20 April Saturday
മരണം 
ലക്ഷത്തിൽ 
19 ആയി കുറച്ചു ; ഏറ്റവും 
മോശം അസം; 195

അമ്മയ്ക്ക് സുഖം ; മാതൃമരണനിരക്ക്‌ 
കുറയ്‌ക്കുന്നതിൽ കേരളം രാജ്യത്ത്‌ ഒന്നാമത്‌

സാജൻ എവുജിൻUpdated: Thursday Dec 1, 2022


ന്യൂഡൽഹി
മാതൃമരണനിരക്ക്‌ നിയന്ത്രിക്കുന്നതിൽ അഭിമാനകരമായ നേട്ടത്തിന്റെ നെറുകയിൽ കേരളം. 2018–-20 കാലത്ത്‌ സംസ്ഥാനത്തെ മാതൃമരണനിരക്ക്‌ ലക്ഷത്തിൽ 19 ആയി കുറയ്‌ക്കാനായി. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന്  രജിസ്ട്രാർ ജനറൽ ഓഫ്‌ ഇന്ത്യയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഏറ്റവും ഉയർന്ന നിരക്കുള്ള അസമിൽ ലക്ഷത്തിൽ 195 അമ്മമാര്‍ മരിക്കുന്നു. ഗർഭിണിയായിരിക്കുമ്പോഴോ പ്രസവശേഷം 42 ദിവസത്തിനുള്ളിലോ ​ഗര്‍ഭം സംബന്ധിച്ച കാരണത്താല്‍ ജീവഹാനി സംഭവിക്കുന്നതാണ്‌ ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശപ്രകാരം മാതൃമരണം.

കേരളത്തിൽ 2016–-18ൽ മാതൃമരണനിരക്ക്‌ ലക്ഷത്തിന്‌ 43 ആയിരുന്നു. 2015–-17ൽ 42, 2014–-16ൽ 46 എന്നിങ്ങനെയായിരുന്നു ഈ നിരക്ക്‌. തുടർച്ചയായ വർഷങ്ങളിലുണ്ടായ പ്രളയം ഉൾപ്പെടെയുള്ള പ്രതിബന്ധങ്ങൾ അതിജീവിച്ചാണ്‌ കേരളം 2018–-20ൽ വൻനേട്ടം കൈവരിച്ചത്‌. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്‌ട്രയിലെ നിരക്ക്‌ 2018–-20ൽ ലക്ഷത്തിന്‌ 33 ആണ്‌. തെലങ്കാന–- 43, ആന്ധ്രപ്രദേശ്‌– -45, തമിഴ്‌നാട്‌– -54, ജാർഖണ്ഡ്‌– -56, ഗുജറാത്ത്‌– -57, കർണാടകം–- 69.

രണ്ടായിരത്തി മുപ്പതോടെ മാതൃമരണനിരക്ക്‌ ലക്ഷത്തിൽ 70 ആയി കുറയ്‌ക്കുകയെന്ന യുഎൻ സുസ്ഥിര വികസന ലക്ഷ്യം ഈ എട്ടു സംസ്ഥാനം കൈവരിച്ചതായി ആരോഗ്യമന്ത്രി മൻസുഖ്‌ മാണ്ഡവ്യ അറിയിച്ചു. ലക്ഷത്തിൽ 97 എന്നതാണ്‌ ദേശീയ ശരാശരി. 2014–-16ൽ 130 ആയിരുന്നു. മധ്യപ്രദേശ്‌– -173, ഉത്തർപ്രദേശ്‌–- 167 എന്നിവയാണ്‌ അസം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണനിരക്ക്‌ രേഖപ്പെടുത്തിയ സംസ്ഥാനങ്ങൾ. പെൺകുട്ടികൾക്കും ഗർഭിണികൾക്കും പോഷകാഹാരം ഉറപ്പാക്കൽ, ആശുപത്രി സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, മതിയായ പരിചരണം, ശാസ്‌ത്രീയ ബോധവൽക്കരണം എന്നിവ വഴിയാണ്‌ മാതൃമരണനിരക്ക്‌ കുറയ്‌ക്കാൻ കഴിയുകയെന്ന്‌ പൊതുജനാരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top