21 March Tuesday

ലഹരിക്കെതിരെ സർക്കാർ സ്വീകരിക്കുന്നത് ശക്തമായ നടപടി: മന്ത്രി എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

തിരുവനന്തപുരം> ലഹരിക്കെതിരെ ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ലഹരി ഉപഭോഗത്തെയും അത് സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളെയും വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും മന്ത്രി എം ബി രാജേഷ്. കരുനാഗപ്പള്ളി കേസിൽ എല്ലാ പ്രതികളെയും പിടികൂടിയെന്നും രാഷ്ട്രീയം നോക്കിയല്ല സർക്കാർ നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്നും മറ്റുമായി ബന്ധപ്പെട്ട കേസുകളിൽ മാത്രമല്ല ഒരു കേസിലും പ്രതികളുടെ രാഷ്ട്രീയ ബന്ധമോ മറ്റെന്തെങ്കിലും സ്വാധീനമോ നോക്കി പ്രതി ചേർക്കുകയോ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കുകയോ ചെയ്യുന്ന രീതി എൽ ഡി എഫ് സർക്കാരിനില്ല എന്നത് സുവ്യക്തമാണ്. അതുകൊണ്ട് അടിയന്തിര പ്രമേയ നോട്ടീസിലെ ആരോപണത്തെ  കയ്യോടെ തള്ളിക്കളയുകയാണ്.

ലഹരി ഉപഭോഗവും വ്യാപാരവും സമൂഹത്തിൽ സൃഷ്ടിക്കുന്ന ഭീഷണി ഇതിനകം ഈ സഭയിൽ ഉന്നയിക്കപ്പെട്ട വിഷയമാണ്. ലഹരിവിരുദ്ധ പോരാട്ടം നാടാകെ അണി നിരക്കുന്ന പ്രതിരോധമായി വളർത്താൻ നമുക്ക് കഴിയുന്നു. നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ ആഹ്വാനമനുസരിച്ച്,  നമ്മളൊന്നാകെ ഏറ്റെടുത്ത് വിപുലമായ ലഹരിവിരുദ്ധ ക്യാമ്പയിൻ (NO TO DRUGS) ഇക്കഴിഞ്ഞ നവംബർ മുതൽ ഈ ജനുവരി 26 വരെ സംഘടിപ്പിക്കുകയുണ്ടായി. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ, സാമുദായികവും മറ്റുമായ ഭേദമെന്യേ സമൂഹം ഒന്നടങ്കം അണി നിരന്ന അതിവിപുലമായ പ്രചരണ പരിപാടികൾ സംഘടിപ്പിക്കാൻ കഴിഞ്ഞു. വിവിധ വകുപ്പുകൾ ആ ക്യാമ്പയിനിൽ പങ്കാളികളായി. കേവലമായ പ്രചരണം മാത്രമല്ല, എൻഫോഴ്സ്മെന്റും ശക്തിപ്പെടുത്തി. എക്സൈസും പോലീസും വനംവകുപ്പും ഏകോപിതമായി അതിതീവ്രമായ ലഹരിവേട്ടയാണ് സംസ്ഥാനത്തൊട്ടാകെ നടത്തിയത് .

കഴിഞ്ഞ വർഷം  6116 എൻഡിപിഎസ് കേസുകൾ എക്സൈസ് വകുപ്പ് മാത്രം കണ്ടെത്തിയിട്ടുണ്ട്. ഈ കേസുകളിൽ ഉൾപ്പെട്ട 6031 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് ഈ വർഷം 25240 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിലായി 29514 പ്രതികളെ അറസ്റ്റു ചെയ്തിട്ടുണ്ട്. കൂടാതെ മയക്കു മരുന്നുകേസുകളിൽ സ്ഥിരം കുറ്റവാളികളായ 228 പ്രതികൾക്കെതിരെ PIT-NDPS ACT പ്രകാരം നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. 2023 ജനുവരി മാസത്തിൽ മാത്രം പോലീസ് 1469 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

2022 ൽപുകയില ഉല്പന്നങ്ങളുടെ കടത്തുമായി ബന്ധപ്പെട്ട COTPA പ്രകാരം 86114 കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിലുൾപ്പെട്ട 38424 കി. ഗ്രാം പുകയില ഉല്പന്നങ്ങൾ എക്സൈസ് പിടിച്ചെടുത്തിട്ടുമുണ്ട്. ഇതിലൂടെ 1 കോടി 70 ലക്ഷം രൂപ ഫൈൻ ഇനത്തിൽ ഈടാക്കിയിട്ടുമുണ്ട്. ലഹരിക്കെതിരായി സമഗ്രമായ പ്രതിരോധ പ്രവർത്തനങ്ങളാണ് സർക്കാർ ആവിഷ്ക്കരിച്ചിട്ടുള്ളത്. നേരത്തെ പറഞ്ഞ പ്രചരണ പരിപാടികൾക്കും എൻഫോഴ്സ് മെന്റ് പ്രവർത്തനങ്ങൾക്കും ഒപ്പം തന്നെ ലഹരിക്ക് അടിമപ്പെട്ടവർക്ക് ചികിത്സ നൽകുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. എക്സൈസ് വകുപ്പും ആരോഗ്യവകുപ്പും സഹകരിച്ചു കൊണ്ട് എല്ലാ ജില്ലകളിലും ഡീ അഡീക്ഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

