03 December Sunday

ആദ്യം യുദ്ധം, പിന്നെ പഴി ; ഗതികെട്ട്‌ മനോരമ

സ്വന്തം ലേഖകൻUpdated: Sunday Sep 17, 2023


കോഴിക്കോട്‌
‘യുദ്ധസമാനമായ ഒരുക്കങ്ങളുമായി ആരോഗ്യ വകുപ്പും ഭരണകൂടവും’–- 15ന്‌ മലയാള  മനോരമയുടെ നിപാ പ്രതിരോധ വാർത്തയുടെ തലക്കെട്ടാണ്‌ ഇത്‌. കഴിഞ്ഞില്ല. വാർത്തയ്‌ക്കുള്ളിലും സർക്കാർ സംവിധാനങ്ങളെ മനോരമ പുകഴ്‌ത്തുന്നുണ്ട്‌. ‘തീപിടിച്ച ചർച്ചകളും  അവലോകന യോഗങ്ങളുമായി യുദ്ധക്കളം പോലെയായിരുന്നു ജില്ലാ ഭരണസിരാകേന്ദ്രം’ എന്നും എഴുതി. പക്ഷേ, രണ്ടുദിവസം കഴിഞ്ഞപ്പോൾ  മട്ടുമാറി. പ്രതിരോധ പ്രവർത്തനങ്ങളുടെ മികവ്‌ എൽഡിഎഫ്‌ സർക്കാരിന്‌ പോകുന്നുവെന്ന്‌ മനസ്സിലാക്കിയ യുഡിഎഫ്‌ പത്രം ഒറ്റയടിക്ക്‌ മലക്കം മറിഞ്ഞു. പിന്നെ, എല്ലാ ദിവസവും സർക്കാർ വിരുദ്ധ വാർത്തകൾ കണ്ടെത്താനുള്ള ഗവേഷണത്തിലായി. അർധസത്യങ്ങളും നുണകളും മെനയുന്ന പത്രം ശാസ്‌ത്രീയ പരീക്ഷണങ്ങളിലൂടെ തെളിയിക്കേണ്ട കാര്യങ്ങൾപോലും ആധികാരിക വാർത്തകളായി തള്ളിവിടുകയാണ്‌. ലക്ഷ്യം ഒന്നു മാത്രം, സർക്കാരിനെ താറടിക്കണം. 

കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ ചേർന്ന സർവക്ഷി അവലോകന യോഗത്തിൽ പ്രതിപക്ഷ കക്ഷികളുടെ  നേതാക്കളും ജനപ്രതിനിധികളുമെല്ലാം സർക്കാരിന്റെ  പ്രതിരോധ നടപടികളെ പ്രശംസിച്ചു. ഓൺലൈനായി  പങ്കെടുത്ത കെ മുരളീധരൻ എംപി ആരോഗ്യ വകുപ്പിനെ പ്രശംസിച്ചു. മുസ്ലിംലീഗ്‌ ജില്ലാ സെക്രട്ടറി എം എ റസാഖ്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസും വീണാ ജോർജും ജില്ലയിൽ ക്യാമ്പ്‌ ചെയ്‌ത്‌ നടത്തിയ പ്രവർത്തനങ്ങളെ പ്രശംസിച്ചു. എന്നാൽ, ഇതൊന്നും മനോരമ‌ക്ക്‌ വാർത്തയേ ആയില്ല. പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര ആരോഗ്യസംഘം തൃപ്‌തി രേഖപ്പെടുത്തിയതും  അറിഞ്ഞമട്ടില്ല. സംസ്ഥാന ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യ വിഭാഗവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന്‌ വരുത്താനാണ്‌ മനോരമയുടെ ശ്രമം. 

എൻഎച്ച്‌എമ്മിന്‌ കീഴിലെ കരാർ ഡോക്ടർമാരാണ്‌ പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതെന്നാണ്‌  കണ്ടെത്തൽ. രോഗം സംശയിക്കപ്പെട്ട ഘട്ടം മുതൽ ആരോഗ്യ മന്ത്രി വീണാ ജോർജ്‌ ജില്ലയിൽ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ വകുപ്പ്‌ ഡയറക്ടർ, അഡീഷണൽ ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ എന്നിവരുൾപ്പെടെ സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനമാകെ കോഴിക്കോട്‌ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുമ്പോഴാണ്‌  നുണപ്രചാരണം. പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്ന ആരോഗ്യ പ്രവർത്തകരുടെ മനോവീര്യംകെടുത്തുകയാണ്‌ ലക്ഷ്യം.  ഇതിനെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടനതന്നെ രംഗത്തെത്തിയത്‌ മനോരമയ്‌ക്ക്‌ തിരിച്ചടിയായി.

അതും നുണക്കഥ ; സാമ്പിൾ കൊണ്ടുപോകുന്നത്‌ 
എൻഎച്ച്‌എം വാഹനത്തിൽത്തന്നെ
നിപാ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്‌ചയുണ്ടെന്ന്‌ വരുത്താൻ മലയാള മനോരമ എഴുതിപ്പിടിപ്പിച്ച മറ്റൊരു നുണക്കഥകൂടി പൊളിഞ്ഞു. സമ്പർക്ക പട്ടികയിലുള്ളവരുടെ സ്രവ പരിശോധന‌ക്ക്‌ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ വാഹനം ഉപയോഗിച്ചത്‌ മഹാ അപരാധമായാണ്‌ മനോരമ ചിത്രീകരിച്ചത്‌. എന്നാൽ, ഇത്തരം  ഘട്ടങ്ങളിൽ സ്ഥിരമായി എൻഎച്ച്‌എമ്മിന്റെ വാഹനമാണ്‌ ഉപയോഗിക്കാറുള്ളതെന്നും കഴിഞ്ഞ തവണ നിപാ വന്നപ്പോഴും ഇതാണ്‌ പിന്തുടർന്നതെന്നും എൻഎച്ച്‌എം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. സി കെ ഷാജി ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.

