29 March Friday

മനസോടിത്തിരി മണ്ണ്: ഫെഡറല്‍ ബാങ്ക് 1.56 ഏക്കര്‍ സംഭാവന ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

തിരുവനന്തപുരം > ഭൂരഹിതരായ ഭവനരഹിതര്‍ക്ക് വീട് വെക്കാൻ ഭൂമി സമാഹരിക്കുന്നതിനുള്ള മനസോടിത്തിരി മണ്ണ് ക്യാമ്പയിന്‍റെ ഭാഗമായി ഫെഡറല്‍ ബാങ്കും. 1.56 ഏക്കര്‍ ഭൂമി ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്‌ത രേഖകള്‍ ഫെഡറല്‍ ബാങ്ക് ചെയര്‍മാൻ സി ബാലഗോപാല്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

തദ്ദേശ സ്വയം ഭരണ എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ചടങ്ങില്‍ പങ്കെടുത്തു. എറണാകുളം ജില്ലയിലെ ആയവന പഞ്ചായത്തിലും തൃശൂര്‍ ജില്ലയിലെ വരന്തരപ്പിള്ളി പഞ്ചായത്തിലുമാണ് സ്ഥലം. ആയവനയിലെ 150.9 സെന്‍റും വരന്തരപ്പിള്ളിയിലെ 5.5 സെന്‍റ് സ്ഥലവുമാണ് കൈമാറിയത്.  ചടങ്ങില്‍ ലൈഫ് മിഷൻ സിഇഒ പി ബി നൂഹ് ഐഎഎസ്, ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും ലോണ്‍ കലക്ഷന്‍ ആന്റ് റിക്കവറി വിഭാഗം മേധാവിയുമായ  എൻ രാജനാരായണൻ, സാജൻ ഫിലിപ് മാത്യു, ജെയ്ഡ് കൊറോസര്‍, ഷിഞ്ചു അബ്ദുള്ള എന്നിവരും പങ്കെടുത്തു.

മനസോടിത്തിരി മണ്ണ് ക്യാമ്പയിന്‍റെ ഭാഗമായി ഇതുവരെ 39തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി 1778.72 സെന്‍റ് സ്ഥലം ലഭിച്ചിട്ടുണ്ട്. മഹാനായ ചലച്ചിത്രകാരൻ അടൂര്‍ ഗോപാലകൃഷ്ണൻ ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിയുടെ ഭാഗമായി. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ആയിരംപേര്‍ക്ക് ഭൂമി വാങ്ങാൻ 25 കോടി നല്‍കാമെന്ന് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടു. ഇതിനകം 67 പേര്‍ക്ക് ഭൂമി വാങ്ങി നല്‍കി, 36 ഗുണഭോക്താക്കളുടെ രജിസ്ട്രേഷൻ നടപടി പുരോഗമിക്കുന്നു. ബാക്കിയുള്ളവര്‍ക്ക് വേണ്ടി ഭൂമി കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.

അര്‍ഹരായ എല്ലാ ഭൂരഹിത ഭവന രഹിതര്‍ക്കും ഭൂമിയും വീടും ഉറപ്പാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് കുതിക്കുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു. ഭൂമി സംഭാവന ചെയ്‌ത ഫെഡ‍റല്‍ ബാങ്ക് നടപടി അഭിനന്ദനാര്‍ഹമാണ്. സഹജീവികളോട് സ്നേഹമുള്ള സുമനസുകളും പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും മനസോടിത്തിരി മണ്ണ് ക്യാമ്പയിന്‍റെ ഭാഗമാകണമെന്നും മന്ത്രി ആഹ്വാനം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top