29 March Friday

മലപ്പുറം ജില്ലാ ബാങ്കിലെ വായ്‌പ 
ലീഗ്‌ നേതാവ്‌ തിരിച്ചടച്ചില്ല

വി കെ ഷാനവാസ്‌Updated: Monday Jan 16, 2023


എടക്കര (മലപ്പുറം)
മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽനിന്ന് മുസ്ലിംലീഗ് ജില്ലാ നേതാവ്‌ എടുത്ത കോടികളുടെ വായ്‌പ തിരിച്ചടച്ചില്ല. മുസ്ലിംലീഗ്  ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഇസ്മയിൽ മൂത്തേടത്തിന്റെ  ഭാര്യ, മകൻ , അടുത്ത ബന്ധുക്കൾ എന്നിവർ എടുത്ത  1,83,50,000 രൂപ വായ്‌പയാണ്‌ കുടിശ്ശികയാക്കിയത്‌. നിയമസഭയിൽ ആഗസ്‌ത്‌ 24ന്‌ പി വി അൻവറിന്റെ ചോദ്യത്തിന്‌ സഹകരണ മന്ത്രി നൽകിയ മറുപടിയിലാണ്‌ ഇക്കാര്യമുള്ളത്‌. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനെതിരെ പരാതി നൽകാൻ യുഡിഎഫ് രൂപീകരിച്ച സഹകരണ സെൽ കൺവീനറാണ്‌ ഇസ്‌മയിൽ.

ജില്ലാ സഹകരണ ബാങ്കിന്റെ എടക്കര ശാഖയിൽനിന്ന്‌ 2016 മുതൽ നാലു വായ്പകളിലായാണ്‌ 1,83,50,000 രൂപ എടുത്തത്‌.  2016 മാർച്ച് 31ന് 26 ലക്ഷം, സെപ്തംബർ 27ന് 50 ലക്ഷം, 2017 മാർച്ച് 31ന് 50 ലക്ഷം, 57.5 ലക്ഷം എന്നിങ്ങനെയാണ്‌ വായ്‌പ. ഇവയൊന്നും തിരിച്ചടയ്ക്കാത്തതിനാൽ സർഫാസി ആക്ട്‌ പ്രകാരം നിയമ നടപടി തുടങ്ങിയതായും മറുപടിയിൽ പറയുന്നു.

ഇസ്‌മയിൽ മൂത്തേടം എടുത്ത വായ്‌പകളെ സംബന്ധിച്ച്‌ ജില്ലാ സഹകരണ ബാങ്കിന്റെ സ്‌പെഷ്യൽ സെയിൽസ്‌ ഓഫീസർ എടക്കര ശാഖയിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട്‌ 2020 ഫെബ്രുവരി 26ന്‌ സഹകരണ ജോ. രജിസ്‌ട്രാർക്ക്‌ സമർപ്പിച്ചിരുന്നു. നാലു വായ്‌പകളെയും സംബന്ധിച്ച്‌ വിശദമായ റിപ്പോർട്ടാണ്‌ നൽകിയത്‌. 2016 മാർച്ച്‌ 31ന്‌ സഹോദരൻ അബൂബക്കറിന്റെ പേരിൽ 26 ലക്ഷം രൂപ വായ്‌പയെടുത്തു. 2016 സെപ്‌തംബർ 27ന്‌ 50 ലക്ഷം രൂപ വായ്‌പയെടുത്തത്‌ ഇസ്‌മയിലിന്റെ മകൻ ആസിഫ്‌ അലിയുടെ പേരിലാണ്‌. ഈടുനൽകിയത്‌ ഇസ്‌മയിലിന്റെ പേരിലുള്ള മൂത്തേടം വില്ലേജിലെ 43 സെന്റ്‌ സ്ഥലവും അതിലുള്ള വീടും. 2017 മാർച്ച്‌ 31ന്‌ ഭാര്യ റംലത്തിന്റെ പേരിൽ 50 ലക്ഷവും ഭാര്യാ സഹോദരിയുടെ ഭർത്താവ്‌ ഹംസ വില്ലന്റെ പേരിൽ 57.50 ലക്ഷവും എടുത്തു.  മൂത്തേടം സർവീസ്‌ സഹകരണ ബാങ്ക്‌, ചുങ്കത്തറ സർവീസ് സഹകരണ ബാങ്ക്‌ എന്നിവിടങ്ങളിലും ലക്ഷങ്ങളുടെ കുടിശ്ശികയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top