04 December Monday

ഇങ്ങനെപോയാല്‍ കൃഷിയിടങ്ങളില്‍ എന്ത് കാട്ടാനാ?; കാന്തല്ലൂർ, മറയൂർ മേഖലയിൽ കാട്ടാന കൃഷി നശിപ്പിക്കുന്നത് വ്യാപകം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023

കാന്തല്ലൂർ നാത്തംപാറ ഭാഗത്ത് കൃഷിയിടത്തിൽ കിണർ കുഴിക്കുന്നതിനിടെ കാട്ടാനയെത്തിയപ്പോള്‍

മറയൂർ > കാന്തല്ലൂർ, മറയൂർ മേഖലയിലെ കൃഷിയിടങ്ങളില്‍ കാട്ടാനയെത്തുന്നത് പതിവാകുന്നു. കഴിഞ്ഞദിവസം നാത്തംപാറ ഭാഗത്ത് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ കിണർ കുഴിക്കുന്നതിനിടെ ഒറ്റയാൻ എത്തിയത് കർഷകരെ ഭീതിയിലാഴ്‍ത്തി. മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റർ വണ്ടിയിൽനിന്ന് ഇറങ്ങിയോടി രക്ഷപെടുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ആളപായം ഉണ്ടായില്ലെങ്കിലും കൃഷിയിടങ്ങളിൽ ഇറങ്ങി വിളകൾ നശിപ്പിക്കുന്നത് തുടരുകയാണ്. നിലവിൽ കാന്തല്ലൂർ വെട്ടുകാട് മുതൽ പെരുമല വരെയുള്ള പ്രദേശത്ത്‌ രാപ്പകൽ വ്യത്യാസമില്ലാതെ കറങ്ങിനടന്ന് കാട്ടാനകള്‍ കൃഷി നശിപ്പിക്കുകയാണ്.
 
ചിന്നാർ വന്യജീവി സങ്കേതത്തിൽനിന്ന് കാരയൂർ ചന്ദന റിസർവ് മുറിച്ചുകടക്കുന്ന കാട്ടാനകൾ ശിവൻപന്തി വെട്ടുകാട് ഭാഗങ്ങളിൽ റോഡ് മുറിച്ചുകടന്ന്‌ കൃഷിയിടത്തിൽ ഇറങ്ങുന്നു. കീഴാന്തൂർ, പെരുമല മേഖലയിലെ പച്ചക്കറി കൃഷി തോട്ടത്തിലെത്തി ആടിവയൽ, കുളച്ചിവയൽ കടന്ന് പെരുമല വരെ എത്തിയിരിക്കുന്നു.
 
കഴിഞ്ഞ ഒരു മാസക്കാലമായാണ് വീണ്ടും ശല്യം രൂക്ഷമായിരിക്കുന്നത്. രാത്രികാല യാത്രയും പ്രദേശത്ത് ദുഷ്കരമാണ്. വനം വകുപ്പ് അധികൃതര്‍ കാട്ടാനകളെ തുരത്താനോ ബദൽ സംവിധാനം ഒരുക്കാനോ തയ്യാറല്ല. വന്യമൃഗ ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മറയൂർ ഡിഎഫ്ഒ, ചിന്നാർ അസി. വൈൽഡ് ലൈഫ് വാർഡൻ എന്നിവരുടെ ഓഫീസുകളിലേക്ക് സമരപരിപാടികൾ ആരംഭിക്കാനും പരാതിനൽകാനും കാന്തല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ് പി ടി മോഹൻദാസിന്റെ  അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു.‍

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top