24 April Wednesday

ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചവരാണ് എല്‍ഡിഎഫ്; ഇടതുപക്ഷത്തില്‍ പ്രതീക്ഷ : മേധാ പട്ക‌ര്‍

വെബ് ഡെസ്‌ക്‌Updated: Sunday Jan 9, 2022

കൊച്ചി>  പ്രളയം, മഹാമാരി എന്നിവയുണ്ടായപ്പോള്‍ ജനങ്ങള്‍ക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിച്ചവരാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍. മികച്ച ദുരിതാശ്വാസ പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാര്‍ കാഴ്ചവെച്ചത്. വന്‍കിട പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളിലും എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ മികവ് കാണിക്കണമെന്നും മേധാപട്കര്‍ എറണാകുളം പ്രസ്‌ക്ലബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.

ഇടതുപക്ഷത്തില്‍ വളരെ പ്രതീക്ഷിക്കുന്നവരാണ് ഞങ്ങള്‍. കര്‍ഷക സമരത്തിന്റെ മുന്നില്‍ നിന്ന് നയിച്ചത് ഇടതുപക്ഷമാണ്. കര്‍ഷക സമരത്തോട് കാണിച്ച താല്‍പ്പര്യം കാസര്‍കോട് എന്‍ഡോസല്‍ഫാന്‍ ഇരകള്‍ക്ക് അര്‍ഹമായത് നല്‍കാനും കേരള സര്‍ക്കാര്‍ കാണിക്കണം. കാസര്‍ഗോഡ് മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാകണം. കര്‍ണ്ണാടകം അതിര്‍ത്തി അടച്ചതിനാല്‍ മഹാമാരിയുടെ കാലത്ത് ചികിത്സ കിട്ടാതെ നിരവധിപേരാണ് മരിച്ചത്. അത് ഇനിയും ആവര്‍ത്തിക്കരുത്. എന്‍ഡോ സള്‍ഫാന്‍ ഇരകള്‍ക്ക് സുപ്രീംകോടതി പ്രഖ്യാപിച്ച നഷ്ടപരിഹാര തുക മുഴുവനായും കൊടുത്ത് തീര്‍ക്കണമെന്നും അവര്‍ പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ സമര സമിതി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, നര്‍മ്മദ ബച്ചാവോ ആന്തോളന്‍ പ്രതിനിധി ദേവ്റാം കനേറ, എറണാകുളം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജിപ്സണ്‍ സിക്കേര, സെക്രട്ടറി സി എന്‍ റെജി തുടങ്ങിയവര്‍ മീറ്റ് ദ പ്രസില്‍ പങ്കെടുത്തു.കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അമ്മമാരായ മിസിരിയ, റംല, സെമീറ, സ്നേഹ എന്നിവര്‍ മേധാപട്കറെ പ്രസ് ക്ലബ്ബില്‍ സന്ദര്‍ശിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top