26 April Friday

മസാല ബോണ്ട്‌: മറുപടിയില്ലാതെ ഇഡിയുടെ എതിർസത്യവാങ്‌മൂലം

സ്വന്തം ലേഖികUpdated: Sunday Sep 25, 2022

കൊച്ചി  
വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനം ആരോപിച്ച്‌ തനിക്ക്‌ നൽകിയ സമൻസ്‌ റദ്ദാക്കാൻ ആവശ്യപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്‌ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ട വിശദീകരണം നൽകാതെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) എതിർസത്യവാങ്‌മൂലം നൽകി.

സമൻസ്‌ നൽകാൻ അവകാശമുണ്ടെന്ന്‌ മാത്രമാണ്‌ ഇഡി സത്യവാങ്‌മൂലത്തിൽ ആവർത്തിക്കുന്നത്‌. അത്‌ ചോദ്യം ചെയ്യാൻ അവകാശമില്ലെന്നും പറയുന്നു. താൻ ചെയ്‌ത കുറ്റമെന്തെന്ന്‌ വ്യക്തമാക്കിയിട്ടില്ലെന്നായിരുന്നു ഐസക്‌ ഹർജിയിൽ പറഞ്ഞിരുന്നത്‌. അതിനും എതിർ സത്യവാങ്‌മൂലത്തിൽ ഇഡി മറുപടി നൽകിയിട്ടില്ല.
 മസാല ബോണ്ടുകൾ ഇറക്കിയതിൽ ഫെമ ലംഘിച്ചെന്നായിരുന്നു ഇഡിയുടെ ആരോപണം.  ഒന്നരവർഷമായി ബുദ്ധിമുട്ടിക്കുകയാണെന്ന്‌ ആരോപിച്ച് കിഫ്ബി നൽകിയ ഹർജിയിലും ഇഡിയുടെ കൊച്ചി സോണൽ അസി. ഡയറക്ടർ സുരേന്ദ്ര ജി കവിത്കർ സത്യവാങ്‌മൂലം നൽകി. കേസ്‌ ബുധനാഴ്‌ച പരിഗണിക്കും.

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബോർഡ്‌ (കിഫ്ബി) മസാല ബോണ്ട്‌ സ്വീകരിച്ചതുമായി ബന്ധപ്പെട്ട്‌ ഇഡിയുടെ അന്വേഷണം രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു.  2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുമ്പുതന്നെ തുടങ്ങിയ നീക്കമാണിത്‌.  കേരളത്തിലെ സിപിഐ എം നേതാക്കളായിരുന്നു ലക്ഷ്യം.
റിസർവ്‌ ബാങ്കിന്റെ, അന്ന്‌ നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങൾ അനുസരിച്ചും രേഖാമൂലമുള്ള മുൻകൂർ അനുമതിയോടെയുമാണ്‌ കിഫ്‌ബി മസാല ബോണ്ട്‌ സ്വീകരിച്ചത്‌.  നിയമലംഘനം ഉണ്ടെങ്കിൽപ്പോലും അതിന്‌ വ്യക്തത വരുത്താൻ റിസർവ്‌ ബാങ്കിനോടാണ്‌ ഇഡി ചോദിക്കേണ്ടത്‌. ഫണ്ട്‌ വിനിയോഗം സംബന്ധിച്ച് മാസംതോറും  കിഫ്ബി റിപ്പോർട്ട് സമർപ്പിക്കുന്നതിൽ പ്രതികൂലമായ ഒരു പരാമർശവും  ആർബിഐ നടത്തിയിട്ടില്ല എന്നതുതന്നെ ഇഡിയുടെ പരാതി  അടിസ്ഥാനമില്ലാത്തതാണെന്ന്‌ തെളിയിക്കുന്നു.  നിരവധി രേഖകൾ പരിശോധിച്ചതിലും ഒരു കുറ്റവും കണ്ടെത്താനായിട്ടുമില്ല.  

അതിനിടെ കേസിൽ ചോദ്യം ചെയ്യലിന്‌ തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന്‌ നേരത്തേ ഹൈക്കോടതി താൽക്കാലിക വിധി പ്രസ്‌താവിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top