26 April Friday

വ്യാജ വാര്‍ത്തയുമായി മാതൃഭൂമി: സര്‍ക്കാരിനെയും ആരോ​ഗ്യവകുപ്പിനെയും അവഹേളിക്കാന്‍ ശ്രമം

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023

സീതത്തോട്> ന്യുമോണിയ വന്ന് മരിച്ച ആദിവാസി പെൺകുട്ടി പട്ടിണി കാരണം മരിച്ചെന്ന്  വ്യാജവാർത്ത നൽകിയ മാതൃഭൂമി ന്യൂസിന്റെ  നടപടിക്കെതിരെ ഡിവൈഎഫ്ഐ മാർച്ച്‌ നടത്തി. സീതത്തോട് മാതൃഭൂമി ഓഫീസിലേക്ക്  ഡിവൈഎഫ്ഐ മൂഴിയാർ ആദിവാസി യൂണിറ്റ് കമ്മിറ്റി നേതൃത്വത്തിലാണ്  മാർച്ചും യോഗവും നടന്നത്.  സീതത്തോട്ടിലെ ജനങ്ങളെ ആകെ അപമാനിക്കുന്ന നിലപാടാണ് മാതൃഭൂമി സ്വീകരിച്ചത്. 

സുന്ദര ബാല്യം, സുഭിക്ഷ ബാല്യം  പദ്ധതിയിൽ  ദിവസവും മൂന്നു നേരവും ആദിവാസി ഊരിൽ ഭക്ഷണം എത്തിക്കുന്ന പദ്ധതി വർഷങ്ങളായി സീതത്തോട് പഞ്ചായത്ത് നടത്തിവരുന്നു. ട്രൈബൽ  വകുപ്പുകളുടെ ആനുകൂല്യങ്ങൾക്ക് പുറമേ എല്ലാ മാസവും ഭക്ഷണ കിറ്റും നൽകുന്നുണ്ട്.  മരിച്ച  പെൺകുട്ടി അസുഖബാധിതയായി എന്ന് അറിഞ്ഞപ്പോൾ തന്നെ സീതത്തോട് പി എച്ച്സിലെ ഡോ. വിൻസന്റ്  സേവ്യറുടെ നേതൃത്വത്തിൽ ഊരിൽ പോയി വൈദ്യസഹായം നൽകിയിരുന്നു. 

കെഎസ്ഇബിയിലെ ഡോ.  അനന്ദുവും ആവശ്യമായ വൈദ്യസഹായം നൽകി. അതിന് ശേഷം റാന്നി ആശുപത്രിയിലേക്ക് മാറ്റുകയും, അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്  കൊണ്ടുപോവുകയുമായിരുന്നു.  അവിടെ വച്ച് ന്യുമോണിയ ബാധിച്ചാണ്  മരിച്ചത്.  മരണത്തെ പോലും വ്യാജവാർത്തയായി  സംസ്ഥാന സര്‍ക്കാരിനെ രാഷ്ട്രീയമായി അവഹേളിക്കുന്ന  മാധ്യമപ്രവർത്തനമാണ് മാതൃഭൂമി ചെയ്യുന്നത്.
 
അർഹിക്കുന്ന അവജ്ഞയോടെയും പുച്ഛത്തോടെയും ഈ വാർത്തകളെ തള്ളിക്കളയണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. സീതത്തോട്ടിൽ നടന്ന പ്രതിഷേധ യോഗം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ജോബി ടി  ഈശോ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ മൂഴിയാർ ആദിവാസി യൂണിറ്റ് സെക്രട്ടറി രാജേഷ് അധ്യക്ഷനായി .  ബ്ലോക്ക് സെക്രട്ടറി ജയ്സൺ ജോസഫ് സാജൻ, പഞ്ചായത്ത് പ്രസിഡന്റ് പി ആർ പ്രമോദ്, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ എസ് സുമേഷ്, രമ്യ പ്രശാന്ത്, ആതിര ഷാനു, വി എം ശ്യാമ എന്നിവർ  സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top