02 July Wednesday

വൈക്കത്ത്‌ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് വിഷം കഴിച്ചു മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

ദാമോദരൻ

വൈക്കം > ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് വിഷം കഴിച്ചു മരിച്ചു. തലയാഴം തോട്ടകം കമ്മ്യൂണിറ്റി ഹാളിനു സമീപം പുത്തൻവീട്ടിൽ ദാമോദരനാണ് (64) ഭാര്യ സുശീല (58) യെ വെട്ടി പരിക്കേൽപ്പിച്ച ശേഷം വിഷം കഴിച്ചു മരിച്ചത്. കഴുത്തിന് പുറകിൽആഴത്തിൽമുറിവേറ്റ സുശീലയെ കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അടിയന്തിര ശസ്‌ത്രക്രിയയ്‌ക്ക് വിധേയയാക്കിയ സുശീല അപകടനില തരണം ചെയ്‌തതായി പൊലീസ് പറഞ്ഞു. ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ ദാമോദരനെ പിന്നീട് വീടിനു സമീപം തോടിനരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്‌ച  ഉച്ച കഴിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം.  രാവിലെ വൈക്കം മഹാദേവ ക്ഷേത്രത്തിൽ പോയ സുശീല ക്ഷേത്രത്തിലെ പ്രാതലൂട്ടിനുശേഷം ഉച്ചകഴിഞ്ഞാണ് വീട്ടിലേക്കു വന്നത്. പാടശേഖരത്തിനു നടുവിലാണ് ദാമോദരനും കുടുംബവും താമസിച്ചിരുന്നത്. ഇവർക്ക് ഒരു മകനുണ്ട്.  കുറച്ചുകാലമായി ദാമോദരൻ വീട്ടിൽ നിന്നു കുറച്ചുമാറി ആടുകളെ വളർത്തുന്ന ഷെഡിന്റ ഒരു ഭാഗത്താണ് താമസിക്കുന്നത്.

ബുധനാഴ്‌ച  ഉച്ച കഴിഞ്ഞ് ഈ ഷെഡിനടുത്ത് സുശീല എത്തിയപ്പോഴാണ് ദാമോദരൻ സുശീലയുമായി വഴക്കുകൂടിയത്. വഴക്കിനിടയിൽ സുശീലയെ വീഴ്ത്തിയശേഷം കറികത്തി കൊണ്ട് കഴുത്തിന്റ പുറകു ഭാഗത്ത് ഇയാൾ അറുക്കുകയായിരുന്നു. നിലവിളി കേട്ട് സമീപവാസിയായ സ്‌ത്രീയും മറ്റും ഓടിയെത്തി ഇയാളെ തടയാൻ ശ്രമിച്ചതിനെ തുടർന്ന് ദാമോദരൻ പാടത്തിലൂടെ ഓടി രക്ഷപ്പെട്ടു. പിന്നീട് പൊലീസ് എത്തി നടത്തിയ തെരച്ചിലിൽ ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തി. വൈക്കം താലൂക്ക് ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വൈക്കം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top