20 April Saturday

അങ്ങനെ ഒരു പെണ്‍കുട്ടിയേ ഇല്ല, 'ചായം എറിയരുത്; കൈകൂപ്പി കരഞ്ഞപേക്ഷിച്ച് പെണ്‍കുട്ടി' എന്ന മാതൃഭൂമി വാര്‍ത്ത വ്യാജമെന്ന് അധികൃതര്‍

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023

Representative Image

മലപ്പുറം> പരീക്ഷ അവസാനിച്ചതിന്റെ സന്തോഷത്തില്‍ വസ്ത്രത്തില്‍ ചായം തേക്കാനെത്തിയ സഹപാഠികളോട്  വിദ്യാര്‍ഥി കരഞ്ഞപേക്ഷിച്ചെന്ന് പറയുന്ന മാതൃഭൂമി  വാര്‍ത്ത വ്യാജമെന്ന് പൊലീസും സ്‌കൂള്‍ അധികൃതരും. 'അനുജത്തിക്ക് കൂടി ഉപയോഗിക്കാനുള്ള യൂണിഫോമാണ്, ചായം എറിയരുത്; കൈകൂപ്പി കരഞ്ഞപേക്ഷിച്ച് പെണ്‍കുട്ടി' എന്നായിരുന്നു മാതൃഭൂമി  വാര്‍ത്ത. എന്നാല്‍ ഇത് വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

മലപ്പുറം കാളികാവിലെ മലയോര മേഖലയിലെ പ്രധാന സ്‌കൂളിനെ ഉദ്ധരിച്ച് വന്ന വാര്‍ത്തയില്‍ 'അങ്ങനെയൊരു പെണ്‍കുട്ടിയേ ഇല്ല'യെന്ന് തങ്ങളുടെ അന്വേഷണത്തില്‍ ബോധ്യമായതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

ദയനീയരംഗം കണ്ട പൊലീസ് രണ്ടാമതൊന്നാലോചിച്ചില്ല, പെണ്‍കുട്ടിയുടെ അടുത്തെത്തി മറ്റുകുട്ടികളെ മാറ്റി നിര്‍ത്തി പെണ്‍കുട്ടിക്ക് രക്ഷ ഒരുക്കി രംഗം ശാന്തമാക്കി എന്നും മാതൃഭൂമി തട്ടിവിട്ടു.വാര്‍ത്ത വൈറലായതിന് ശേഷം സഹായ വാഗ്ദാനവുമായി നിരവധി സന്നദ്ധ സംഘടനകള്‍ സ്‌കൂളിനെ ബന്ധപ്പെട്ടപ്പോഴാണ് വിഷയത്തെക്കുറിച്ച് അന്വേഷിച്ചതെന്നും കാളികാവ് ക്രസന്റ് എച്ച്എസ്എസ് അധികൃതർ പറയുന്നു.

'സംഭവ ദിവസം പ്ലസ്‌ടുവിന്റെ അവസാന പരീക്ഷാ ദിനമായിരുന്നു. അതിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തില്‍ സ്‌കൂള്‍ പരിസരത്തുവെച്ച് ആഘോഷപരിപാടികളൊക്കെ നടത്തിയിരുന്നു. എന്നാല്‍ സ്‌കൂള്‍ പരിസരത്ത് പൊലീസിന്റെ നിരീക്ഷണമുണ്ടായതിനാല്‍ കുട്ടികള്‍ തൊട്ടടുത്തുള്ള അമ്പലക്കുന്ന് മൈതാനിയില്‍ പോയി ആഘോഷം നടത്തുകയാണുണ്ടായത്.

'അതിന്റെ ഭാഗമായി വാഹനം ഓടിക്കുകയും, ചായം വിതറുകയുമൊക്കെയുണ്ടായി. എന്നാല്‍ ഇവിടെ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായിട്ടില്ല';അധ്യാപകർ പറഞ്ഞു.

കുട്ടികള്‍ ചായം തേക്കാന്‍ ഒരുങ്ങിയപ്പോള്‍ ഒരു പെണ്‍കുട്ടി അതിനെ എതിര്‍ത്ത് കൈകൂപ്പിയെന്നും തന്റെ അനിയത്തിക്കുള്ള യൂണിഫോമായതിനാല്‍ ചായം തേക്കരുതെന്ന്‌ പറഞ്ഞതായുമാണ് വാര്‍ത്തയിൽ. എന്നാല്‍, അങ്ങനെയൊരു പെണ്‍കുട്ടി തന്നെയില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ നടത്തിയ അന്വഷണത്തില്‍ നിന്ന് ബോധ്യമായത്‌.

അങ്ങനെ ഒരു വിഷയമുണ്ടായിട്ടില്ലെന്ന്  കാളികാവ് പൊലീസും വ്യക്തമാക്കി.'അത്തരത്തില്‍ ഒരു സംഭവം നടന്നിട്ടേയില്ല. ഇത് പത്രക്കാര്‍ എഴുതിയതാണ്. അത്തരത്തില്‍ എന്തെങ്കിലും സംഭവമുണ്ടെങ്കില്‍ ഞങ്ങള്‍ തന്നെ ഇടപെട്ട്  ചെയ്യുന്നതാണ്. അവര് സന്തോഷത്തോടെ പരസ്പരം ചായം തേച്ചതാണ്‌. പൊലീസ് ഇടപെട്ടിട്ടുമില്ല. പത്രക്കാര്‍ കൊടുത്തതാണ്. മുമ്പും അയാള്‍ ഇതുപോലൊരു വാര്‍ത്ത കൊടുത്തു. ഫേസ്‌ബു‌ക്കില്‍  പരിചയപ്പെട്ട ഭാര്യയെ തെരക്കി  ഒരാള്‍ വന്നു എന്ന് . 5 കൊല്ലം മുന്നെ ഉള്ള വാര്‍ത്തയാണ് അയാളിപ്പോള്‍ കൊടുക്കുന്നത്. അല്ലാത ഇതില്‍ ഒരു കാര്യമില്ല'-കാളികാവ് സിഐ പറഞ്ഞു

'ഓട്ടോഗ്രാഫുകളില്‍ ഒതുങ്ങിയിരുന്ന ഒപ്പ് ചാര്‍ത്തലും കുറിപ്പുകളും ഇപ്പോള്‍ യൂണിഫോം കുപ്പായത്തിലേക്കും ദേഹത്ത് ചായം പൂശലിലേക്കും എത്തി നില്‍ക്കുകയാണ്. നിലവില്‍ ഒരു ജോഡി യൂണിഫോമിന് ഏകദേശം ആയിരത്തോളം രൂപ ചിലവ് വരുന്നുണ്ട്. ആഴ്ചയില്‍ ഒട്ടുമിക്ക ദിവസങ്ങളിലും യൂണിഫോം ധരിച്ച് സ്‌കൂളില്‍ പോകേണ്ടതിനാല്‍ രണ്ട് ജോഡി യൂണിഫോം വിദ്യാര്‍ഥികള്‍ക്ക് ഉറപ്പായും വേണ്ടതായിട്ടുണ്ട്. രണ്ട് ജോഡി എടുക്കാന്‍ രണ്ടായിരത്തോളം രൂപ വരും' -എന്ന് തുടങ്ങി, നൂറ് ശതമാനം വ്യാജമായ വാര്‍ത്തക്ക് കൊഴുപ്പേകാന്‍ യൂണിഫോമിന്റെ വിലപോലും വിശദീകരിച്ചാണ് മാതൃഭൂമി വാര്‍ത്ത നല്‍കിയിരിക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top