29 March Friday

മത്സ്യതൊഴിലാളികളുടെ ക്ഷേമം ഇടതുപക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

കൊല്ലം> മത്സ്യതൊഴിലാളികളുടെ ക്ഷേമം ഇടതുപക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷൻ സംഘടിപ്പിച്ച മത്സ്യതൊഴിലാളി സംഗമം കൊല്ലം തങ്കശ്ശേരിയിൽ ഉ​​ദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് തീരദേശ മേഖലയ്ക്കുള്ള എല്ലാ അവകാശങ്ങളും കേന്ദ്ര സർക്കാർ കവർന്നെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുന്‍ കേന്ദ്ര സര്‍ക്കാരും ഇപ്പോഴത്തെ ബിജെപി സര്‍ക്കാരും മത്സ്യമേഖലയെ തകര്‍ത്തു. കേന്ദ്രം പുതിയ ഫിഷറീസ് നയം കൊണ്ടുവരുന്നത് കുത്തകകളെ സഹായിക്കുന്നതിനാണ്. ജനങ്ങളെ ബന്ധപ്പെടുന്ന എല്ലാ കാര്യങ്ങളും കോർപ്പറേറ്റുകൾക്ക് എഴുതി കൊടുക്കുന്നതാണ് കേന്ദ്രത്തിന്റെ നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മൽസ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ ആവുന്നതെല്ലാം കേരളത്തിൽ എൽഡിഎഫ്‌ സർക്കാർ ചെയ്‌തുവരികയാണ്‌. കേന്ദ്രം ഭരിച്ച നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ മത്സ്യബന്ധനം വിദേശ ട്രോളറുകൾക്ക് തുറന്നുകൊടുത്തു. ബിജെപി സർക്കാരാവട്ടെ ഒരു പടികൂടി മുന്നോട്ടുപോയി തീരക്കടലിനുമേൽ സംസ്ഥാന സർക്കാരുകൾക്കുള്ള നിയന്ത്രണാവകാശംകൂടി കവരുന്നു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ അത്‌ വെല്ലുവിളി സൃഷ്ടിക്കും.

ബ്ലൂ ഇക്കണോമി എന്ന പേരിൽ മത്സ്യബന്ധന മേഖലയിൽ നടപ്പാക്കുന്ന പുത്തൻ സാമ്പത്തിക നയങ്ങളാകട്ടെ അത്തരം വെല്ലുവിളികളുടെ ആക്കം കൂട്ടും. ഗാട്ട് കരാറും ഡങ്കൽ നിർദ്ദേശങ്ങളും അംഗീകരിച്ച കാലത്ത്‌ കോൺഗ്രസ്‌ പറഞ്ഞത് രാജ്യത്തെ കർഷകർക്ക് കൂടുതൽ അവസരവും വിപണിയും ലഭ്യമാക്കുമെന്നാണ്‌. എന്നാൽ, അതിനുശേഷം മൂന്ന്‌ പതിറ്റാണ്ടിനടുത്തെത്തുമ്പോൾ ഇന്ത്യയിലെ കാർഷികമേഖല വലിയ തകർച്ച നേരിടുന്ന കാഴ്ചയാണ്. ബ്ലൂ ഇക്കണോമി നയങ്ങൾ മത്സ്യമേഖലയിൽ സമാനമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top