സംസ്ഥാനത്ത് 3 മേഖലകളിലായി ടെലിഫോണിക് കൗൺസിലിംഗ്‍ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കൗൺസിലിംഗ് കേന്ദ്രങ്ങൾ പ്രവർത്തിച്ചുവരുന്നു. എല്ലാ ജില്ലകളിലും ശാസ്ത്രീയമായ കൗൺസിലിംഗ് സൗകര്യം ഉറപ്പുവരുത്തുന്നതിനായി എക്സൈസ് വകുപ്പിലെ തെരഞ്ഞെടുക്കപ്പെട്ട140 ഉദ്യോഗസ്ഥർക്ക് ബാംഗ്ലൂർ നിംഹാൻസിന്റെ പ്രത്യേക പരിശീലനം നല‍്കി കൗൺസിലിംഗ് പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്.

കരുനാഗപ്പള്ളിയിൽ പിടികൂടിയത് പുകയില ഉത്പന്നങ്ങളാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇപ്പോഴും വില്പനാനുമതിയും പ്രചാരത്തിലുള്ളതുമായ ഇത്തരം പുകയില ഉല്പന്നങ്ങൾ കേരള സർക്കാർ നിരോധിച്ചിട്ടുള്ളതാണ്. ആ നിരോധിത പുകയില ഉല്പന്നങ്ങൾ സംസ്ഥാനത്തേക്ക് കടത്തിക്കൊണ്ടു വന്നപ്പോഴാണ് കേരളാ പോലീസ് പിടികൂടിയത്. അതിലെ പ്രതികളെയും പിടികൂടി. ഇവ കടത്തിക്കൊണ്ടു വരാൻ പ്രതികൾ ഉപയോഗിച്ച ലോറി ആലപ്പുഴയിലെ നഗരസഭാംഗവും സിപിഐ എം പ്രവർത്തകനുമായ ഒരാളുടെ ഉടമസ്ഥതയിലുള്ളതാണ്. പ്രസ്തുത ലോറി മറ്റൊരാൾക്ക് വാടകയ്ക്ക് നല്കിയിരിക്കുകയായിരുന്നു. വാടകയ്ക്ക് എടുത്തയാളും കൂട്ടുപ്രതികളുമാണ് ഈ നിരോധിത വസ്തുക്കൾ കടത്തിക്കൊണ്ടുവരാൻ ആ വാടകലോറി ഉപയോഗിച്ചത്. ലോറി ഉടമസ്ഥനും അതിൽ പങ്കുണ്ടെങ്കിൽ പ്രതിയാകും, നിയമത്തിന് മുന്നിൽ കൊണ്ടുവരും. പോലീസ് അന്വേഷണം നടന്നുവരികയാണ്. ഇതേവരെ ലോറി ഉടമയെ പ്രതിയാക്കാനുള്ള തെളിവ് ലഭിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്.

പ്രതിപക്ഷം ആരോപിക്കുന്നതുപോലെ, പ്രതികളെ രക്ഷിക്കാൻ ഒരു നീക്കവും പൊലീസോ സർക്കാരോ സിപിഐഎമ്മോ നടത്തുന്നില്ല. നേരത്തെ പറഞ്ഞതുപോലെ, കടത്തിക്കൊണ്ടു വന്ന നിരോധിതവസ്തുക്കളും കടത്തുകാരായ പ്രതികളെയും അതിനുപയോഗിച്ച വാഹനവുമെല്ലാം പിടിച്ചെടുത്തത് ഈ സർക്കാരിന്റെ കീഴിലെ പോലീസ് തന്നെയാണല്ലോ. ആരെയെങ്കിലും രക്ഷിക്കാനാണെങ്കിൽ ഈ സംഭവം തന്നെ ഭരണ സ്വാധീനം ഉപയോഗിച്ച് മൂടിവയ്ക്കാമായിരുന്നല്ലോ. യു ഡി എഫ് ഭരണകാലത്ത് ചെയ്തിരുന്നതുപോലെ സ്വന്തക്കാരെ രക്ഷിക്കാൻ കേസുകൾ / അന്വേഷണം അട്ടിമറിയ്ക്കുന്ന സ്വഭാവം ഞങ്ങൾക്കില്ല എന്ന് ഉറപ്പിച്ചുപറയുന്നു.

