16 December Tuesday

മണിപ്പുരിലെ വിദ്യാർഥികളെ 
ചേർത്തുപിടിച്ച്‌ കില പഠനകേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023


തളിപ്പറമ്പ്‌
കലാപത്തിൽ എല്ലാം നഷ്ടപ്പെട്ട ഞങ്ങളെ ചേർത്തുപിടിക്കാൻ കേരളം കാണിച്ച സ്‌നേഹത്തിന്‌ മുന്നിൽ വാക്കുകളില്ലെന്ന്‌  അലിയാനയും ലില്ലിയും. മണിപ്പുരിലെ കലാപത്തെതുടർന്ന്‌ പഠനം നിലച്ചുപോകുന്ന സാഹചര്യത്തിലാണ്‌  തളിപ്പറമ്പ്  കരിമ്പത്തെ കില ക്യാമ്പസിലെ  അന്താരാഷ്ട്ര നേതൃ പഠനകേന്ദ്രത്തിൽ ഇരുവർക്കും എംഎ സോഷ്യൽ എന്റർപ്രണർഷിപ്പ് ആൻഡ് ഡെവലപ്മെന്റ് കോഴ്‌സിൽ പ്രവേശനം നൽകിയത്‌. മണിപ്പുർ സേനാപതി ജില്ലയിൽനിന്നുമെത്തിയ ലാംനീലിങ്‌ എന്ന അലിയാനയും സോങ്‌പി വില്ലേജിലെ നെംഗ്പിൽഹിങ്‌ എന്ന ലില്ലിയുമാണ്‌  കില ക്യാമ്പസിലെ വിദ്യാർഥികൾ. പഠിക്കാൻ താൽപ്പര്യമുള്ളതിനാൽ ഏറെ പ്രയാസം സഹിച്ചാണ്‌  ഇവിടെയെത്തിയതെന്നും  ഇവർ പറഞ്ഞു.

മധ്യപ്രദേശിൽനിന്നും എത്തിയ ബിലാൽ അഹമ്മദും ഇവരുടെ കൂടെ പഠനം നടത്തുന്നുണ്ട്‌.  ഇവരെ കാണാനും പഠനവിശേഷം അറിയാനും സിപിഐ എം സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം വി ഗോവിന്ദൻ  ക്യാമ്പസിലെത്തി.

പഠനത്തിനെത്തിയ ഈ കുട്ടികളെ കേരളം ദത്തെടുത്തിരിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. മതനിരപേക്ഷ ഉള്ളടക്കത്തിനുവേണ്ടി ഏത്‌ ത്യാഗപൂർണമായ പ്രവർത്തനവും നടത്താൻ നമുക്ക്‌ ബാധ്യതയുണ്ടെന്ന്‌ സ്വയം തിരിച്ചറിഞ്ഞ സംസ്ഥാനമാണ്‌ കേരളം.  മണിപ്പുരിലെ കുട്ടികളുടെ പഠനം നിലച്ചുപോകുമെന്ന സാഹചര്യത്തിൽ കേരളത്തിലെ സർവകലാശാലകളിൽ പ്രവേശനം പൂർത്തിയായ ഘട്ടത്തിലാണ്‌ പ്രത്യേക താൽപര്യമെടുത്ത്‌ കണ്ണൂർ സർവകലാശാലയിൽ പ്രവേശനം നൽകിയത്‌.  വിദ്യാർഥികളുടെ ഫീസ്‌ കില പൂർണമായും ഒഴിവാക്കി. പഠനവും താമസവും സൗജന്യമാണ്‌. ഇവരെ ചേർത്തുനിർത്താൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന്‌ എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top