ്രന്‍, ഫാദര്‍ ജോണി കാഞ്ഞിരത്തിങ്കല്‍, ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. കമാല്‍ വരദൂര്‍ സ്വാഗതവും പി എസ് രാകേഷ് നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top