19 April Friday
സർക്കാർ മെഡിക്കൽ കോളേജുകളിൽ സൗകര്യമില്ലെന്നും സ്വകാര്യ ആശുപത്രികളേ രക്ഷയുള്ളൂവെന്നും 
കാണിക്കാനുള്ള തന്ത്രങ്ങളാണ്‌ നടത്തുന്നത്

രോഗികളെ മടക്കി അയക്കുന്നെന്ന പ്രചാരണം ; സർക്കാർ മെഡിക്കൽ കോളേജുകളെ 
ഇകഴ്‌ത്തി യുഡിഎഫ്‌ പത്രം

സ്വന്തം ലേഖകൻUpdated: Saturday Jan 21, 2023


തിരുവനന്തപുരം
സർക്കാർ മെഡിക്കൽ കോളേജുകളുടെ സേവനനിലവാരം ഉയർത്താനുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ട്‌ കുതിക്കുമ്പോൾ ഇകഴ്‌ത്തിക്കാണിക്കലുമായി യുഡിഎഫ്‌ പത്രം. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വേണ്ടത്ര സൗകര്യമില്ലെന്ന്‌ വരുത്തിത്തീർക്കാനും സ്വകാര്യ ആശുപത്രികളേ ജനത്തിന്‌ രക്ഷയുള്ളൂവെന്നും  കാണിക്കാനുമുള്ള തന്ത്രങ്ങളാണ്‌ കുറച്ചുദിവസമായി പത്രം നടത്തുന്നത്‌.

വയനാട്ടിൽ കടുവയുടെ കടിയേറ്റ്‌ കർഷകൻ മരിച്ചത്‌ മെഡിക്കൽ കോളേജ്‌ ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണെന്ന ആരോപണം ഉയർത്തിക്കാട്ടിയാണ്‌ ‘മടക്കൽ’ വാർത്തകൾ. മെഡിക്കൽ കോളേജ്‌ അധികൃതരുടെ ഭാഗത്ത്‌ വീഴ്‌ചയില്ലെന്ന അന്വേഷണ റിപ്പോർട്ട്‌ പുറത്തുവന്നിട്ടും എഡിറ്റോറിയലെഴുതിയാണ്‌ സർക്കാർവിരുദ്ധ ജ്വരമുണ്ടാക്കാനുള്ള  ശ്രമം. സർക്കാർ മെഡിക്കൽ കോളേജുകളുടെ വിശ്വാസ്യത കൈമോശം വരുന്നുവെന്ന്‌ സ്ഥാപിക്കാനാണ്‌ നീക്കം. പുതുതായി തുടങ്ങിയ മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന്‌ സംവിധാനങ്ങളില്ലെന്നാണ്‌ പത്രത്തിന്റെ ആരോപണം. പുതുതായി ആരംഭിക്കുന്ന മെഡിക്കൽ കോളേജുകളിൽ എല്ലാ സംവിധാനങ്ങളുമൊരുങ്ങാൻ അൽപ്പസമയമെടുക്കുമെന്ന സാമാന്യ യുക്തിപോലും പത്രം പരിഗണിച്ചിട്ടില്ല.

മെഡിക്കൽ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് എന്ന പദ്ധതിക്കുതന്നെ സർക്കാർ തുടക്കമിട്ടിട്ടുണ്ട്‌. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ്‌ പൈലറ്റടിസ്ഥാനത്തിൽ പ്രത്യേക ടീമിനെ നിയോഗിച്ചിരിക്കുന്നത്‌. തുടർന്ന് മറ്റിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 26 സ്പെഷ്യാലിറ്റി സീറ്റിനും ഒമ്പത്‌ സൂപ്പർ സ്പെഷ്യാലിറ്റി സീറ്റിനും അനുമതി നേടി. കോന്നി, ഇടുക്കി മെഡിക്കൽ കോളേജുകൾക്ക്‌ 100  എംബിബിഎസ് സീറ്റിന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അനുമതിയും ലഭ്യമാക്കി. കൊല്ലം, മഞ്ചേരി മെഡിക്കൽ കോളേജുകളിൽ 60 നേഴ്‌സിങ്‌ സീറ്റുവീതവും ആരംഭിച്ചു. മെഡിക്കൽ രംഗത്ത് 1330ഉം നഴ്‌സിങ്ങിൽ 832 സീറ്റുമാണ്‌ വർധിപ്പിച്ചത്‌.
ഇതിനു പുറമെ വിവിധ മെഡിക്കൽ കോളേജ്‌ ആശുപത്രികളിൽ പല വികസന പദ്ധതികളും നടപ്പാക്കുന്നുമുണ്ട്‌. ഇതെല്ലാം മറച്ചുവച്ചാണ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തുന്ന രോഗികളെ മടക്കി അയക്കുന്നെന്ന പ്രചാരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top