29 March Friday
വിമാനത്താവളത്തിന്റെ ഓഹരി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്‌

മാണി സി കാപ്പനെതിരായ വഞ്ചനാകേസ് നിലനിൽക്കുമെന്ന് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023
കൊച്ചി > കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന്‌ വാഗ്ദാനം ചെയ്ത് 3.25 കോടി രൂപ തട്ടിയെന്ന പരാതിയിൽ മാണി സി കാപ്പൻ എംഎൽഎക്കെതിരായ കേസ് നിലനിൽക്കുമെന്ന് ഹൈക്കോടതി. മുംബൈ മലയാളി ദിനേശ് മേനോന്റെ  പരാതിയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയെടുത്ത കേസ് റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട് മാണി സി കാപ്പൻ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ  ഉത്തരവ്. വഞ്ചന, സ്വത്തിന്റെ  പേരിൽ ചതി തുടങ്ങിയ കുറ്റങ്ങളാണ്‌ കാപ്പനെതിരെ ചുമത്തിയിരിക്കുന്നത്‌.
 
2010ൽ  മാണി സി കാപ്പൻ കടം വാങ്ങിയ തുക തിരികെ നൽകാതായതിനെ തുടർന്നാണ് കേസിന്റെ ആരംഭം. നിയമനടപടി ഒഴിവാക്കാൻ കടം വാങ്ങിയ തുക രണ്ട് ഗഡുവായി തിരിച്ചുനൽകാമെന്ന് 2013 നവംബർ 19ന് കാപ്പൻ കരാർവഴി ഉറപ്പുനൽകി. കരാറിന്റെ ഭാഗമായി നാല് ചെക്ക് ലീഫുകളും സ്ഥലവും ഈടും നൽകി.  രണ്ടുവർഷം കരാർ പുതുക്കിയിട്ടും പണം നൽകിയില്ല. തുടർന്ന്‌ ദിനേശ്‌ മേനോൻ ബാങ്കിൽ ഹാജരാക്കിയ ചെക്ക് മടങ്ങി. കാപ്പൻ തെരഞ്ഞെടുപ്പുവേളയിൽ സമർപ്പിച്ച സത്യവാങ്മൂലം പരിശോധിച്ചപ്പോൾ കരാറിൽ ഈട് നൽകിയ ഭൂമി നേരത്തേ സഹകരണ ബാങ്കിൽ പണയം വച്ചതാണെന്നും ജപ്തി നേരിടുന്നതാണെന്നും വ്യക്തമായി. ഇതോടെയാണ് ദിനേശ്‌ മേനോൻ കോടതിയെ സമീപിച്ചത്‌.
 
പരാതിയിൽ കഴമ്പുണ്ടെന്നു വ്യക്തമായ മജിസ്‌ട്രേട്ട്‌ കോടതി കേസെടുത്തു. സാഹചര്യ തെളിവുകളിൽനിന്ന് വഞ്ചിക്കണമെന്ന ഉദ്ദേശ്യം ഹർജിക്കാരനുണ്ടായിരുന്നതായി പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും നിയമനടപടി ഒഴിവാക്കാനാണ് കരാറിലേർപ്പെട്ടതെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ കേസ് റദ്ദാക്കാനാകില്ല. കേസിൽ നടപടി തുടരാൻ മതിയായ ഘടകങ്ങളുള്ള സാഹചര്യത്തിൽ കീഴ്‌ക്കോടതിയുടെ നടപടി നിയമപരവും ശരിയായതുമാണെന്ന് സിംഗിൾബെഞ്ച് വിലയിരുത്തി. തുടർന്ന് കീഴ്‌ക്കോടതി ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്ന് വ്യക്തമാക്കി ഹർജി തള്ളുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top