19 April Friday

തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 11, 2022


പന്തളം
മകരവിളക്ക്‌ ഉത്സവത്തിന്‌ ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ ബുധനാഴ്‌ച പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്ക് കൊണ്ടുപോകും. പതിനാലിനാണ് മകരവിളക്ക്. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തില്‍ സൂക്ഷിച്ച തിരുവാഭരണങ്ങളാണ് ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം ശിരസിലേറ്റി കാൽനടയായി ശബരിമലയിലെത്തിക്കുക. പന്തളം കൊട്ടാരം മുതിർന്ന പ്രതിനിധി പി രാമവർമ രാജയുടെ  പ്രതിനിധിയായി ശങ്കർ വർമ ഘോഷയാത്രയെ നയിക്കും.

12-ന് പുലർച്ചെ ആഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തില്‍ എത്തിക്കും. പകൽ 11 വരെ ആഭരണങ്ങൾ ദർശിക്കാന്‍ സൗകര്യമുണ്ടാകും. ഉച്ചയോടെ രാജപ്രതിനിധി പല്ലക്കില്‍ യാത്രതിരിക്കും. പകല്‍ ഒന്നിന് തിരുവാഭരണങ്ങളടങ്ങിയ പേടകങ്ങളുമായി ശബരിമലയ്ക്ക് യാത്രയാകും.

കുളനട, ഉള്ളന്നൂർ, ആറന്മുള വഴി അയിരൂർ പുതിയകാവ് ക്ഷേത്രത്തിലെത്തുന്ന സംഘം ആദ്യദിവസം അവിടെ വിശ്രമിക്കും.  13ന്  പെരുനാട് വഴി ളാഹ വനംവകുപ്പ് സത്രത്തിലെത്തി വിശ്രമിക്കും. 14ന്  കാനനപാതയിലൂടെയാണ്  ഘോഷയാത്ര  പോകുക. പ്ലാപ്പള്ളിയിൽ നിന്നും അട്ടത്തോട് വഴി വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകിട്ട് ശബരിമലയിലെത്തും. മൂന്നാം ദിവസം മലകയറുന്ന രാജപ്രതിനിധി ശബരിമലയിൽ നടക്കുന്ന കളഭവും മാളികപ്പുറത്ത് നടക്കുന്ന കുരുതിയും കഴിഞ്ഞാണ് നടയടച്ച് ആഭരണങ്ങളുമായി  മടങ്ങുക.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top