18 April Thursday

സ്വപ്‌നയുടെ വെളിപ്പെടുത്തൽ : വീണ്ടും കെട്ടുകഥയുമായി മനോരമ

വെബ് ഡെസ്‌ക്‌Updated: Friday Nov 20, 2020


അന്വേഷണ ഏജൻസിക്കെതിരെ നിർണായക വെളിപ്പെടുത്തലടങ്ങിയ സ്വപ്‌ന സുരേഷിന്റെ ശബ്‌ദരേഖ സംബന്ധിച്ച്‌ വീണ്ടും കെട്ടുകഥകളും സൂചനകളുമായി മലയാള മനോരമ. സ്വപ്‌നയുടെ മൊഴി എന്ന പേരിൽ അന്വേഷണ ഉദ്യോഗസ്ഥർ നേരത്തേ ചോർത്തിക്കൊടുത്ത അസത്യങ്ങൾ പൊടിപ്പും തൊങ്ങലും വ്യാഖ്യാനങ്ങളുമായി ആഘോഷിച്ച മനോരമ അതേ പ്രതിയുടെ വെളിപ്പെടുത്തലിൽ നെറ്റിചുളിക്കുന്നു‌.

സ്വപ്‌ന പറഞ്ഞത്‌ ആരോട്‌, ഏത്‌ ഏജൻസിയെ കുറിച്ച്‌ എന്നിങ്ങനെ നീളുകയാണ്‌ മനോരമ ലേഖകന്റെ സംശയം. കള്ളവാർത്ത ചമയ്‌ക്കൽ ശീലമാക്കിയ ലേഖകരെ തന്നെയാണ്‌ ഇതിനായും രംഗത്തിറക്കിയത്‌. കള്ളക്കടത്ത്‌ കേസ്‌ പ്രതിയായ സ്വപ്‌നയുടെ മൊഴി സർക്കാരിനെതിരെ ആയുധമാക്കിയപ്പോൾ  തോന്നാത്ത യുക്തിവാദങ്ങളാണ്‌  ഇപ്പോൾ നിരത്തുന്നത്‌. അതിന്‌ വിശ്വസനീയത നൽകാൻ ‘രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നു’ എന്ന്‌  ഒന്നാം പേജിൽ വാർത്തയും.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദം ചെലുത്തിയെന്ന്‌ ശബ്‌ദരേഖയിൽ വെളിപ്പെടുത്തിയാലും  ‘ഇഡിക്ക്‌ നൽകിയ മൊഴിയിൽനിന്ന്‌ സ്വപ്‌നയ്‌ക്ക്‌ പിന്മാറാൻ കഴിയില്ലെന്ന’ നിരീക്ഷണമാണ്‌ മറ്റൊരു ലേഖകന്റെ വക. എം ശിവശങ്കർ ചികിത്സയിൽ കഴിഞ്ഞ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ സിആർപിഎഫിനെ കാവലിന്‌ നിയോഗിച്ചെന്ന കള്ളം പടച്ചുവിട്ട ലേഖകനാണ്‌ ഈ വാർത്തയിലൂടെ സ്വയം സമാധാനിക്കുന്നത്‌.

സ്വപ്‌നയുടെ ശബ്‌ദസന്ദേശത്തെക്കുറിച്ച്‌ അന്വേഷിക്കാൻ കുറ്റാന്വേഷണ വിദഗ്‌ധരായി മാറാനും മനോരമ മടിക്കുന്നില്ല. ഇതിനായി മൂന്ന്‌ സൂചനയും നിരത്തി. സ്വപ്‌ന വക്കീലിനോട്‌  സംസാരിച്ച അതേ ദിവസമായിരുന്നു ശബ്‌ദസന്ദേശത്തിലെ സംഭാഷണമെന്നാണ്‌ കണ്ടെത്തൽ. സ്വപ്‌നയുടെ മൊഴി എന്നുപറഞ്ഞ്‌ ചില അന്വേഷണ ഉദ്യോഗസ്ഥർ ചോർത്തിക്കൊടുത്ത വിവരങ്ങളെ അടിസ്ഥാനമാക്കി ദുരുദ്ദേശ്യപരമായി വാർത്ത നൽകിയപ്പോൾ ഈ യുക്തി എവിടെയായിരുന്നൂവെന്നാണ്‌ ചോദ്യം. പഴയ നുണക്കൂട്ടുകൾ തിരിച്ചടിയായതിന്റെ ജാള്യതയാണ്‌ മനോരമയ്‌ക്ക്‌.

