19 April Friday

നശിച്ചെന്ന് പറഞ്ഞ ഫോണ്‍ ഇപ്പോഴും ആക്ടീവ്; ആകെ നിഗൂഢത; പറഞ്ഞതെല്ലാം കള്ളം; സുരേന്ദ്രന്‍ കുടുങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021

കാസര്‍കോട് > നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് കോഴ നല്‍കി ബിഎസ്‌പി സ്ഥാനാര്‍ഥിയുടെ പത്രിക പിന്‍വലിപ്പിച്ച കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഇതുവരെ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴികളെല്ലാം കള്ളം. സാക്ഷിമൊഴികളും സൈബര്‍ തെളിവുകളും ബിജെപി നേതാക്കളെ കുരുക്കിലാക്കുന്നതാണ്. ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും സിസിടിവി ദൃശ്യങ്ങളും തെളിവായുണ്ട്.

ഫോണ്‍ ഇപ്പോഴും ഉപയോഗത്തില്‍

കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അറസ്റ്റ് ഉറപ്പായതോടെ അദ്ദേഹം ഉപയോഗിച്ച ഫോണ്‍ ഹാജരാക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സുരേന്ദ്രന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണാണ് ഹാജരാക്കേണ്ടത്.

നേരത്തെ ചോദ്യം ചെയ്യലിന്  ഹാജരാകുമ്പോള്‍ ഫോണ്‍ കൊണ്ടുവരണമെന്ന്  അന്വേഷണ സംഘം നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിക്കാത്ത സുരേന്ദ്രന്‍ ഫോണ്‍ നശിച്ചുവെന്നാണ് പറഞ്ഞത്. പൊലീസിന്റെ സൈബര്‍ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ ഇപ്പോഴും ഉപയോഗിക്കുന്നുവെന്ന് കണ്ടത്തിയിട്ടുണ്ട്. തുടര്‍ന്നാണ് ഒരാഴ്ചക്കകം ഫോണ്‍ ഹാജരാക്കാന്‍ സുരേന്ദ്രന് നോട്ടീസ് നല്‍കിയത്.

ബിഎസ്‌പി സ്ഥാനാര്‍ഥി കെ സുന്ദരക്ക് രണ്ടര ലക്ഷം രൂപ കോഴ നല്‍കിയതിലും അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതിലും ബിജെപി ഓഫീസിലും സുരേന്ദ്രന്‍ താമസിച്ചിരുന്ന ഹോട്ടലിലും തടങ്കലില്‍ വെച്ചതിലും സുരേന്ദ്രന്  നേരിട്ടുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഫോണിലുണ്ട്. ഇതാണ് ഫോണ്‍ നശിച്ചുവെന്ന് കള്ളം പറയാന്‍ സുരേന്ദ്രനെ നിര്‍ബന്ധിതനാക്കുന്നതെന്ന് അന്വേഷണ സംഘം കരുതുന്നു.

സുരേന്ദ്രന്‍ പറഞ്ഞതല്ലാം കള്ളം

ഈ പറയുന്ന സംഭവങ്ങള്‍ നടക്കുന്ന സമയത്തൊന്നും താന്‍ കാസര്‍കോട് ഉണ്ടായിരുന്നില്ലെന്നും അറിയില്ലെന്നുമാണ് ചോദ്യം ചെയ്യലില്‍ സുരേന്ദ്രന്‍  പറഞ്ഞത്. സുന്ദരയെ പരിചയമില്ലെന്നും പറഞ്ഞു. കാസര്‍കോട് ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്നും പറഞ്ഞു. സുരേന്ദ്രന്‍ പറയുന്നത് എല്ലാം കള്ളമാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

സാക്ഷിമൊഴികളും കുറ്റങ്ങളും സുരേന്ദ്രനും കൂട്ടു പ്രതികളും നിഷേധിച്ചിട്ടുണ്ട്. കേസുമായി സഹകരിക്കാത്ത നിലപാടാണ്  തുടക്കംമുതല്‍ ബിജെപി നേതാക്കള്‍ സ്വീകരിച്ചത്. രണ്ട് തവണ നോട്ടീസ് നല്‍കിയ ശേഷമാണ് സുനില്‍ നായികും വി ബാലകൃഷ്ണ ഷെട്ടിയും ഹാജരായത്. സാക്ഷിമൊഴികളും സൈബര്‍ തെളിവുകളും ബിജെപി നേതാക്കളെ കുരുക്കിലാക്കുന്നതാണ്. ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും സിസിടി ദൃശ്യങ്ങളും തെളിവായുണ്ട്. സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതിന് സുന്ദരയെ സുരേന്ദ്രന്‍ അഭിനന്ദിക്കുന്ന ഫോണ്‍ സംഭാഷണം തെരഞ്ഞെടുപ്പ് സമയത്ത് സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

സുരേന്ദ്രന്‍ കാസര്‍കോട് താമസിച്ചിരുന്ന ഹോട്ടലില്‍ സുന്ദരയെ കൊണ്ടുപോയി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

ഫോണില്ലെങ്കില്‍ ഉടന്‍ അറസ്റ്റ്

ഫോണ്‍ ഹാജരാക്കാന്‍ സുരേന്ദ്രന്‍ തയ്യാറായില്ലെങ്കില്‍ ഉടന്‍ അറസ്റ്റുണ്ടാകും. കൂട്ടുപ്രതികളായ സുനില്‍ നായിക്, വി ബാലകൃഷ്ണ ഷെട്ടി, സുരേഷ് നായിക്, കെ മണികണ്ഠ റൈ, മുരളീധര യാദവ്, ലോകേഷ് നന്ദ എന്നിവരും അറസ്റ്റിലാകും.  കോഴ നല്‍കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച കുറ്റത്തിന് പുറമേ ഭീഷണിപ്പെടുത്തല്‍, തടങ്കലില്‍ വെക്കല്‍ എന്നീ വകുപ്പുകളും ഉള്‍പ്പെടുത്തും.

മാധ്യമങ്ങളോട് കെ സുന്ദര നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മഞ്ചേശ്വരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന  വി വി രമേശന്‍ നല്‍കിയ പരാതിയില്‍ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് സുരേന്ദ്രനെ പ്രതിയാക്കി കേസെടുക്കാന്‍ ഉത്തരവിട്ടത്. ഇതേ കോടതിയുടെ അനുമതിയോടെയായിരിക്കും അറസ്റ്റ് നടപടികള്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top