25 April Thursday

ചരിത്രത്തിലുണ്ട്‌ മംഗളാദേവിയും മുല്ലപ്പെരിയാറും; ഹൈറേഞ്ചിന് പറയാനുള്ളത് നൂറ്റാണ്ടുകളുടെ മനുഷ്യവാസത്തിന്റെ ചരിത്രം

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

മംഗളാദേവി ക്ഷേത്രം (ഫയൽചിത്രം)

കുമളി > ഹൈറേഞ്ചിന് പറയാനുള്ളത് നൂറ്റാണ്ടുകളുടെ മനുഷ്യവാസത്തിന്റെ ചരിത്രം. മുല്ലപ്പെരിയാർ അണക്കെട്ട് നിർമാണവും തോട്ട വ്യവസായവും ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാത വികസനത്തിനുമപ്പുറം വർഷങ്ങൾക്കു മുമ്പുതന്നെ ഹൈറേഞ്ചിന് മനുഷ്യവാസ ചരിത്രവും ഇടുക്കി മഹോത്സവ സെമിനാറിൽ ചർച്ചയാവും. കുടിയേറ്റവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ സെമിനാറും സിമ്പോസിയവും പുതുദിശ പകരും. 
 പെരിയാർ കടുവാ സങ്കേതത്തിനുള്ളിലെ മംഗളാദേവി ക്ഷേത്രത്തിന് രണ്ടായിരത്തോളം വർഷത്തെ പഴക്കമുണ്ട്. പുരാതന ചേരനാട്ടിലെ തമിഴ് രാജാവായ ചേരൻ ചെങ്കുട്ടുവൻ വണ്ണാത്തിപ്പാറയിൽ കണ്ണകിയുടെ ഓർമയ്ക്കുവേണ്ടി ക്ഷേത്രം നിർമിച്ചു എന്നാണ് ചരിത്രം. പൂർണമായും കൊത്തിയെടുത്ത കല്ലിൽ നിർമിച്ചിട്ടുള്ള ക്ഷേത്രം ആരെയും അത്ഭുതപ്പെടുത്തും.
 
കൂടാതെ ഒട്ടകത്തലമേട്, കുമളി തുടങ്ങി ജില്ലയുടെ നിരവധി പ്രദേശങ്ങളിൽ നിർമാണത്തിനു വേണ്ടി മണ്ണെടുത്തപ്പോൾ പുരാതന ചരിത്രത്തിലേക്ക്‌ വെളിച്ചംവീശുന്ന നന്നങ്ങാടികൾ ലഭിച്ചു. ഇത് പഠനവിധേയമാക്കുകയും ചെയ്‌തിരുന്നു. 80 വർഷം മുമ്പ് മൂങ്കലാർ പ്രദേശത്തു നിന്നും സമാനമായ നന്നങ്ങാടികളും ചില മൺപാത്രങ്ങളും ലഭിച്ചിരുന്നു. ചെങ്കരയ്ക്ക സമീപം   നിരവധി മുനയറകൾ കണ്ടെത്തിയിരുന്നു. ഇതെല്ലാം തെളിയിക്കുന്നത് 2000 വർഷത്തിലേറെ പഴക്കമുള്ള ജനവാസ   സാക്ഷ്യങ്ങളാണ്‌.
 
തമിഴ്‌നാട്ടിൽ നിന്നും ശബരിമലയിലേക്കുള്ള തീർഥാടന യാത്രകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആധുനിക റോഡുകൾ രൂപപ്പെടും മുമ്പ്‌ കാളവണ്ടിക്കും കുതിരവണ്ടിക്കും സഞ്ചരിക്കുന്നതിനുള്ള മൺപാതകളാണ് ഉണ്ടായിരുന്നത്. തമിഴ്നാട്ടിൽ നിന്നും ഈ പാതയിലൂടെയാണ് ശബരിമലയിലേക്ക് തീർഥാടകർ കാൽനടയായി ഉൾപ്പെടെ എത്തിയിരുന്നത്. അക്കാലത്ത് കുമളി വണ്ടിപ്പെരിയാർ വഴിയെത്തുന്ന തീർഥാടകർ സത്രം വഴിയാണ് ശബരിമലയ്ക്ക് പോയിരുന്നത്. ഒരുനൂറ്റാണ്ട് മുമ്പ് വരെയും കുമളിയേക്കാൾ പ്രധാനപ്പെട്ട പ്രദേശം ലോവർ ക്യാമ്പായിരുന്നു. അക്കാലത്ത് തമിഴ്നാടിന്റെ ഏതാനും പ്രദേശങ്ങൾ ഉൾപ്പെടെ പൂഞ്ഞാർ രാജവംശത്തിന്റെ ഭാഗമായിരുന്നു. 25 വർഷം മുമ്പ് കമ്പത്ത് നിർമാണത്തിനിടെ പഴയ കെട്ടിടം പൊളിച്ചപ്പോൾ കല്ലിൽ കൊത്തിയ മലയാള ലീഖിതങ്ങൾ ലഭിക്കുകയുണ്ടായി.
 
1860 കൾക്ക് ശേഷമാണ് ഹൈറേഞ്ചിൽ തേയില തോട്ടവ്യവസായം ആരംഭിക്കുന്നത്. പ്രധാനമായും ബ്രിട്ടീഷുകാരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ഭൂരിഭാഗം തേയിലത്തോട്ടങ്ങളും. തോട്ടം വ്യവസായവുമായി ബന്ധപ്പെട്ട തൊഴിലാളി കുടിയേറ്റം ഈ മേഖലയുടെ വളർച്ചയ്ക്ക് പ്രധാന പങ്കുവഹിച്ചു. 1885ൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിർമാണം തുടങ്ങിയതോടെ ഈ രംഗത്ത് തൊഴിലടക്കുന്നതിന് ആയിരക്കണക്കിന് പേരാണ് കുമളി വഴിയെത്തിയത്. ഇതെല്ലാം മലനാടിന്റെ ജീവിത ചരിത്ര ഏടുകളാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top