27 April Saturday

യുഡിഎഫിന്‌ ട്രംപ്‌ കോംപ്ലക്‌സ്‌ ; ഒരുതരം തുടർഭരണ ഫോബിയ : മാത്യു ടി തോമസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

ലൈഫ്‌ പദ്ധതിയിൽ രണ്ടരലക്ഷത്തിലധികം പാവപ്പെട്ട കുടുംബങ്ങൾക്ക്‌ കിടപ്പാടം ഒരുക്കി. ഇത്‌ യുഡിഎഫിനെയും ബിജെപിയെയും തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്‌. അതുകൊണ്ടാണ്‌ ലൈഫിന്റെ പേരിൽ വിവാദങ്ങളുണ്ടാക്കുന്നത്‌. അതിന്‌ കേന്ദ്ര ഏജൻസികൾ കുടപിടിക്കുന്നു‌. ദേശീയതലത്തിൽ എതിരായി നിലകൊള്ളുന്ന  കോൺഗ്രസും ബിജെപിയും കേരളത്തിൽ ഒരേപോലെ ചിന്തിക്കുന്നു


എൽഡിഎഫിന്‌ തുടർഭരണം ഉണ്ടാകാൻ പോകുന്നു എന്ന തിരിച്ചറിവിൽ യുഡിഎഫിന്‌ ഒരുതരം തുടർഭരണ ഫോബിയ പിടിപെട്ടുവെന്ന്‌ ജനതാദൾ എസ്‌ സംസ്ഥാന പ്രസിഡന്റ്‌ മാത്യു ടി തോമസ്‌ എംഎൽഎ. പരാജയം അവർ സമ്മതിക്കില്ല. എല്ലാം തകർത്തുകളയുന്ന ട്രംപിന്റെ കോംപ്ലക്‌സാണ്‌ അവർക്ക്‌. തദ്ദേശ തെരഞ്ഞെടുപ്പിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി ‘ദേശാഭിമാനി’യോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ അനുഭവമാണ്‌ തെരഞ്ഞെടുപ്പിൽ മാറ്റുരയ്‌ക്കാൻ പോകുന്നത്‌. ഞങ്ങളോ, മുന്നണിയോ പറയുന്നതിനേക്കാൾ അനുഭവമാണ്‌ ജനങ്ങൾക്കിടയിൽ സ്വീകാര്യത നേടുന്നത്‌. ഇത്രമാത്രം വികസനമുണ്ടായ കാലഘട്ടം‌ മുമ്പ്‌ ഉണ്ടായിട്ടില്ല എന്നത്‌ കേരളം തിരിച്ചറിയുന്നു. അതുപോലെ ഇത്രമാത്രം പ്രകൃതിദുരന്തമുണ്ടായ കാലവും മുമ്പ്‌ ഉണ്ടായിട്ടില്ല എന്നതും. പ്രളയം, ഓഖി, ഇപ്പോൾ കോവിഡ്‌ കാലം–- കേരളം മറക്കാറായിട്ടില്ല. എല്ലാ ദുരന്തത്തിലും അതിജീവനത്തിനായി ഇടപെടുകയും ജനങ്ങളെ ചേർത്തുപിടിക്കുകയും ചെയ്‌ത സർക്കാരാണ്‌ എൽഡിഎഫിന്റെത്‌.

പ്രളയകാലത്ത്‌ 16,000 കോടിയും കോവിഡ്‌ കാലത്ത്‌ 19,000 കോടിയും പലിശരഹിത വായ്‌പയായി ലഭ്യമാക്കിയതിലൂടെ ജനങ്ങളുടെ വരുമാന സ്രോതസ്‌ വർധിപ്പിക്കാനായി. ക്ഷേമ പ്രവർത്തനങ്ങളും മുടക്കം കൂടാതെ നടപ്പാക്കി. 600 രൂപയായിരുന്ന ക്ഷേമ പെൻഷൻ 1400 ആക്കിയത്‌, അത്‌ വാങ്ങുന്നവരിൽ എൽഡിഎഫിന്‌ സ്വീകാര്യതയുണ്ടാക്കി. ആ യാഥാർഥ്യം ജനങ്ങൾ ഉൾക്കൊള്ളുന്നത്‌ യുഡിഎഫിന്‌ വിഭ്രാന്തിയാണുണ്ടാക്കുന്നത്‌. വികസന –- ക്ഷേമ പ്രവർത്തനങ്ങളുടെ ഗുണമനുഭവിക്കുന്ന സാധാരണ ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ്‌ യുഡിഎഫും ബിജെപിയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.

