04 December Monday

"കിടക്കയിലേക്ക്‌ തള്ളിയിട്ട്‌ ഉപദ്രവിച്ചു'; മല്ലു ട്രാവലർക്കെതിരായ പീഡന പരാതിയിൽ സൗദി യുവതി

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

കൊച്ചി > വ്‌ളോഗർ മല്ലു ട്രാവലര്‍ക്കെതിരായ പീഡനപരാതിയിൽ തനിക്ക് സംഭവിച്ച ദുരവസ്ഥ വെളിപ്പെടുത്തി സൗദി യുവതി. ഒരു മീറ്റിംഗിനായി കൊച്ചിയിലെ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നും, മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന ഷാക്കിര്‍ സുബാന്‍ ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. തന്നെ കിടക്കയിലേക്ക് തള്ളിയിട്ടുവെന്നും, അവിടെവച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും അയാള്‍ അതിക്രമം തുടര്‍ന്നുവെന്നും യുവതി പങ്കുവെച്ച വിഡിയോയിൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് സൗദി യുവതി മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന ഷാക്കിര്‍ സുബാനെതിരെ എറണാകുളത്ത് പരാതി നൽകിയത്. തന്നെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്.

യുവതി യൂട്യൂബിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്‌ ഇങ്ങനെ:

"മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന ഷാക്കിര്‍ സുബാന്‍ എന്നെയും പങ്കാളി ജിയാനെയും ഒരു മീറ്റിംഗിനായി ഹോട്ടലിലേക്ക് ക്ഷണിച്ചു. ഞാന്‍ മാത്രമാണ് മുറിയുടെ അകത്തേക്ക് പോയത്, പങ്കാളി പുറത്തുനിന്നു. അവിടെ വച്ച് ഷാക്കിര്‍ എന്നോട് മോശമായി പെരുമാറി. എന്നെ കിടക്കയിലേക്ക് തള്ളിയിട്ട്, ശാരീരികമായി ആക്രമിച്ചു. പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും അയാള്‍ അതിക്രമം തുടര്‍ന്നു.

എന്തിനാണ് അനുവാദമില്ലാതെ എന്റെ ശരീരത്തില്‍ തൊടുന്നതെന്ന് ഞാന്‍ ചോദിച്ചു. താനൊരു പുരുഷനാണെന്നും തനിക്ക് വികാരങ്ങള്‍ ഉണ്ടെന്നുമായിരുന്നു അയാളുടെ മറുപടി. വീണ്ടും സ്വകാര്യഭാഗത്ത്‌ സ്‌പർശിച്ചു. അവിടെ നിന്ന് പുറത്തുകടന്ന ഞാന്‍ പങ്കാളിയേയും കൂട്ടി തിരികെ മുറിയിലേക്ക് പോകാമെന്ന്‌ പറഞ്ഞു. സംഭവിച്ചതെന്താണെന്ന് ഞാന്‍ അപ്പോള്‍ പറഞ്ഞില്ല. ഷാക്കിറുമായി പ്രശ്‌നമുണ്ടാക്കും എന്നറിയാവുന്നതുകൊണ്ടായിരുന്നു അത്. തിരിച്ച് ഞങ്ങളുടെ ഹോട്ടലില്‍ എത്തിയ ശേഷമാണ് ജിയാനോട് സംഭവിച്ചതെല്ലാം തുറന്നുപറഞ്ഞത്. പിന്നാലെ ഡല്‍ഹിയിലെ സൗദി എംബസിയിലും മുംബൈയിലെ സൗദി കോണ്‍സുലേറ്റിലും വിവരമറിയിച്ചു. എറണാകുളത്ത് പൊലീസിലും പരാതി നല്‍കി.