ഈ സംഭവത്തിൽ തന്നെ, പൊലീസ് അന്വേഷണത്തിൽ ലോറി ഉടമസ്ഥൻ പ്രതി ചേർക്കപ്പെട്ടിട്ടില്ല, പ്രതിയാക്കാനുള്ള തെളിവ് ലഭിച്ചിട്ടില്ല. എന്നാൽ സിപിഐ എം സ്വീകരിച്ച നിലപാടെന്താണ് ? പാർട്ടിയുടെ ഒരു പ്രധാന പ്രവർത്തകൻ, ജനപ്രതിനിധിയായ ആൾ തന്റെ ഉടമസ്ഥതയിലുള്ള വാഹനം വാടകയ്ക്ക് കൊടുക്കുമ്പോൾ പുലർത്തേണ്ടുന്ന ജാഗ്രതയും സൂക്ഷ്മതയും പുലർത്തിക്കാണുന്നില്ല എന്നു കണ്ടപ്പോൾ അദ്ദേഹത്തെ പാർട്ടി അംഗത്വത്തിൽ നിന്നും തന്നെ സസ്പെന്റ് ചെയ്തു.

മാധ്യമങ്ങളും വലതുപക്ഷവും ആർത്തുവിളിച്ചതു കൊണ്ടുമാത്രം ഒരാളെ പ്രതിയാക്കാനോ ശിക്ഷിക്കാനോ കഴിയില്ല. അതിന്റെ ദുരനുഭവവും ആലപ്പുഴ ജില്ലയിൽ തന്നെ ഉണ്ടായിട്ടുണ്ട്. ഓമനക്കുട്ടന്റെ അനുഭവം ഓർമ്മയിൽ വേണം. സിപിഐ എമ്മിന്റെ സാധാരണ പ്രവർത്തകനായ സഖാവിനെ കള്ളനും അഴിമതിക്കാരനുമാക്കി മാധ്യമവിചാരണയും വലതുപക്ഷ ബഹളവും നടന്നുവല്ലോ. അതിലെ യഥാർത്ഥ സംഗതി പുറത്തുവന്നപ്പോഴേക്കും നിസ്വനായ ഒരു പൊതുപ്രവർത്തനും എംബിബിഎസിന് പഠിക്കുകയായിരുന്ന അദ്ദേഹത്തിന്റെ മകൾ ഉൾപ്പെടുന്ന കുടുംബവും എത്രമാത്രം ക്രൂരമായിട്ടാണ് വേട്ടയാടപ്പെട്ടത്. മാധ്യമങ്ങളുടെയും വലതുപക്ഷത്തിന്റെയും നിക്ഷിപ്ത പ്രചരണത്തിന്റെമാത്രം പിറകെ പോയി ആരെയെങ്കിലും പ്രതിയോ കുറ്റവാളിയോ ആക്കാൻ കഴിയില്ല. . നിയമപരമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് നടപടി സ്വീകരിക്കുന്നത്. അത്തരം തെളിവുകൾ ലഭ്യമായാൽ ആർക്കും കേസിൽ നിന്നും ഇളവു ലഭിക്കുകയുമില്ല.

മയക്കു മരുന്നിന് പിന്നിലുള്ള ശക്തികൾ ആരായാലും അവരെ ശക്തമായി എതിർക്കാനും നിയമത്തിന് മുന്നിൽ കൊണ്ടു വരാനും നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട്. തീർച്ചയായും വലിയ തോതിൽ നമ്മെയെല്ലാം ആശങ്കപ്പെടുത്തുകയും അലോസരപ്പെടുത്തുകയും ചെയ്യുന്ന സംഗതി തന്നെയാണ് ലഹരി വ്യാപനവുമായി ബന്ധപ്പെട്ടുള്ളത്. മയക്കുമരുന്ന് കേസുകളിൽ പെട്ടഎല്ലാ സംഭവങ്ങളിലും ഉൾപ്പെട്ട പ്രതികളെ ഒട്ടും വൈകാതെ തന്നെ പിടികൂടാനും നിയമത്തിനു മുന്നിൽ എത്തിക്കാനും സാധിച്ചിട്ടുണ്ട്. നമ്മുടെ സഭയിൽ നേരത്തെ സൂചിപ്പിച്ചതുപോലെ ഈ വിഷയം പ്രത്യേകമായി ചർച്ച ചെയ്തിള്ളതിനാൽ സഭ നിർത്തി വച്ച് വീണ്ടും ഈ വിഷയം ചർച്ച ചെയ്യേണ്ടുന്ന അടിയന്തിര സാഹചര്യം ഇല്ലാത്തതിനാൽ അടിയന്തിര പ്രമേയ നോട്ടീസ് നിരാകരിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top