ആന്തൂർ നഗരസഭ : കോൺഗ്രസിന്റെ മുഖംരക്ഷിക്കാൻ നുണ
ആന്തൂർ നഗരസഭയിലെ ഒരു വാർഡിലും കെട്ടിവച്ച കാശുപോലും കിട്ടാത്ത കോൺഗ്രസിന്റെ  മുഖം രക്ഷിക്കാൻ വീണ്ടും മനോരമയുടെ നുണവാർത്ത.  കോൺഗ്രസിനോ യുഡിഎഫിനോ മരുന്നിനുപോലും പ്രവർത്തകരില്ലാത്ത പ്രദേശമാണിത്‌. നാടിന്റെ  ഈ രാഷ്ട്രീയ സവിശേഷത മറച്ചാണ്‌ ‘എതിർത്തു മത്സരിച്ചാൽ ദാസന്റെ വിധിയാകുമെന്ന്‌’ കള്ളക്കഥ പ്രചരിപ്പിക്കുന്നത്‌.

കോൺഗ്രസ്‌ ആന്തൂർ മണ്ഡലം പ്രസിഡന്റായിരുന്ന വി ദാസന്റെ വീട്‌ ഉൾപ്പെടുന്ന കോടല്ലൂർ വാർഡിൽ അദ്ദേഹത്തിന്റെ ഭാര്യ വിമലയായിരുന്നു 1995ലെ യുഡിഎഫ്‌ സ്ഥാനാർഥി. ലഭിച്ചത്‌‌ 85 വോട്ട്‌. മറ്റു വാർഡുകളിലും സ്ഥിതി ഏറെക്കുറെ ഇതുതന്നെ.  2000ൽ ആന്തൂർ പഞ്ചായത്ത്‌ തളിപ്പറമ്പ്‌ നഗരസഭയുടെ ഭാഗമായി. 2015ൽ യുഡിഎഫ്‌ സർക്കാർ ആന്തൂരിനെ പ്രത്യേക നഗരസഭയാക്കി.

തികച്ചും വ്യക്തിവൈരാഗ്യമായിരുന്നു വി ദാസന്റെ കൊലപാതകത്തിനു പിന്നിലെന്ന്‌ സിപിഐ എം മുൻ ലോക്കൽ സെക്രട്ടറി കെ വി പ്രേമരാജൻ പറഞ്ഞു. രാഷ്‌ട്രീയത്തിനപ്പുറം എല്ലാവരുമായും നല്ല സൗഹൃദം പുലർത്തിയിരുന്ന ദാസന്റെ കൊലപാതകത്തെ സിപിഐ എം തള്ളിപ്പറയുകയും പ്രതികളിൽ ആർക്കെങ്കിലും  പാർടിയുമായി ബന്ധമുണ്ടെങ്കിൽ അവരെ സഹായിക്കില്ലെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തതാണ്‌. പാർടി സംസ്ഥാന കമ്മിറ്റി അംഗവും എംഎൽഎയുമായിരുന്ന പാച്ചേനി കുഞ്ഞിരാമൻതന്നെ സംഭവത്തെ പരസ്യമായി അപലപിച്ചു. ദാസന്റെ കൊലപാതകത്തിനുശേഷവും മത്സരിച്ച പല വാർഡിലും യുഡിഎഫ്‌ ദയനീയമായി തോറ്റു‌. പലയിടത്തും സ്ഥാനാർഥികളെ കിട്ടാനുമില്ല.  2010ൽ കോടല്ലൂർ വാർഡിൽ കോൺഗ്രസിന്‌ ആളെക്കിട്ടാതായപ്പോൾ തളിപ്പറമ്പിലെ മുസ്ലിംലീഗ്‌ നേതാവ്‌ കൊങ്ങായി മുസ്‌തഫയുടെ ഭാര്യ മറിയംബിയെ സ്ഥാനാർഥിയാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നണിച്ചേരിയായി മാറിയ വാർഡിൽ വെള്ളിക്കീലിൽനിന്ന്‌ മോഹനൻ എന്നൊരാളെ കൊണ്ടുവന്നു‌ മത്സരിപ്പിച്ചു‌. കിട്ടിയതാകട്ടെ 69 വോട്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top