ലൈഫ്‌ പദ്ധതിയിൽ രണ്ടരലക്ഷത്തിലധികം പാവപ്പെട്ട കുടുംബങ്ങൾക്ക്‌ കിടപ്പാടം ഒരുക്കിയതിലൂടെ അവർക്ക്‌ ലഭിക്കുന്ന സുരക്ഷിതത്വവും സമാധാനവും ചെറുതല്ല. എന്നാൽ അതും യുഡിഎഫിനെയും ബിജെപിയെയും തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്‌. അതുകൊണ്ടാണ്‌ ലൈഫ്‌ പദ്ധതിയുടെ പേരിൽ വിവാദങ്ങളുണ്ടാക്കുന്നത്‌. അതിന്‌ കുടപിടിക്കുകയാണ്‌ കേന്ദ്ര ഏജൻസികളും ചെയ്യുന്നത്‌. ദേശീയതലത്തിൽ എതിരായി നിലകൊള്ളുന്ന അവർ കേരളത്തിൽ ഒരേപോലെ ചിന്തിക്കുന്ന, ഒരേ ലക്ഷ്യത്തിലേക്ക്‌ നീങ്ങുന്ന തൂവൽ പക്ഷികളാണ്‌.

കിഫ്‌ബിയിലൂടെ 60,000 കോടിയുടെ വികസനമാണ്‌ കേരളത്തിനുണ്ടായത്‌. അതിന്റെ ഫലം കിട്ടാത്ത പദ്ധതികളോ നാടോ ഇല്ല. കിഫ്‌ബിയെ ഏറ്റവുമധികം വിമർശിക്കുന്ന കോൺഗ്രസ്‌ എംഎൽഎയുടെ മണ്ഡലത്തിൽ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച്‌ പൂർത്തീകരിച്ച കുടിവെള്ള പദ്ധതി മന്ത്രിയായിരുന്നപ്പോൾ ഉദ്‌ഘാടനം ചെയ്‌തത്‌ ഞാനാണ്‌.പതിറ്റാണ്ടുകൾക്ക്‌ ശേഷം ഒരുക്കാൻ കഴിയുന്ന പശ്ചാത്തല സൗകര്യങ്ങൾ ഇന്നത്തെ തലമുറയ്‌ക്ക്‌ നൽകാൻ കഴിയുന്നു എന്നതാണ്‌ കിഫ്‌ബിയുടെ പ്രസക്‌തി. അതറിയുന്ന ജനങ്ങൾ എൽഡിഎഫിനോട്‌ അടുക്കുന്നത്‌ തടയുകയാണ്‌ പ്രതിപക്ഷ ലക്ഷ്യം.

ഉപാധിരഹിത ഫണ്ട്‌ അടക്കം ഭരണ –- പ്രതിപക്ഷ വ്യത്യാസമില്ലാതെ നൽകിയ സർക്കാരാണിത്‌. അതിലൂടെ അധികാര വികേന്ദ്രീകരണം ഫലപ്രദവുമാക്കി. പുതിയ ഘടകകക്ഷികളിലൂടെ എൽഡിഎഫ്‌ സമ്പന്നവും ശക്‌തവുമായപ്പോൾ യുഡിഎഫ്‌ ശിഥിലമായെന്നും മാത്യു ടി തോമസ്‌ പറഞ്ഞു.

തയ്യാറാക്കിയത്‌ സണ്ണി മാർക്കോസ്‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top