20 April Saturday

നെൽകർഷകരെ തെറ്റിദ്ധരിപ്പിച്ച്‌ മനോരമ മുഖപ്രസംഗം

ലെനി ജോസഫ്‌Updated: Tuesday Jun 14, 2022

ആലപ്പുഴ> നെൽകർഷകരെ തെറ്റിദ്ധരിപ്പിക്കാൻ വസ്‌തുതാവിരുദ്ധ പരാമർശങ്ങളുമായി മനോരമ മുഖപ്രസംഗം. ‘നെൽകർഷകരുടെ വയറ്റത്തടിക്കരുത്‌’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ കർഷകർക്കുള്ള താങ്ങുവിലയിൽ സംസ്ഥാനസർക്കാർ കയ്യിട്ടുവാരുകയാണെന്നും ഇത്തവണ നെല്ലിന്‌ കിലോഗ്രാമിന്‌ 72 പൈസ കുറച്ചുവെന്നുമാണ്‌ മുഖ്യ ആരോപണം. കഴിഞ്ഞ സർക്കാരിന്റെ  അവസാന ബജറ്റിൽ പ്രഖ്യാപിച്ച 52 പൈസയും 2022– 23 ബജറ്റിൽ പ്രഖ്യാപിച്ച 20 പൈസയും ചേർത്ത്‌ 72 പൈസ കുറച്ചുവത്രെ.

2021 ജനുവരി 15ലെ സംസ്ഥാന ബജറ്റിലെ പ്രസക്തഭാഗം

2021 ജനുവരി 15ലെ സംസ്ഥാന ബജറ്റിലെ പ്രസക്തഭാഗം

2021 ജനുവരി 15 നാണ്‌ കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റ്‌ അന്നത്തെ ധനമന്ത്രി ഡോ. ടി എം തോമസ്‌ ഐസക്ക്‌ അവതരിപ്പിച്ചത്‌. 52 പൈസ സബ്‌സിഡി കേരളം നൽകുമെന്ന പ്രഖ്യാപനമേ ബജറ്റിലില്ല. ‘കേരളത്തിൽ ഈ ബജറ്റോടെ 28 രൂപയാണ്‌ സംഭരണവില’ എന്ന്‌ കൃത്യമായിത്തന്നെ പറയുന്നുമുണ്ട്‌. (പ്രസക്തഭാഗത്തിന്റെ പകർപ്പ്‌ ഒപ്പം). മനോരമ പറയുന്ന 72 പൈസയിൽ ബാക്കി 20 പൈസ കഴിഞ്ഞ മാർച്ച്‌ 11 ന്‌ 2022– 23 ലെ ബജറ്റിൽ ഇപ്പോഴത്തെ ധനമന്ത്രി കെ എൻ ബാലഗോപാൽ വർധിപ്പിച്ചതാണ്‌. ജനുവരിയിൽ ആരംഭിച്ചതാണ്‌ ഈ വർഷത്തെ നെല്ലുസംഭരണം. മാർച്ച്‌ 11ന്‌ അവതരിപ്പിച്ച ബജറ്റിലെ 20 പൈസ വർധന ഇത്തവണ  ബാധകമാകില്ലെന്നും അത്‌  അടുത്ത ഒന്നാംവിള മുതലേ കിട്ടുകയുള്ളുവെന്നും അറിയാതെയാവില്ല മനോരമയുടെ പ്രചാരണം.  



ഒരുകിലോ നെല്ലിന്‌ കേന്ദ്രം പ്രഖ്യാപിച്ച  താങ്ങുവിലയായ 19.40 രൂപയും കേരളം സബ്‌സിഡിയായി നൽകുന്ന 8.60 രൂപയും കൈകാര്യച്ചെലവ്‌ 12 പൈസയും ഉൾപ്പെടെ 28.12 രൂപയ്‌ക്കാണ്‌ സംസ്ഥാനത്ത്‌ നെല്ലുസംഭരണം. നയാപൈസ പോലും സംസ്ഥാനസർക്കാർ കുറവു വരുത്തുന്നില്ല.  മറ്റു സംസ്ഥാനങ്ങൾ സംഭരിക്കുന്ന വിലയേക്കാൾ 8.60 രൂപ കൂടുതൽ  കേരളം നൽകുമ്പോഴാണ്‌ സർക്കാർ കയ്യിട്ടുവാരുന്നെന്ന്‌ മനോരമ ആരോപിക്കുന്നത്‌. സംഭരിച്ച നെല്ല്‌ കേന്ദ്രപൂളിലേക്ക്‌ കേരളം നൽകുമ്പോൾ സംഭരണവിലയായ 19.40 പൈസ മാത്രമാണ്‌ കേരളത്തിനു കിട്ടുന്നത്‌എന്നതാണ്‌ മറ്റൊരു വസ്‌തുത.  വൻ സാമ്പത്തികനഷ്ടമാണ്‌ ഇതുവഴി  കേരളം സഹിക്കുന്നത്‌. കർഷകർക്ക്‌ സബ്‌സിഡി നൽകുന്നത്‌ കേരളം മാത്രമാണ്‌. മറ്റെല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവിലയായ 19. 40 പൈസ മാത്രമാണ്‌ കർഷകർക്കു കിട്ടുന്നത്‌.

അതേസമയം മനോരമയുടെ ജൂൺ 10ലെ വാർത്തയെത്തന്നെ തള്ളിപ്പറയുന്നതാണ്‌ മുഖപ്രസംഗം. അന്ന്‌ അവർ ഒന്നാംപേജിൽ ‘ നെല്ലുവിലയിൽ കയ്യിട്ടുവാരി കേരള സർക്കാർ’ എന്ന തലക്കെട്ടിൽ  പ്രസിദ്ധീകരിച്ച വാർത്തയിൽ  92 പൈസ കുറച്ചു നെല്ലു സംഭരിക്കുന്നുവെന്നായിരുന്നു ആരോപണം. മുഖപ്രസംഗത്തിൽ 20 പൈസ കാണാനില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top