ഞാനൊരു നിയമബിരുദധാരിയാണ്. ഒരാളുടെ ശരീരത്തിലും അവരുടെ അനുവാദമില്ലാതെ സ്‌പര്‍ശിക്കാന്‍ ആര്‍ക്കും അനുമതിയില്ല. അതിഥി ദേവോ ഭവ എന്നാണ് ഇന്ത്യക്കാര്‍ അതിഥികളെ കണക്കാക്കുന്നത്. ഇതാദ്യമായാണ് എനിക്കിങ്ങനെ ഒരനുഭവം ഉണ്ടാകുന്നത്. കേരളത്തിലുള്ളവരോട്, പ്രത്യേകിച്ച് പെണ്‍കുട്ടികളോട് എനിക്ക് പറയാനുള്ളത് നിങ്ങള്‍ക്ക് ഇങ്ങനെയൊരു അനുഭവമുണ്ടായാല്‍ മടിച്ചുനില്‍ക്കരുത്, അത് തുറന്നുപറയാനും പൊലീസില്‍ പരാതി നല്‍കാനും തയ്യാറാകണം എന്നാണ്' - യുവതി വീഡിയോയിൽ പറഞ്ഞു.

യുവതി പറയുന്നത്‌ തെറ്റാണെന്ന്‌ അവകാശപ്പെട്ട്‌ മല്ലു ട്രാവലറും വീഡിയോ പങ്കുവച്ചിട്ടുണ്ട്‌. ഒരു ദിവസം രാത്രി സൗദി വനിതയും മലയാളിയായ യുവാവും കൊച്ചിയിലെ ഹോട്ടലില്‍ കാണാന്‍ വരികയും അല്‍പ്പ നേരം സംസാരിക്കുകയും ചെയ്‌തുവെന്നു മല്ലു ട്രാവലര്‍ പറയുന്നു. രണ്ടുപേര്‍ക്കുമൊപ്പം അല്‍പ്പനേരം കാറില്‍ യാത്രചെയ്‌തു. ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടെന്നും മല്ലു ട്രാവലര്‍ പറഞ്ഞു.

കൊച്ചിയില്‍ ഒരു ഫങ്ഷനുണ്ടായിരുന്നു. ഇവര്‍ വരുന്നതിന് മുമ്പ് തന്റെ സഹോദരനടക്കം രണ്ട് അതിഥികളുണ്ടായിരുന്നു. അപ്പോഴേക്കും രാത്രി 12 ആയി. ഈ വേളയിലാണ് സൗദി വനിതയും മലയാളി യുവാവും എത്തിയത്. അവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പറയാനാണ് എത്തിയത്. സാമ്പത്തിക സഹായം കിട്ടുമോ എന്നാണ് അവര്‍ ചോദിച്ചത്. സംസാര മധ്യേ പേഴ്‌സണലായി കുറച്ച് കാര്യങ്ങള്‍ പറയണം എന്ന് യുവതി ആവശ്യപ്പെട്ടു. ഈ വേളയില്‍ പയ്യന്‍ പുറത്ത് നിന്നു. വാതില്‍ ലോക്ക് ചെയ്‌തിട്ടില്ലായിരുന്നു.

ഒരു മിനുട്ട് മാത്രമാണ് യുവതിയുമായി സംസാരിച്ചത്. സോഷ്യല്‍ മീഡിയയില്‍ റീച്ച് വേണമെന്നാണ് യുവതിയുടെ ആവശ്യം. ഇരുവരും ദുഃഖകരമായ അവസ്ഥയിലായിരുന്നു. തുടര്‍ന്ന് മൂന്ന് പേരും ഡ്രൈവിന് പോയി. കാറില്‍ ഒന്ന് കറങ്ങി തിരിച്ച് ഹോട്ടലിലെത്തി. ശേഷം പിരിഞ്ഞു. ഇതാണ് അന്ന് രാത്രി നടന്നത്. അവര്‍ വന്നതും പോയതും ഒരുമിച്ചാണ്. ഇതിനിടയില്‍ പീഡിപ്പിച്ചുവെന്ന് പറയുന്നത് എന്ത് അര്‍ഥത്തിലാണ് - മല്ലു ട്രാവലർ പങ്കുവച്ച വീഡിയോയിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top