29 March Friday

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ്‌ ഭീഷണി

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023
കൽപ്പറ്റ> ജില്ലയിൽ വീണ്ടും പ്രവർത്തനം സജീവമാക്കി മാവോയിസ്‌റ്റുകൾ. രണ്ടാഴ്‌ചക്കിടെ രണ്ടുതവണ ആയുധധാരികളായ മാവോയിസ്‌റ്റ്‌ സംഘം ആദിവാസി കോളനികളിലെത്തി ഭീഷണി മുഴക്കി. തോക്ക്‌ ചൂണ്ടിയും കഴുത്തിൽ തോർത്ത്‌ മുറുക്കിയും ആദിവാസികളെ ഭയപ്പെടുത്തുകയാണ്‌.   ഇവരുടെ ഭക്ഷ്യവസ്‌തുക്കൾ കൊണ്ടുപോകുകയുമാണ്‌. തൊഴിലുറപ്പ്‌ പണിയെടുത്തും മറ്റും വാങ്ങുന്ന സാധനങ്ങളാണ്‌ മൊത്തമായി കൊണ്ടുപോകുന്നത്‌. സാധനങ്ങളുടെ അളവ്‌ കുറഞ്ഞാൽ കടയിൽപോയി വാങ്ങിവരാനും ആവശ്യപ്പെടും.
 
ആയുധധാരികളായി എത്തുന്ന സംഘം അവരുടെ ഉപയോഗത്തിനായല്ല ഭക്ഷ്യവസ്‌തുക്കൾ കൊണ്ടുപോകുന്നതെന്നാണ്‌ പൊലീസ്‌ കണ്ടെത്തൽ. ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ഉപയോഗിച്ചാണ്‌ ഇവരുടെ പ്രവർത്തനം. ഇവർക്ക്‌ ഭക്ഷ്യവസ്‌തുക്കൾ കിട്ടാൻ പ്രയാസമില്ല. എന്നാൽ  തങ്ങൾ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്നുണ്ടെന്ന്‌ വരുത്തിത്തീർക്കുന്നതിനായാണ്‌ ആദിവാസികളുടെ അന്നം പിടിച്ചുപറിക്കുന്നത്‌. 
അജ്ഞതയും അറിവില്ലായ്‌മയും മുതലെടുത്താണ്‌ പ്രവർത്തനം. ആളുകളെ തെറ്റിദ്ധരിപ്പിച്ച്‌ ഒപ്പം കൂട്ടാനാണ്‌ ശ്രമം. ഭയപ്പെടുത്തുന്നതിനാൽ ആദിവാസികൾ ഇക്കാര്യം പുറമേ പറയാൻ മടിക്കുകയാണ്‌. 
 
കഴിഞ്ഞ 28ന്‌ പടിഞ്ഞാറത്തറ കാപ്പിക്കളം കുറ്റിയാംവയലിൽ എത്തിയ മാവോയിസ്‌റ്റുകൾ  ആദിവാസി സ്‌ത്രീയെയും പിഞ്ചുകുട്ടികളെയും കൊല്ലുമെന്ന് ഭീഷണിമുഴക്കിയാണ്‌  സാധനസാമഗ്രികൾ കവർന്നത്‌. കഴുത്തിൽ തോർത്ത്‌ മുറുക്കി, തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായാണ്‌ ആദിവാസി വീട്ടമ്മ പൊലീസിൽ പരാതി നൽകിയത്‌. ഭയന്നുകരഞ്ഞ നാലരവയസ്സുകാരന്റെ വായ പൊത്തിപ്പിടിച്ചു. സാധനങ്ങൾ എടുത്തുവയ്‌ക്കാൻ ബാഗ് തുറന്നപ്പോൾ അതിനുള്ളിൽ വേറെയും തോക്കുകൾ കണ്ടതായും ഇവർ മൊഴിനൽകിയിരുന്നു. ഭയന്നുപോയതിനാൽ ദിവസങ്ങൾ കഴിഞ്ഞാണ്‌ പൊലീസിനെ സമീപിച്ചത്‌. ചൊവ്വ രാത്രി കുഞ്ഞോം അരിമല കോളനയിൽ എത്തിയ നാലംഗ മാവോയിസ്‌റ്റ്‌ സംഘവും ഭക്ഷ്യസാധനങ്ങൾ കവരുകയും വനം വാച്ചറെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top