19 March Tuesday

മന്ത്രി എം ബി രാജേഷ് ഇടപെട്ടു; മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിർമ്മാണക്കുരുക്കഴിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

തിരുവനന്തപുരം> മന്ത്രി എം ബി രാജേഷിന്റെ  ഇടപെടലിലൂടെ ചേർത്തല നഗരസഭ നിർമ്മിക്കാനൊരുങ്ങുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മാണത്തിൽ ഉണ്ടായിരുന്ന തടസങ്ങൾ ഒഴിയുന്നു. തിരുവനന്തപുരത്ത് മന്ത്രി എം ബി രാജേഷിന്റെ ചേമ്പറിൽ വിളിച്ചുചേർത്ത യോഗത്തിലാണ് പ്ലാന്റിനെതിരായിട്ടുള്ള തടസവാദങ്ങളിൽ ധാരണയായത്.

ചേർത്തല നഗരസഭാ വക ആനതറ വെളിയിലുള്ള ശ്മശാന ഭൂമിയിൽ സെപ്റ്റിടാങ്ക് മാലിന്യം സംസ്കരിക്കുന്നതിനായാണ് ആധുനിക പ്ലാൻറ് വിഭാവനം ചെയ്‌തിരുന്നത്. പ്രതിദിനം 250 കിലോ ലിറ്റർ ശേഷിയുള്ള സംസ്കരണ പ്ലാന്റ് നിർമ്മിക്കാൻ 7.7 കോടി രൂപ സർക്കാർ റീ ബിൽഡ് കേരള പദ്ധതിയിൽപെടുത്തി അനുവദിച്ചിരുന്നു. കഴിഞ്ഞവർഷം ആദ്യം അനുമതി ലഭിച്ച പദ്ധതിക്കെതിരായിട്ട് പ്ലാന്റിന്റെ പരിസരത്ത് ഉണ്ടായിരുന്ന കെവിഎം ഹോസ്‌പിറ്റൽ കിൻഡർ ഹോസ്‌പിറ്റൽ എന്നീ ആശുപത്രികളിലെ മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് പ്ലാൻറ് നിർമ്മാണം പ്രതിസന്ധിയിലായി.

ചേർത്തലയിലും പരിസരപ്രദേശങ്ങളിലും പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും ശുചിമുറിമാലിനും തള്ളുന്നത് രൂക്ഷമായതോടെയാണ് ഇത് ശാസ്‌ത്രീയമായി സംസ്‌കരിക്കാനുള്ള പ്ലാൻറ് അടിയന്തരമായി പ്രവർത്തനമാരംഭിക്കണം എന്ന ആവശ്യം ഉയർന്നു വന്നത്. ഇതിനിടയിൽ പ്ലാന്റിന് എതിരായ കേസുകൾ ഹൈക്കോടതി തള്ളുകയും പരാതിക്കാർ സർക്കാരിനെ സമീപിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്‌തു. ഇതിനെ തുടർന്നാണ് തദ്ദേശ മന്ത്രി തന്നെ നേരിട്ട് വിഷയത്തിൽ ഇടപെട്ടത്.

ചർച്ചയിൽ ആശുപത്രിയെ മാനേജ്മെന്റ് പ്രതിനിധികളും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും ഉയർത്തിയ ആശങ്കകൾക്ക് മന്ത്രി വിശദീകരണം നൽകി. അതോടൊപ്പം  തിരുവനന്തപുരം  മുട്ടത്തറയിലെയും മെഡിക്കൽ കോളേജിലെയും ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റുകൾ നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെടുവാനും എല്ലാ കക്ഷികളോടും മന്ത്രി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ജനുവരി ഒന്നിന് നഗരസഭയുടെ നേതൃത്വത്തിൽ പരാതിക്കാരെ ഈ പ്ലാന്റുകൾ കൊണ്ടുപോയി കാണിച്ച് പ്രവർത്തനങ്ങൾ ബോധ്യപ്പെടുത്തുവാൻ യോഗം തീരുമാനിച്ചു. മന്ത്രി ചേർത്തലയിൽ നേരിട്ട് എത്തി സ്ഥലം സന്ദർശിച്ച് പരിസരവാസികളുടെ ആശങ്കകൾ അകറ്റാനും തുടർന്ന് ഫെബ്രുവരി പത്തോടെ പ്ലാന്റിന്റെ തറക്കല്ലിടൽ നടത്തുവാനും യോഗത്തിൽ ധാരണയായി.

യോഗത്തിൽ പരാതിക്കാർക്ക് പുറമേ മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ് എം സി ദത്തൻ, തദ്ദേശസ്വയംഭരണ വകുപ്പ് (നഗരകാര്യം) ജോയിന്റ് ഡയറക്ടർ കെ ഹരികുമാർ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എം സുരേശൻ നഗരസഭ ചെയർപേഴ്‌സൺ ഷേർലി ഭാർഗവൻ വൈസ് ചെയർമാൻ ടി എസ് അജയകുമാർ മുനിസിപ്പൽ സെക്രട്ടറി ടി കെ സുജിത്ത്  തുടങ്ങിയവർ സംബന്ധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top