തൃശൂർ > സിപിഐ എം വിരുദ്ധത തലയ്‌ക്കടിച്ച് മനോരമയക്ക് മനോനില തെറ്റിയിരിക്കയാണെന്ന് സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയറ്റ്. സിപിഐ എമ്മിന് അടിപതറിയെന്നാണ് വ്യാഴാഴ്‌ചയിലെ കള്ളവാർത്ത. കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ താനും കുടുംബവും വിഷം കഴിച്ച് മരിക്കുമെന്ന് പ്രഖ്യാപിച്ച മാമ്മൻ മാപ്പിളയുടെ പത്രം ഇങ്ങനെ എഴുതിവിട്ടതിൽ അത്ഭുതമില്ല.
കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടിനെ മറയാക്കിയാണ് മാർക്സിസ്റ്റ് വിരുദ്ധ വാർത്താ കുത്തൊഴുക്ക്. മനോരമയുടെ വ്യാമോഹം വാർത്തയാക്കുന്നതിനു മുമ്പ് ജില്ലയിലെ രാഷ്ട്രീയസ്ഥിതി അവലോകനത്തിന് പത്രം തയ്യാറാകണം. അപ്പോൾ സിപിഐ എം മുന്നേറ്റം വ്യക്തമാവും.
ഇ പി ജയരാജൻ സെക്രട്ടറിയായി വന്നതുമുതൽ സിപിഐ എമ്മിന്റെ സ്വഭാവം മാറിയെന്നാണ് വാർത്ത. കോൺഗ്രസിന് ജില്ലയിൽ അടിപതറിയതിലുള്ള വിഷമമാണ് ഇതിലൂടെ വ്യക്തമാക്കുന്നത് 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ എം തൃശൂർ ജില്ലയിൽ വലിയ മുന്നേറ്റം നടത്തി. അതുവരെ ജില്ലയിൽ മഹാഭൂരിപക്ഷം സീറ്റുകളും കോൺഗ്രസ് മുന്നണിക്കായിരുന്നു. 2006ൽ പല സീറ്റുകളും യുഡിഎഫിൽനിന്ന് പിടിച്ചെടുത്തു. 2011ലും 2016ലും 2021ലും എൽഡിഎഫ് തകർപ്പൻ വിജയം നേടി. നിയമസഭാ മണ്ഡലങ്ങളിൽ 13 - ൽ 12ഉം തൃശൂർ കോർപറേഷനും ത്രിതല പഞ്ചായത്തുകളിൽ 86ൽ 68ഉം ബ്ലോക്ക് പഞ്ചായത്തുകളിൽ 16-ൽ 13ഉം മുനിസിപ്പാലിറ്റികളിൽ ഏഴിൽ അഞ്ചും എൽഡിഎഫ് നേടി.
കോൺഗ്രസിനും യുഡിഎഫിനും ജില്ലയിലുണ്ടായ തകർച്ചയിലെ തങ്ങളുടെ സങ്കടം മനോരമ വാർത്തയിൽ വ്യക്തമാകുന്നു. ബിജെപിയും കേന്ദ്ര ഏജൻസികളും ‘മ’കാര പത്രങ്ങളും നടത്തുന്ന കള്ളപ്രചാര വേലകൾക്ക് മറുപടി നൽകിയാണ് സിപിഐ എം മുന്നോട്ട് പോകുന്നത്. ആസൂത്രിതമായ നുണകൾ മാർക്സിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾ ഒന്നിച്ചു പറഞ്ഞാൽ സത്യമാകില്ല. ഇഡിയുടെ കള്ളക്കേസിൽ പ്രതിയായ ബിനീഷ് കോടിയേരിക്കെതിരെ എത്ര മാസങ്ങളാണ് നിറംപിടിപ്പിച്ച നുണകൾ മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ആഘോഷിച്ചത്. ഒടുവിൽ കർണാടക ഹെെക്കോടതി ആ കേസ് നിലനിൽക്കില്ലെന്ന് വിധിച്ചു. ഈ വാർത്ത വന്നപ്പോൾ ഏറ്റവും ചെറിയ കോളത്തിലാക്കി. ചാനലുകളാകട്ടെ ഒറ്റ വാർത്തയിൽ ഒതുക്കി. സിപിഐ എമ്മിന് വ്യക്തമായ സംഘടനാ രൂപമുണ്ട്. ഇതിനെ പുറത്തുള്ളവർ നയിച്ചുവെന്ന മനോരമ വാർത്ത, കോൺഗ്രസിന്റെ അനുഭവമോർത്താവും.
കേന്ദ്ര ഏജൻസികളുടെ പ്രചാരകരായി നുണപ്രവാഹം തീർക്കുന്ന മനോരമ ഉൾപ്പെടെയുള്ള പത്രങ്ങൾക്ക് പതിവുപോലെ വീണ്ടും നിരാശരാകേണ്ടിവരും. ഇപ്പോൾ നടത്തുന്ന നുണപ്രചാരണത്തിലൂടെ പാർടിക്ക് അടിപതറിയെന്നത് മാനോരമയുടെ വ്യാമോഹം മാത്രമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..