മഞ്ചേരി > മെഡിക്കൽ കോളേജ് റേഡിയോളജി ബ്ലോക്ക് നിർമാണം അവസാനഘട്ടത്തിൽ. പ്രധാന പണികളെല്ലാം കഴിഞ്ഞു. വൈദ്യുതീകരണം മാത്രമാണ് അവശേഷിക്കുന്നത്. മൂന്ന് കോടി ചെലവിലാണ് രണ്ടുനില കെട്ടിടം ഒരുക്കിയത്. പഴയ ബ്ലഡ്ബാങ്ക് കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ സമുച്ചയം പ്രവൃത്തി. കെട്ടിടം സജ്ജമാകുന്നതോടെ എംആർഐ, സിടി സ്‌കാനിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരേ കെട്ടിടത്തിൽതന്നെ ലഭ്യമാക്കാനാകും. മറ്റ് വാർഡുകളിൽനിന്നും അത്യാഹിത വിഭാഗത്തിൽനിന്നുമുള്ള രോഗികളെ കെട്ടിടത്തിനുപുറത്ത് ഇറക്കാതെതന്നെ റേഡിയോളജി ബ്ലോക്കിൽ എത്തിക്കാനാകും.
എംആർഐ സ്‌കാനിങ് യന്ത്രം സ്ഥാപിക്കാനുള്ള മുറികളും അനുബന്ധ സജ്ജീകരണങ്ങളും ഒരുക്കി. അത്യാധുനിക സംവിധാനമുള്ള യന്ത്രം എത്തിക്കാനായി കേരള മെഡിക്കൽ കോർപറേഷനുമായി കരാറുണ്ടാക്കി. ഇതിനായി 7.15 കോടി രൂപ കൈമാറി. ജർമനിയിൽനിന്ന് സിമൻസ് കമ്പനിയുടെ യന്ത്രമാണ് വാങ്ങുന്നത്. അനുബന്ധ സംവിധാനങ്ങൾ ഒരുക്കാനായാൽമാത്രമേ സ്‌കാനർ സ്ഥാപിക്കാനാകു. ഇതിനായി മൂന്ന് കോടി രൂപകൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതർ സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്. യന്ത്രം പ്രവർത്തിപ്പിക്കാൻ ഹൈടെൻഷൻ വൈദ്യുതിലൈൻ എത്തിക്കണം. കെഎസ്ഇബിയിൽ കെട്ടിവയ്ക്കാനും പണം കണ്ടെത്തണം. നാല് കോടി ചെലവിട്ട് പുതിയ സിടി സ്‌കാൻ സ്ഥാപിക്കാനും നടപടി ആരംഭിച്ചു. രണ്ട് സ്‌കാനിങ് യൂണിറ്റുകളും സജ്ജമാകുന്നതോടെ മികച്ച ചികിത്സ രോഗികൾക്ക് ലഭ്യമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..