29 March Friday

ചന്ദനത്തിരിയെന്ന പേരിൽ കഞ്ചാവ്‌ കച്ചവടം; കൊല്ലത്ത്‌ ഒരാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020
കൊല്ലം > ചന്ദനത്തിരി കച്ചവടത്തിന്റെ മറവിൽ വിൽക്കാൻ  ശ്രമിച്ച രണ്ടു‌ കിലോ കഞ്ചാവുമായി എഴുകോൺ സ്വദേശി  അറസ്റ്റിൽ. എഴുകോൺ കൊട്ടേകുന്നം മേരി ഭവനിൽ സ്റ്റീഫൻ ഫെർണാണ്ടസിനെ (41 )യാണ്‌ കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ   ഐ  നൗഷാദും സംഘവും അറസ്റ്റ് ചെയ്‌തത്‌. കഞ്ചാവുകേസിൽ ജാമ്യത്തിൽ ഇറങ്ങിയ  പ്രതി  എക്സൈസിന്റെ രാത്രി പട്രോളിങ്ങിനിടെ വലയിലാകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ചെയ്‌തു.
 
ചോദ്യം ചെയ്യലിൽ  തമിഴ്നാട്ടിൽനിന്ന്‌ ചന്ദനത്തിരി, പുൽത്തൈലം എന്നിവ കൊണ്ടുവന്നു കച്ചവടം നടത്തുന്നെന്നാണ്‌ പറഞ്ഞത്‌. ബാഗിന്റെ മുകൾഭാഗത്ത് ചന്ദനത്തിരിക്കവർ  അടുക്കിവച്ച്‌  അടിയിൽ വർണക്കടലാസിൽ പൊതിഞ്ഞ നിലയിൽ കഞ്ചാവ് ഒളിച്ചുവച്ചിരിക്കുകയായിരുന്നു. 
മുമ്പ്‌ ഒന്നരക്കിലോ കഞ്ചാവ് കടത്തിയ കേസിൽ കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ തന്നെ പിടിയിലായി  റിമാൻഡിലായിരുന്നു.  രണ്ടു മാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. തെങ്കാശിയിൽ പോയി 60,000 രൂപയ്‌ക്ക് രണ്ടു കിലോ കഞ്ചാവ് വാങ്ങി പച്ചക്കറി വണ്ടിയിൽ കയറിയാണ് കുണ്ടറയിൽ എത്തിയത്. ആഴ്ചയിൽ നാലുദിവസം തെങ്കാശിയിൽനിന്ന്‌  കഞ്ചാവ് കൊണ്ടുവരും.  ട്രെയിൻ  ഇല്ലാത്തതിനാൽ ലോറികളിലും പച്ചക്കറി വണ്ടികളിലും ലിഫ്റ്റ് ചോദിച്ചാണ്‌ കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നത്.  പരിശോധന മറികടക്കാനും ലിഫ്റ്റ് ചോദിച്ചു വണ്ടിയിൽ കയറുമ്പോൾ വാഹനങ്ങളിലെ ഡ്രൈവർമാർക്ക്  കഞ്ചാവിന്റെ മണം അടിക്കാതിരിക്കാനാണ്‌ ചന്ദനത്തിരി അടുക്കുന്നത്.
 
മുമ്പ്‌ ഭാര്യയുമായി ചേർന്ന് എക്സിക്യൂട്ടിവ് സ്റ്റൈലിൽ വസ്ത്രധാരണം നടത്തി കഞ്ചാവ്‌  വിൽക്കുന്നതായിരുന്നു സ്റ്റീഫന്റെ രീതി. ഒന്നര വർഷം മുമ്പ്‌ സ്റ്റീഫൻ ജയിലിൽ ആയപ്പോൾ ഒറ്റയ്‌ക്ക് കഞ്ചാവ് കച്ചവടം ആരംഭിച്ച ഭാര്യയും  റിമാൻഡിലാണ്‌. ഭാര്യയെ  ജാമ്യത്തിൽ ഇറക്കാനുള്ള ശ്രമത്തിനിടെയാണ്‌  സ്റ്റീഫൻ വീണ്ടും പിടിയിലാകുന്നത്. 
 
റെസിഡൻസ് എരിയയിൽ വീട് വാടകയ്ക്ക് എടുത്ത് വൻ ബിസിനസുകാരാണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു കഞ്ചാവ് കച്ചവടം.   പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ ടി രാജീവ്, പ്രിവന്റീവ്‌ ഇൻസ്‌പെക്ടർ  ശ്യാംകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നഹാസ് ക്രിസ്റ്റി, ഗോപകുമാർ, ശരത്, വിഷ്ണു  എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top