28 March Thursday

മൺസൂൺ പൊലീസ് സുസജ്ജം; ജാഗ്രതയോടെ നേരിടും

സ്വന്തം ലേഖകൻUpdated: Monday Jun 5, 2023

തിരുവനന്തപുരം
കാലവർഷത്തെ ജാഗ്രതയോടെ വരവേൽക്കാൻ പൊലീസ് സേന തയ്യാർ. മഴക്കാല ദുരന്തങ്ങളെ നേരിടാൻ കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ച യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തയ്യാറെടുപ്പുകൾ തുടങ്ങുന്നത്.  കാറ്റിലും മഴയിലും റോഡുകളിലേക്ക് വീഴാൻ സാധ്യതയുള്ള മരങ്ങളും മരച്ചില്ലകളും  ഫയർഫോഴ്സിന്റെയടക്കം സഹായത്തോടെ വെട്ടിനീക്കാനും മഴക്കെടുതിയുണ്ടായാൽ നേരിടാനും സഹായമെത്തിക്കാനും പൊലീസ് സേനാംഗങ്ങൾ  സജ്ജമാകും. ഇതുസംബന്ധിച്ച നിർദേശം സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ജില്ലാ പൊലീസ് മേധാവിമാർക്ക് കൈമാറി.

   ജില്ലാ ഭരണകേന്ദ്രവുമായി സഹകരിച്ചാണ് പൊലീസ് മഴക്കെടുതിയെ നേരിടാൻ രംഗത്തിറങ്ങുക. ആവശ്യമെങ്കിൽ എല്ലാ ജില്ലയിലും പ്രത്യേകം കൺട്രോൾ റൂമടക്കം സജ്ജമാക്കും. ഇവിടെ 24 മണിക്കൂർ ഹെൽപ്പ്‌ ലൈൻ നമ്പർ സേവനവുമുണ്ടാകും. അവശ്യഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാനുള്ള ബോട്ടുകൾ കണ്ടെത്തി തയ്യാറാക്കിവയ്‌ക്കാൻ കോസ്റ്റൽ പൊലീസിന്  നിർദേശമുണ്ട്. രക്ഷാപ്രവർത്തനത്തിന്  ഉപയോഗിക്കാൻ  ലൈഫ് ജാക്കറ്റ്, ചെറുബോട്ടുകൾ, ജെസിബി, കട്ടറുകൾ, ടോർച്ചുകൾ,  കയർ എന്നിവ നേരത്തേ ഉറപ്പാക്കണം.

   ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടിവന്നാൽ അവിടെ വനിതകളടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണം. മഴക്കെടുതിയോ പ്രകൃതി ദുരന്തമോ ഉണ്ടായാൽ പൊതുജനങ്ങൾ അനാവശ്യമായി അവിടെ പ്രവേശിക്കുന്നില്ല എന്നുറപ്പാക്കണമെന്നും പൊലീസ് മേധാവി നൽകിയ നിർദേശത്തിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top