25 April Thursday
അന്തിമ ഉത്തരവിനെ ചോദ്യം ചെയ്യാത്തിടത്തോളം സ്‌റ്റേ അനുവദിക്കാനാകില്ലെന്നും നിരീക്ഷണം

മലപ്പുറം ജില്ലാ ബാങ്ക്‌ കേരള ബാങ്കിൽ ലയിപ്പിച്ചതിനെതിരായ ഹർജി തള്ളി

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023



ന്യൂഡൽഹി
മലപ്പുറം ജില്ലാ സഹകരണബാങ്ക്‌ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനെതിരെ യു എ ലത്തീഫ്‌ എംഎൽഎ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. അടിയന്തര സ്‌റ്റേ  ആവശ്യപ്പെട്ട്‌ നൽകിയ ഹർജി ജസ്റ്റിസുമാരായ ദിനേശ്‌ മഹേശ്വരി, ബേലാ എം ത്രിവേദി എന്നിവർ അംഗങ്ങളായ ബെഞ്ചാണ്‌ തള്ളിയത്‌.

സഹകരണനിയമം ഭേദഗതി ചെയ്‌ത്‌ ഉൾപ്പെടുത്തിയ 74 എച്ച്‌ വകുപ്പ്‌ പ്രകാരമാണ്‌ ലയന നടപടി തുടങ്ങിയത്‌. ഈ ഭേദഗതി പ്രകാരം സഹകരണ രജിസ്‌ട്രാർ പുറപ്പെടുവിച്ച അന്തിമ ഉത്തരവിനെ ബാങ്ക്‌ പ്രസിഡന്റുകൂടിയായ യു എ ലത്തീഫും വൈസ്‌ പ്രസിഡന്റ്‌ പി ടി അജയമോഹനും ഉൾപ്പെടെയുള്ള ഹർജിക്കാർ ചോദ്യം ചെയ്‌തിരുന്നില്ല. അന്തിമ ഉത്തരവിനെ ചോദ്യം ചെയ്യാത്തിടത്തോളം സ്‌റ്റേ അനുവദിച്ച്‌ ഇടക്കാല ഉത്തരവിറക്കാനാകില്ല. ഹർജിക്കാർക്ക്‌ ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.

നിയമപരമായ നടപടി പൂർത്തിയാക്കി റിസർവ്‌ ബാങ്കിന്റെ അനുമതി വാങ്ങിയശേഷമാണ്‌ ജില്ലാ സഹകരണബാങ്കുകൾ കേരള ബാങ്കിൽ ലയിപ്പിച്ചതെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കെ വി വിശ്വനാഥൻ, സ്റ്റാൻഡിങ്‌ കോൺസൽ സി കെ ശശി എന്നിവർ വാദിച്ചു. ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത്‌ ദവേ, മനീന്ദർ സിങ്‌, അഡ്വ. ഹാരീസ്‌ ബീരാൻ എന്നിവർ ഹാജരായി.

സർക്കാർ നിലപാടിന്‌ അംഗീകാരം
സുപ്രീംകോടതിവിധിയോടെ  സംസ്ഥാന സർക്കാർ നിലപാടാണ് ശരിയെന്ന്‌ തെളിഞ്ഞതായി മന്ത്രി വി എൻ വാസവൻ. ഹൈക്കോടതി തള്ളിയ സ്റ്റേ ആവശ്യമാണ്‌ സുപ്രീംകോടതിയും നിരാകരിച്ചത്‌.  ജനങ്ങൾക്കും നാടിനും ഗുണകരമായ തീരുമാനമാണ്‌ സംസ്ഥാനം നടപ്പാക്കിയത്‌. അതിനെതിരെ കോടതിയെ സമീപിച്ചവരുടെ നീക്കം പൂർണമായും പരാജയപ്പെട്ടു. നിയമപരമായ അടിത്തറയിൽനിന്നാണ്‌ സർക്കാർ എല്ലാ കാര്യവും ചെയ്തതെന്ന് തെളിഞ്ഞതെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top