നിപാ ബാധിച്ച്‌ ആദ്യം മരിച്ച മുഹമ്മദലിയെ ചികിത്സിച്ച ഇഖ്‌റ ആശുപത്രിയിൽ രണ്ട്‌ ആരോഗ്യ പ്രവർത്തകർക്ക്‌ രോഗലക്ഷണം  കണ്ടതോടെയാണ്‌ സാമ്പിൾ പുണെയിലെ എൻഐവിയിലേക്ക്‌ അയക്കാൻ ആരോഗ്യവകുപ്പ്‌ നിർദേശിച്ചത്‌. സാമ്പിൾ എൻഎച്ച്‌എം വാഹനത്തിൽ നേരിട്ട്‌ അയയ്‌ക്കാനായിരുന്നു  ഇഖ്‌റ ആശുപത്രിയിലെ നോഡൽ ഓഫീസർ ഡോ. ഷംസുദ്ദീന്‌ മെഡിക്കൽ കോളേജ്‌ മൈക്രോ ബയോളജി ലാബിൽനിന്നും ലഭിച്ച നിർദേശം.  തുടർന്നാണ്‌ എൻഎച്ച്‌എം വാഹനം വിട്ടുനൽകിയത്‌. സാമ്പിളുകൾ പുണെയിലേക്ക്‌ അയയ്‌ക്കുന്നത്‌ എറണാകുളത്തെ ഏജൻസിവഴിയാണ്‌. എറണാകുളത്ത്‌ സാമ്പിൾ ലഭിച്ചാൽ  സന്ദേശം ലഭിക്കും. വിമാനമാർഗം സാമ്പിൾ എൻഐവിയിൽ എത്തിക്കുന്നതിന്റെ ഉത്തരവാദിത്വം ഏജൻസിക്കാണ്‌. പുണെയിൽ എത്തിയാൽ മെയിൽ വഴി സന്ദേശം ആരോഗ്യവകുപ്പിന്‌ ലഭിക്കും. ഇതൊന്നുമറിയാതെയാണ്‌ കരാർ ജീവനക്കാരൻ വഴിയാണ് സ്രവം അയച്ചതെന്ന്‌ മനോരമ പറയുന്നത്‌.


വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തും : പി എ മുഹമ്മദ്‌ റിയാസ്‌
നിപാ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരും ആരോഗ്യ സംവിധാനവും ഉണർന്ന്‌ പ്രവർത്തിക്കുന്നത്‌ ജനത്തിന്‌ ബോധ്യപ്പെടുന്നുണ്ടെന്നും നെഗറ്റീവ്‌ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തുമെന്നും മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കക്ഷിരാഷ്‌ട്രീയം മറന്ന്‌ നാട്‌ ഒന്നിച്ചാണ്‌ പ്രവർത്തിക്കുന്നത്‌. എന്നാൽ, ചിലർ നെഗറ്റീവ്‌ വാർത്തകൾ പ്രചരിപ്പിക്കുകയാണ്‌. അവർക്ക്‌ മനഃസുഖം കിട്ടും എന്നല്ലാതെ മറ്റൊന്നും സംഭവിക്കാനില്ല.
വിനോദസഞ്ചാരികൾക്ക് പൂർണ സുരക്ഷിതത്വത്തോടെ കേരളത്തിന്റെ മനോഹാരിത ആസ്വദിക്കാം. ചാമ്പ്യൻസ് ബോട്ട് ലീഗ് ഉൾപ്പെടെ മുൻനിശ്ചയിക്കപ്പെട്ട ടൂറിസം പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടു പോകുന്നുണ്ട്. സംസ്ഥാനത്തുടനീളം സന്ദർശകർക്ക് സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും യാത്ര ചെയ്യാനുള്ള സാഹചര്യം നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.

തെറ്റായ വാർത്തകൾ നൽകി ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കാനുള്ള ശ്രമം അപലപനീയമാണെന്ന്‌ മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെ  സർവകക്ഷി യോഗം അഭിനന്ദിച്ചതാണ്‌. ഒറ്റക്കെട്ടായാണ്‌ എല്ലാവരും മുന്നോട്ടുപോകുന്നത്‌. വിശ്രമരഹിതമായ പ്രവർത്തനമാണ്‌ ആരോഗ്യ പ്രവർത്തകർ നടത്തുന്നത്‌. മരണത്തിന്റെ തോതനുസരിച്ചാണ്‌ രോഗവ്യാപന തീവ്രത അളക്കുന്നത്‌. നിലവിൽ രണ്ടുപേരാണ്‌ മരിച്ചത്‌. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണ്‌.  സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനമാകെ  കോഴിക്കോട്‌ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുമ്പോഴാണ്‌ താൽക്കാലിക ജീവനക്കാരാണ്‌ പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതെന്ന വാർത്തനൽകുന്നതെന്നും മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top