20 April Saturday

മലബാറിൽ നിന്നും ഗൾഫിലേക്ക്‌ യാത്രാ കപ്പൽ സർവീസ്‌ പരിഗണനയിൽ: മന്ത്രി അഹമ്മദ്‌ ദേവർകോവിൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

തിരുവനന്തപുരം > പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ യാത്രാ കപ്പൽ സർവീസ് ആരംഭിക്കുവാൻ നോർക്കയുമായി സഹകരിച്ച് പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. മലബാർ ഡെവലപ്പ്മെന്റ് കൗൺസിലിന്റെയും കേരള മാരിടൈം ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കേരള യുഎഇ സെക്‌ടറിൽ കപ്പൽ സർവ്വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് മാരിടൈം ബോർഡിന്റെയും കപ്പൽ കമ്പനി പ്രതിനിധികളുടെയും സംയുക്ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

വിദേശ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളിൽ നിന്ന് വിമാന കമ്പനികൾ ഉത്സവ സീസണുകളിൽ ഭീമമായ തുകയാണ് യാത്രക്കായി ഈടാക്കുന്നത്. തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും യാത്രക്കായി മാറ്റിവെക്കേണ്ട സാഹചര്യമാണ് പ്രവാസികൾക്ക് നിലവിലുള്ളത്. പ്രവാസികളുടെ യാത്രാപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ 15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതു കൂടി ഉപയോഗപ്പെടുത്തി കപ്പൽ സർവീസ് ആരംഭിക്കാനാണ് ആലോചന.

യാത്രാ ഷെഡ്യുളും നിരക്കും തീരുമാനിച്ചതിന് ശേഷം യാത്രക്കാരെ കണ്ടെത്തുന്നതിനായി നോർക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരള മാരിടൈം ബോർഡ് ചെയർമാൻ എൻഎസ് പിള്ള , സി ഇ ഒ സലീം കുമാർ, എംഡിസി പ്രസിഡന്റ് ഷെവലിയാർ സി ഇ ചാക്കുണ്ണി, എംഡിസി ജെനറൽ സെക്രട്ടറി അഡ്വ. എം.കെ. അയ്യപ്പൻ,  എംഡിസി വൈസ് പ്രസിഡന്റ് സുബൈർ തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top