തിരുവനന്തപുരം
പ്രമുഖ ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെ സോഷ്യൽ മീഡിയ പേജിൽ വേമ്പനാട്ട് കായലും. വേമ്പനാട്ട് കായലിന്റെ പശ്ചാത്തലത്തിലുള്ള ട്രെബിൾ ട്രോഫിയുടെ ചിത്രമാണ് മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് പേജുകളിൽ പോസ്റ്റ് ചെയ്തത്. ട്രെബിൾ ട്രോഫിയുടെ ലോക പര്യടനത്തിന്റെ ഭാഗമായി ട്രോഫികൾ വെള്ളിയാഴ്ച കൊച്ചിയിൽ പ്രദർശിപ്പിച്ചു. ശനിയാഴ്ച കൊച്ചി ലുലു മാളിലും പ്രദർശിപ്പിക്കും. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, എഫ്എ കപ്പ്, യുവേഫ സൂപ്പർ കപ്പ് നേട്ടങ്ങളെ പ്രതിനിധീകരിച്ചുള്ള ട്രോഫികളാണ് ചിത്രത്തിലുള്ളത്. കായലിന്റെ സായാഹ്ന ഭംഗിക്കൊപ്പം കേരള ടൂറിസത്തിന്റെ മുഖമുദ്രകളിലൊന്നായ ഹൗസ് ബോട്ടും ചിത്രത്തിലുണ്ട്.
ലോകത്തെ പ്രധാന ഫുട്ബോൾ ക്ലബ്ബുകളിലൊന്ന് ട്രോഫികളുമായി കേരളത്തിലെത്തുന്നത് സന്തോഷകരമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും അത് ലോകത്തിനു മുന്നിൽ അനാവരണം ചെയ്യാനും തയ്യാറായി എന്നത് വലിയ നേട്ടമാണ്. പ്രകൃതിഭംഗി പോലെ തന്നെ ഫുട്ബോൾ ആരാധനയ്ക്കും പേരുകേട്ട നാടാണ് കേരളം. കേരളത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് നിരവധി ആരാധകരുണ്ട്. ഇംഗ്ലണ്ട് കേരള ടൂറിസത്തിന്റെ പ്രധാന വിപണികളിലൊന്നാണെന്നും മന്ത്രി പറഞ്ഞു. പ്രമുഖ ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ ചെൽസിയുടെ സോഷ്യൽ മീഡിയ പേജിലും കേരളം ഉൾപ്പെട്ടിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..