26 April Friday
സ്‌ഫോടകവസ്‌തുക്കൾ എത്തിയിരുന്നത്‌ 
കൊറിയറായി ആലുവയിലെ 
ഹോട്ടൽ വിലാസത്തിൽ

മംഗളൂരു ഓട്ടോറിക്ഷ സ്‌ഫോടനം : ആലുവയിൽ പരിശോധന നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022


കൊച്ചി
മംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ സ്‌ഫോടനമുണ്ടായതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും പരിശോധന. കേരള തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌ ആലുവയിൽ ഉൾപ്പെടെ പരിശോധന നടത്തി.

സ്‌ഫോടനത്തിൽ പരിക്കേറ്റ മുഹമ്മദ്‌ ഷാരീഖ്‌ ആലുവയിലെ ഹോട്ടലിൽ താമസിച്ചിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ പരിശോധന നടത്തിയത്‌. ഈ ഹോട്ടൽവിലാസത്തിൽ സ്‌ഫോടകവസ്‌തുക്കൾ അടങ്ങിയ കൊറിയർ എത്തിയിരുന്നതായും വിവരം ലഭിച്ചു. 

തമിഴ്‌നാട്ടിൽനിന്നാണ്‌ മുഹമ്മദ്‌ ഷാരീഖ്‌ ആലുവയിൽ എത്തിയത്‌. ഇയാളുടെ കേരള ബന്ധങ്ങൾ, ഇയാൾ ഇവിടെയത്തിയ സന്ദർഭങ്ങൾ, ബന്ധം പുലർത്തിയിരുന്നവർ, യാത്രാവിവരങ്ങൾ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നു. വരുംദിവസങ്ങളിലും പരിശോധന തുടരും. ഇയാളുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നു.

പ്രതിയെ നിയോഗിച്ചവരെ 
തിരിച്ചറിഞ്ഞെന്ന്‌ പൊലീസ്‌
മംഗളൂരു ഓട്ടോറിക്ഷാ സ്‌ഫോടനക്കേസ്‌ പ്രതി ചികിത്സയിൽ കഴിയുന്ന മുഹമ്മദ്‌ ഷാരീഖിനെ നിയോഗിച്ചവരെക്കുറിച്ച്‌ പൊലീസിന്‌ വിവരം ലഭിച്ചു. ശിവമോഗ സ്വദേശി അബ്‌ദുൾ മത്തീം താഹ, ദുബായ്‌ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ഐഎസുകാരനായ അറാഫത്ത്‌ അലി എന്നിവരാണ്‌ സ്‌ഫോടനത്തിന്റെ സൂത്രധാരരെന്ന്‌ പൊലീസ്‌ പറഞ്ഞു.

വിവരം നൽകുന്നവർക്ക്‌ എൻഐഎ അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളയാളാണ്‌ താഹ. 2020 മുതൽ ഇരുവരുമായി ഷാരീഖിന്‌ ബന്ധമുണ്ടായിരുന്നു. ഇവരുടെ നിർദേശപ്രകാരമാണ്‌ ഇയാൾ മംഗളൂരുവിൽ തീവ്രവാദ അനുകൂല ചുവരെഴുത്തുകൾ നടത്തിയെന്നും പൊലീസ്‌ പറഞ്ഞു. ഈ കേസിൽ ഷാരീഖിനെതിരെ യുഎപിഎ ചുമത്തിയിരുന്നു.

കുക്കർ ബോംബ് കൃത്യമായി ബന്ധിപ്പിക്കുന്നതിൽ പരാജയപ്പെട്ടതാണ്‌ അബധത്തിൽ പൊട്ടിയതും സ്‌ഫോടനത്തിന്റെ ആഘാതം കുറച്ചതെന്നും -എഡിജിപി അലോക് കുമാർ പറഞ്ഞു. പൊള്ളലേറ്റ് ഫാദർ മുള്ളേഴ്‌സ്‌ ആശുപത്രിയിൽ ചികിത്സയിലുള്ള ഷാരീഖിനെ സഹോദരിയും രണ്ടാനമ്മയും തിരിച്ചറിഞ്ഞു.

കോയമ്പത്തൂരിൽ കാർസ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമീഷ മുബിനും ഷാരീഖും ബംഗളൂരുവിൽവച്ച്‌ സ്‌ഫോടന പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നതായി പൊലീസിന്‌ സൂചനയുണ്ട്‌. ശനിയാഴ്ച വൈകിട്ട് പമ്പ്‌വെല്ലിൽനിന്ന് ഓട്ടോറിക്ഷയിൽ കയറി നാഗൂരിയിൽ എത്തിയപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top