04 March Monday

ഏഴാംവയസ്സിൽ കൊച്ചിയിൽ, ഓട്ടം മതിലുകൾക്ക്‌ മുകളിൽ

സ്വന്തം ലേഖകൻUpdated: Monday Oct 3, 2022

കൊച്ചി> ഏഴാംവയസ്സിലാണ് കുളച്ചലിൽനിന്ന് കൊച്ചിയിലെത്തിയത്‌. എസ്ആർഎം റോഡ്, ആസാദ് റോഡ്, ഷേണായി റോഡ്, കതൃക്കടവ് ഭാഗങ്ങളിൽ 30 വർഷം ആക്രിപെറുക്കിനടന്നു. അങ്ങനെ കൊച്ചിയുടെ വഴികൾ മനഃപാഠമാക്കി. ചെറുപ്പത്തിലേ മോഷണം ശീലിച്ചു. എറണാകുളം നോർത്ത്‌ പൊലീസ്‌ സ്‌റ്റേഷൻ പരിധിയിൽ മോഷണം പതിവാക്കിയ മരിയാർപൂതം എന്ന കുപ്രസിദ്ധ മോഷ്ടാവിന്റെ കഥ ഇങ്ങനെ.

കൊച്ചിയെ അതിരറ്റ്‌ ‘സ്‌നേഹിക്കുന്ന’ മോഷ്‌ടാവ്‌ മരിയാർപൂതം രണ്ടുവർഷത്തെ തടവുശിക്ഷയ്‌ക്കുശേഷം 2020ലാണ്‌ ഒടുവിൽ ജയിലിൽനിന്ന്‌ ഇറങ്ങിയത്‌. ഇരുനൂറിലധികം മോഷണക്കേസുകളിൽ പ്രതിയായ മരിയാർപൂതം എന്ന മരിയ അർപുതം ജോൺസനെ (55) നന്നായി അറിയാവുന്നതുകൊണ്ട്‌ പൊലീസ്‌ അന്ന്‌ സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ്‌ നൽകി.  ഇയാളെ രാത്രി എവിടെ കണ്ടാലും ഉടൻ അറിയിക്കണമെന്നായിരുന്നു മുന്നറിയിപ്പ്‌.  

ആളൊഴിഞ്ഞ വീടുകളുടെ മുകളിൽ കിടന്നുറങ്ങി പാതിരാത്രി മോഷണം നടത്തി പുലർച്ചെ ട്രെയിനിൽ കയറി പോകുന്നതാണ്‌ രീതി. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ‘പണി’. വീടിനു പുറത്തുനിന്ന് കോണിപ്പടിയുള്ള, മതിലുള്ള വീടുകളാണ് നോക്കിവയ്‌ക്കുക. ഒന്നാംനിലയിലെ വാതിൽ കുത്തിപ്പൊളിച്ചുമാത്രമേ അകത്തുകടക്കൂ. മോഷണം കഴിഞ്ഞാൽ ഉടൻ നാടുവിടും. തിരിച്ചുവരുന്നത് അടുത്ത മോഷണത്തിന്‌.

സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളിൽക്കയറി മോഷ്‌ടിക്കുന്നതും ഉപദ്രവിക്കുന്നതും പതിവ്‌. വലിയ മതിലുകളിൽ ചാടിക്കയറാനും മതിലുകളിലൂടെ വേഗത്തിൽ ഓടാനും പ്രത്യേക കഴിവുണ്ടെന്ന്‌ പൊലീസ്‌. കൈയിൽ കമ്പിപ്പാരയും വെട്ടുകത്തിയും കാണുമെന്നതിനാൽ അപകടകാരി. മൊബൈൽഫോണില്ല.

നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം പതിവാക്കിയതോടെ പ്രതിയെ തേടി പ്രത്യേക അന്വേഷകസംഘം  മൂന്നുതവണ കുളച്ചലിലെത്തി. പൊലീസ് വീട് വളയുന്നതിന് മിനിറ്റുകൾക്കുമുമ്പ് രക്ഷപ്പെട്ടു. മരിയാർപൂതത്തിന്റെ ഭാര്യ പുനിതയെ നോർത്ത് പൊലീസ് 2012-ൽ പിടികൂടിയിരുന്നു. മോഷണമുതൽ വിറ്റിരുന്നത് പുനിതയാണ്‌.  

മതിലിൽക്കൂടി രണ്ട്‌ വിരലിൽ ഓട്ടം


കൺമുന്നിൽ കാണുമെങ്കിലും പെട്ടെന്ന്‌ രക്ഷപ്പെടും. മതിലിൽക്കൂടി രണ്ട് വിരലിൽ ഓടാൻ മരിയാർപൂതത്തിന്‌ കഴിവുണ്ട്. ഓടിരക്ഷപ്പെടാനുള്ള എളുപ്പത്തിന് ചെരുപ്പ് ഉപയോഗിക്കാറില്ല. റെയിൽവേ ട്രാക്കിലൂടെ അതിവേഗത്തിലാണ് ഇയാൾ ഓടിമറഞ്ഞിരുന്നത്‌. മരിയാർപൂതത്തെ പിടിക്കാൻ വാട്‌സാപ്‌ ഗ്രൂപ്പുതന്നെ നാട്ടുകാർ ഉണ്ടാക്കി. മോഷണത്തിനിടെ മരിയാർപൂതത്തെ ആദ്യമായി പിടികൂടിയത്‌ നോർത്ത് പൊലീസാണ്‌. നാട്ടുകാർ പിടിച്ച്‌ പൊലീസിനെ വിളിച്ചപ്പോഴേക്ക്‌ കുതറി ഓടുന്നതിനിടെ ഇയാൾ പൊലീസിന്റെ പിടിയിലാകുകയുമായിരുന്നു. ഇതിന്റെ ദേഷ്യത്തിലാണത്രെ തുടർച്ചയായി ഈ സ്‌റ്റേഷൻ പരിധിയിൽത്തന്നെ ഇയാൾ മോഷണം നടത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top