28 March Thursday

മന്ത്രി നിർദേശിച്ചു; സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റ് തിരുത്തി നൽകി

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

തിരുവനന്തപുരം> കണ്ണൂർ കേളകം നടിക്കാവിലെ പി എൻ സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തിനൽകിയതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു. കുട്ടിയുടെ അച്ഛന്റെ പേര് തെറ്റായി രേഖപ്പെടുത്തിയതാണ് തിരുത്തിയത്. എട്ട് വർഷമായി സുകുമാരി ഓഫീസുകൾ കയറിയിറങ്ങിയിട്ടും സാങ്കേതിക തടസങ്ങൾ കാരണം തിരുത്തൽ നടക്കാതിരുന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടയുടൻ കണ്ണൂർ ജില്ലാ ജനനമരണ രജിസ്ട്രാർ കൂടിയായ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോ. ഡയറക്ടർ ടി ജെ അരുണിനെ വിഷയം പരിശോധിച്ച് അടിയന്തിരമായി പരിഹരിക്കാൻ മന്ത്രി ചുമതലപ്പെടുത്തിയിരുന്നു.

നിർദേശം ലഭിച്ചയുടൻ ജില്ലാ ജോ. ഡയറക്ടർ തലശേരി നഗരസഭാ രജിസ്ട്രാറിൽ നിന്നും സുകുമാരിയമ്മയിൽ നിന്നും വിവരങ്ങൾ തേടി. മതിയായ രേഖകളുടെ അഭാവത്തെക്കുറിച്ച് അപേക്ഷകയെ ബോധ്യപ്പെടുത്തി. അപേക്ഷ തീർപ്പാക്കുന്നതിന് ആവശ്യമായ രേഖകൾ ലഭ്യമാക്കുന്നതിനുള്ള പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ഇങ്ങനെ രേഖകൾ ഹാജരാക്കിയ ഉടൻ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി, ആവശ്യമായ തിരുത്തലുകൾ ഓൺലൈനിൽ നടത്തുകയും, തിരുത്തിയ ജനന സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്തു. വിഷയത്തിൽ സജീവമായി ഇടപെട്ട കണ്ണൂർ ജില്ലാ കളക്ടറും തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിൻറ് ഡയറക്ടറും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു.

ജനപക്ഷത്ത് നിന്നുള്ള സർക്കാർ ഇടപെടലുകളുടെ മറ്റൊരു ഉദാഹരണമാണ് ഈ നടപടിയെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. മനുഷ്യൻറെ അടിസ്ഥാന പ്രശ്നങ്ങളെ പരിഹരിക്കുകയാണ് നിയമങ്ങളുടെയും ചട്ടങ്ങളുടെയും ആദ്യലക്ഷ്യം. നിയമപരമായ എല്ലാ നടപടികളും സമയബന്ധിതമായി ലഭ്യമാക്കാൻ ഉദ്യോഗസ്ഥരും തയ്യാറാണ്. സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങൾക്കും ഹാജരാക്കേണ്ട രേഖകൾ സംബന്ധിച്ച് കൃത്യമായ നിർദേശം സർക്കാർ നൽകിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ ഓഫീസുകളുടെ സേവന ബോർഡുകളിലും പൗരാവകാശ രേഖയിലും ഈ വിവരങ്ങൾ ലഭ്യമാണ്. ഓൺലൈനായി അപേക്ഷകൾ നൽകാൻ സംവിധാനമൊരുക്കിയിട്ടുള്ള www.citizen.lsgkerala.gov.in പോർട്ടലിൽ അപേക്ഷകൾ നൽകുന്നിടത്ത് അതോടൊപ്പം നിർബന്ധമായും ഹാജരാക്കേണ്ട രേഖകളും, ഫീസ് ആവശ്യമാണെങ്കിൽ ആ വിവരവും നൽകിയിട്ടുണ്ട്.

ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്താൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു. ഒരു സേവനം ലഭിക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും അപേക്ഷയ്ക്കൊപ്പം നൽകുന്നുവെന്ന് ഉറപ്പാക്കണം. ഇത് സമയബന്ധിതമായി സേവനം ലഭിക്കുന്നതിന് സഹായിക്കും. അപേക്ഷകൾ സമർപ്പിച്ചാൽ, രസീതിനൊപ്പം തന്നെ കുറവുള്ള രേഖകളുടെ വിശദാംശങ്ങളും അപേക്ഷകന് നൽകണമെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജനന രജിസ്റ്റർ ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകളുടെ തിരുത്തലിന്, നിർബന്ധമായും ഹാജരാക്കേണ്ട രേഖകൾ സഹിതം സിറ്റിസൺ പോർട്ടലിൽ അപേക്ഷിക്കാം. രേഖകളിൽ തെറ്റുകളുണ്ടെങ്കിൽ അത് തിരുത്താൻ, ഈ സൗകര്യം പരമാവധി ആളുകൾ ഉപയോഗിക്കണമെന്നും മന്ത്രി നിർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top