20 April Saturday

പുറത്താക്കിയതിനു പിന്നില്‍ സുധാകരന്റെ വ്യക്തിവൈരാഗ്യം മാത്രം: മമ്പറം ദിവാകരന്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

തലശേരി> കെപിസിസി പ്രസിഡന്റാകാന്‍ കെ സുധാകരന്‍ യോഗ്യനല്ലെന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ചെയര്‍മാനും കെപിസിസി മുന്‍ എക്സിക്യൂട്ടീവ് അംഗവുമായ മമ്പറം ദിവാകരന്‍. കെപിസിസി പ്രസിഡന്റെന്നത് മഹത്തായ പദവിയാണ്. കെ സുധാകരന്‍ പ്രസിഡന്റാകാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രസിഡന്റായശേഷം ഒന്നും പറഞ്ഞിട്ടില്ല. ഇനി  വായതുറന്നാല്‍ സുധാകരന് താങ്ങാനാകില്ല.

 ഇന്ദിരാഗാന്ധി ആശുപത്രിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിനെതിരെ മമ്പറം ദിവാകരന്‍ ആഞ്ഞടിച്ചത്. എന്നെ പാര്‍ടിയില്‍നിന്ന് പുറത്താക്കിയതിനുപിന്നില്‍ സുധാകരന്റെ വ്യക്തിവൈരാഗ്യം മാത്രമാണ്. ഞാന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ വന്നിട്ടും സുധാകരന്‍ തിരിഞ്ഞുനോക്കിയില്ല. ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് നിലപാട് ആരും അറിയിച്ചിട്ടില്ല.

ഡിസിസിയുടെ ഒരു നേതാവും സമീപിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും കെപിസിസിയോ ഡിസിസിയോ ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ല.  1992ല്‍ ആശുപത്രി പ്രസിഡന്റാകുമ്പോള്‍ ജൂബിലി റോഡിലെ വാടകക്കെട്ടിടത്തിലായിരുന്നു സ്ഥാപനം. ഇന്ന് ആറേക്കര്‍ സ്ഥലവും കെട്ടിടങ്ങളുമുണ്ട്. കുന്നോത്തുപറമ്പില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ ഏഴേക്കര്‍ വേറെയുമുണ്ട്.  ഇന്ദരാഗാന്ധിയുടെ സ്മാരകമായ ആശുപത്രിയെ നശിപ്പിക്കാന്‍ ആരുവന്നാലും വിടില്ല. ബ്രണ്ണന്‍ കോളേജില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എനിക്കെതിരെ മത്സരിച്ചയാളാണ് സുധാകരന്‍. എനിക്ക് 1400ലേറെ വോട്ടും സുധാകരന് 81 വോട്ടുമാണ് അന്ന് ലഭിച്ചത്. എ കെ ബാലനാണ് ജയിച്ചത്.

   മുഖ്യമന്ത്രി പിണറായി വിജയനും ഞാനും ഒരേ നാട്ടുകാരാണ്.ചെത്തുതൊഴിലാളിയുടെ മക്കളാണെന്നതില്‍ അഭിമാനിക്കുന്നവരാണ് ഞങ്ങള്‍. ധര്‍മടം മണ്ഡലത്തില്‍ ഒരുപാട് വികസന പദ്ധതികള്‍ കൊണ്ടുവരാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചു. പുറത്താക്കലിനുശേഷം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പിസി ചാക്കോയും വിളിച്ചിരുന്നു. നെഹ്റു കുടുംബത്തിനും കോണ്‍ഗ്രസിനുമൊപ്പം ജീവിതാന്ത്യംവരെയുണ്ടാകുമെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top