25 April Thursday

വിമാനം ‘ചതിച്ചു'; സ്വർണക്കടത്തുകാരൻ കൊച്ചിയിൽ പിടിയിൽ

സ്വന്തം ലേഖകൻUpdated: Saturday Dec 3, 2022

നെടുമ്പാശേരി> കരിപ്പൂർ വിമാനത്താവളംവഴി സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ വിമാനം തകരാറിലായപ്പോൾ നെടുമ്പാശേരിയിൽ പിടിയിലായി. മലപ്പുറം സ്വദേശി സമദാണ് സിയാലിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ പിടിയിലായത്. ജിദ്ദയിൽനിന്ന്‌ സ്പൈസ് ജെറ്റ് വിമാനത്തിൽ കയറിയ ഇയാൾ, അരയിൽ തോർത്ത്‌ കെട്ടി അതിനകത്ത് 1650 ഗ്രാം സ്വർണം ഒളിപ്പിച്ച് കരിപ്പൂർ വിമാനത്താവളംവഴി കടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, വെള്ളിയാഴ്ച കരിപ്പൂരിൽ ഇറങ്ങേണ്ട ഈ വിമാനം ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനാൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്‌ തിരിച്ചുവിട്ടു. കൊച്ചിയിൽ എത്തിയശേഷം സുരക്ഷാകാരണത്താൽ യാത്രക്കാരെ വിമാനത്തിൽനിന്ന്‌ ഇറക്കി ഹാളിൽ വിശ്രമിക്കാൻ അനുവദിച്ചു.

സ്‌പൈസ്‌ ജെറ്റിന്റെ മറ്റൊരു വിമാനത്തിൽ ഇവരെ യാത്രയാക്കാൻ സുരക്ഷാപരിശോധന നടത്തിയപ്പോൾ പിടിയിലാകുമെന്ന് സമദ് ഭയന്നു. തുടർന്ന് സ്വർണം ശുചിമുറിയിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു. അരക്കെട്ടിൽനിന്ന് ബാഗേജിലേക്ക് സ്വർണം മാറ്റാൻ ശ്രമിക്കുന്നതിനിടെ, യാത്രക്കാരെ നിരീക്ഷിക്കുകയായിരുന്ന സിഐഎസ്എഫുകാർക്ക് സംശയം തോന്നി കസ്റ്റംസിനെ വിവരം ധരിപ്പിച്ചു. ദേഹപരിശോധന നടത്തിയപ്പോഴാണ് ഹാൻഡ് ബാഗേജിൽ ഒളിപ്പിച്ച സ്വർണം കണ്ടെത്തിയത്. സ്വർണത്തിന് 70 ലക്ഷത്തിലേറെ രൂപ വിലവരും.  ഇയാൾക്കെതിരെ കസ്റ്റംസ് കേസെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top