26 April Friday

മഹാരാജാസ്‌ മറക്കില്ല; ചുവന്നു പുലർന്ന രാത്രി

പ്രത്യേക ലേഖകൻUpdated: Sunday Aug 14, 2022

മഹാരാജാസ്‌ കോളേജിലെ വിദ്യാർഥികൾ ഹിൽപാലസിലേക്ക് നടത്തിയ മാർച്ച് (ഫയൽചിത്രം)

കൊച്ചി
രാജ്യം സ്വാതന്ത്ര്യത്തിലേക്ക്‌ മിഴിതുറന്ന രാത്രി, 75–-ാംവാർഷികത്തിലും മഹാരാജാസിന്‌ മറക്കാനാകില്ല.    ബ്രിട്ടീഷ്‌ പതാകയും രാജാവിന്റെ കൊടിയും ഒരുമിച്ചിറക്കി ദേശീയപതാക ഉയർത്തിയതിന്‌ രാജഭക്തരുടെ അടിയേറ്റ്‌ വിദ്യാർഥികൾ ചോരയിൽ കുളിച്ചുവീണ രാത്രി. സ്വാതന്ത്ര്യം പുലരുന്ന രാത്രി കലാപരിപാടികളോടെ ആഘോഷിക്കുകയായിരുന്നു മഹാരാജാസ്‌ കോളേജിലെ വിദ്യാർഥികൾ.  ദേശീയപതാകയ്‌ക്കൊപ്പം രാജാവിന്റെ പതാകയും ഉയർത്താനായിരുന്നു കോളേജ്‌ അധികൃതരുടെയും രാജഭക്തരുടെയും തീരുമാനം. എന്നാൽ, ദേശീയപതാകമാത്രം ഉയർത്തിയാൽ മതിയെന്ന്‌ വി വിശ്വനാഥമേനോന്റെ നേതൃത്വത്തിൽ അഖിലകൊച്ചി വിദ്യാർഥി ഫെഡറേഷനും തമ്മനത്ത്‌ അരവിന്ദാക്ഷമേനോന്റെ നേതൃത്വത്തിൽ അഖിലകൊച്ചി വിദ്യാർഥി കോൺഗ്രസും യോജിച്ച തീരുമാനത്തിലെത്തി.

രാത്രി 12ന്‌ പ്രിൻസിപ്പലും കോളേജ്‌ യൂണിയനിലെ ഒരു വിഭാഗവും രണ്ടു പതാകയും ഒന്നിച്ച്‌ ഉയർത്താനെത്തി. എന്നാൽ, വിശ്വനാഥമേനോന്റെ നേതൃത്വത്തിൽ ദേശീയപതാകമാത്രം ഉയർത്താൻ തുടങ്ങിയതോടെ രാജഭക്തർ അടി തുടങ്ങി. പലർക്കും പരിക്കേറ്റു. മറ്റുള്ളവർ കൊച്ചി നാട്ടുരാജ്യത്തിന്റെ പ്രധാനമന്ത്രി പനമ്പിള്ളി ഗോവിന്ദമേനോന്റെ വീട്ടിലെത്തി. വി വിശ്വനാഥമേനോനൊപ്പം എ സുലോചന, ഡോ. എൻ എ കരീം, കെ എ ചന്ദ്രഹാസൻ, കെ കെ സത്യവ്രതൻ, കെ എ അഹമ്മദ്‌, എൻ വി മാത്യു, ടി സി എൻ മേനോൻ, തമ്മനത്ത്‌ അരവിന്ദാക്ഷമേനോൻ, വൈലോപ്പിള്ളി രാമൻകുട്ടിമേനോൻ, കെ ജി മേനോൻ, എൻ സുന്ദരേശൻ തുടങ്ങിയ വിദ്യാർഥികളായിരുന്നു മുൻനിരയിൽ.  അദ്ദേഹം വിദ്യാർഥികളെ ശാന്തരാക്കിവിട്ടെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.   

പിറ്റേന്ന്‌ രണ്ടാംവർഷ ബിഎ വിദ്യാർഥിനി എ സുലോചന വീണ്ടും ദേശീയപതാക ഉയർത്തി. വിദ്യാർഥികളെ മർദിച്ചവരെ ശിക്ഷിക്കുംവരെ പഠിപ്പുമുടക്കും പ്രഖ്യാപിച്ചു. 19ന്‌ കോളേജ്‌ ഗേറ്റിൽ വിദ്യാർഥികളെ പൊലീസ്‌ മർദിച്ചു. തുടർന്ന്‌ രാജാവിനെ കണ്ട്‌ നിവേദനം നൽകാൻ  ഹിൽപാലസിലേക്ക്‌ വിദ്യാർഥികൾ ലോങ്‌ മാർച്ച്‌ നടത്തി.  ജാഥയുടെ പേരിൽ 17 വിദ്യാർഥികളെ പുറത്താക്കി. ഇതിൽ പ്രതിഷേധിച്ച്‌ മറ്റ്‌ വിദ്യാലയങ്ങളിലും  പഠിപ്പുമുടക്ക്‌ നടന്നു. ബഹുജനങ്ങളും സമരം ഏറ്റെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top