20 April Saturday

സ്‌നേഹം നിറച്ചവരെ അഭിനന്ദിച്ച് മന്ത്രി

സ്വന്തം ലേഖികUpdated: Friday Feb 3, 2023

കരിമഠം കോളനി സന്ദർശിച്ച മന്ത്രി എം ബി രാജേഷ് മണക്കാട് വാർഡിലെ ഹരിത സേനാ അംഗങ്ങളെ അഭിനന്ദിക്കുന്നു.
മേയർ ആര്യ രാജേന്ദ്രൻ സമീപം

തിരുവനന്തപുരം> മാസവരുമാനത്തിൽനിന്ന് വിശക്കുന്നവർ‌ക്ക് അന്നമൂട്ടാനിറങ്ങിയ ഹരിതകർമസേനയെ നേരിട്ടെത്തി അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്. 60 വയസ്സുകഴിഞ്ഞ ഒറ്റപ്പെട്ട്‌ താമസിക്കുന്നവർക്കും രോഗികൾക്കും അവശ്യസാധനങ്ങളടങ്ങിയ കിറ്റെത്തിക്കുന്ന മണക്കാട് വാർഡിലെ ‌‍ഹരിതകർമസേനയെപ്പറ്റിയറിഞ്ഞ്‌ എത്തിയതാണ് മന്ത്രി. മാസശമ്പളത്തിൽനിന്ന്‌ 1000 രൂപയാണ്‌ കിറ്റിനുവേണ്ടി ഇവർ ചെലവഴിക്കുന്നത്. 16 സ്‌ത്രീകളുടെ അധ്വാനത്തിന്റെ ഒരു വിഹിതമാണ്‌ ഈ സ്‌നേഹക്കിറ്റുകൾ. ശമ്പളവർധനയ്ക്കനുസരിച്ച് കൂടുതൽ പേരിലേക്ക് കിറ്റുകളും സഹായങ്ങളും എത്തിക്കുമെന്ന് കരിമഠത്തെ താമസക്കാരായ ഹരിതകർമ സേന അറിയിച്ചു. ആറുമാസം മുമ്പാണ്‌ ഇവർ സേനയുടെ ഭാ​ഗമാകുന്നത്. 
 
സാമൂഹിക പ്രതിബദ്ധതയും സത്യസന്ധതയും നിലനിർത്തിക്കൊണ്ട് ശുചീകരണത്തിന്‌ നേതൃത്വം വഹിക്കുന്നവരാണ് ഹരിതകർമ സേനയെന്ന് മന്ത്രി പറഞ്ഞു. മാലിന്യക്കുപ്പയിൽനിന്ന്‌  5 ലക്ഷം രൂപ കിട്ടിയപ്പോൾ ഉടമസ്ഥന് തിരികെ നൽകിയ കാസർകോട്ടെ ഹരിതകർമസേനയുടെ മാതൃകയാണ് ഓരോ അംഗങ്ങളും. ഹരിതകർമസേന പ്രവർത്തനങ്ങൾക്ക് പരിരക്ഷ നൽകി മാലിന്യ ശേഖരണ, നിർമാർജന പ്രവർത്തനങ്ങൾക്കു വേണ്ട നിയമനിർമാണ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. കോർപറേഷനിലെ യൂസർഫീ ഒരുകോടിയിലേക്ക് എത്തിക്കാൻ പ്രയത്നിക്കണമെന്നും മന്ത്രി സേനാം​ഗങ്ങളോട് നിർദേശിച്ചു.  കോർപറേഷൻ നടത്തുന്ന ശുചിത്വ പരിപാലനം മേയർ ആര്യ രാജേന്ദ്രൻ മന്ത്രിയോട് വിശദീകരിച്ചു. ഹെൽത്ത് സൂപ്പർവൈസർ ബിജു, ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജ് സുഭാഷ്, ജെഎച്ച്‌ഐ സിന്ധ്യ ലക്ഷ്മി എന്നിവരും ഒപ്പമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top