28 March Thursday

അറ്റകുറ്റപ്പണി പൂർത്തിയാകുന്നു ; ലഗൂൺ അടുത്തയാഴ്‌ചമുതൽ 
ലക്ഷദ്വീപ്‌ സർവീസിന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022


കൊച്ചി
മാസങ്ങളായി ലക്ഷദ്വീപുകാർ അനുഭവിക്കുന്ന  യാത്രാദുരിതത്തിന്‌ ചെറിയ ആശ്വാസമായി എംവി ലഗൂൺ എന്ന യാത്രാക്കപ്പൽ തിരിച്ചെത്തുന്നു. കൊച്ചി കപ്പൽശാലയിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാണ്‌ ജൂലൈ ഏഴിന്‌ കൊച്ചി ലക്ഷദ്വീപ്‌ പാതയിലെ സർവീസ്‌ പുനരാരംഭിക്കുന്നത്‌. സംസ്ഥാന തുറമുഖമന്ത്രി അഹമ്മദ്‌ ദേവർകോവിൽ തന്റെ ഫെയ്‌സ്‌ബുക് പേജിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. ആവശ്യത്തിന്‌ യാത്രാസൗകര്യമില്ലാതെ ലക്ഷദ്വീപിലെ രോഗികൾ ഉൾപ്പെടെയുള്ളവർ നരകയാതനയാണ്‌ അനുഭവിക്കുന്നതെന്നും മന്ത്രി കുറിച്ചു.

മാസങ്ങളായി കൊച്ചി കപ്പൽശാലയിൽ അറ്റകുറ്റപ്പണിയിലുള്ള കപ്പൽ ചൊവ്വാഴ്‌ച ഡ്രൈഡോക്കിൽനിന്ന്‌ പുറത്തിറക്കി. ലക്ഷദ്വീപിലേക്ക്‌ യാത്രാസർവീസ് നടത്തുന്ന അഞ്ചു കപ്പലുകളിൽ വലുതാണ്‌ ലഗൂൺ. മറ്റു തുടർപരിശോധനകൾകൂടി പൂർത്തിയായാൽ ജൂലൈ ഏഴിന് കപ്പൽ സർവീസ് പുനരാരംഭിക്കും. 700 പേർക്ക്‌ സഞ്ചരിക്കാവുന്ന ഏറ്റവും വലിയ കപ്പലായ എംവി കവരത്തി തീപിടിത്തത്തെതുടർന്ന്‌  അറ്റകുറ്റപ്പണികളിലാണ്‌. ഷിപ്പിങ് കോർപറേഷൻ നടത്തുന്ന അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടില്ല. ഒരുമാസത്തിനകം എത്തിച്ച്‌ സർവീസ് തുടങ്ങാനാകുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.  മറ്റൊരു കപ്പലായ എംവി ലക്ഷദ്വീപ്‌ സീയും അറ്റകുറ്റപ്പണികളിലാണ്‌. നിലവിൽ എംവി അറേബ്യൻ സീയും എംവി കോറലും മാത്രമാണ്‌ ലക്ഷദ്വീപ്‌ സർവീസിലുള്ളത്‌. ചരക്കുനീക്കത്തിന്‌ ഉപയോഗിക്കുന്ന 600 ടൺ വാഹകശേഷിയുള്ള എംവി ഉബൈദുള്ള, എംവി ലക്ഷദ്വീപ് എന്നീ ബാർജുകൾ സർവീസ് തുടങ്ങിയിട്ടുണ്ട്.

അഞ്ചു യാത്രാക്കപ്പലുകളിൽ മൂന്നും സർവീസിലില്ലാത്തതിനാൽ മാസങ്ങളായി ലക്ഷദ്വീപുകാർ കടുത്ത യാത്രാക്ലേശമാണ്‌ അനുഭവിക്കുന്നത്‌. രോഗികൾക്ക്‌ നേരത്തിന്‌ ചികിത്സ കിട്ടാത്തസ്ഥിതിയാണ്‌. പല ആവശ്യത്തിന്‌ കേരളത്തിലേക്ക്‌ വന്ന നൂറുകണക്കിനാളുകൾ ആഴ്‌ചകളോളം കൊച്ചിയിലും കോഴിക്കോടും കുടുങ്ങി. യാത്രാപ്രശ്‌നം അതിരൂക്ഷമായിട്ടും പകരം യാത്രാക്കപ്പലുകൾ ആവശ്യപ്പെടാൻപോലും ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേഷൻ തയ്യാറായില്ല. ഇതിനെതിരെ ദ്വീപിലും കൊച്ചിയിലും ഡിവൈഎഫ്‌ഐ ഉൾപ്പെടെ സംഘടനകൾ പ്രതിഷേധിച്ചു.
ലക്ഷദ്വീപിലെ യാത്രാക്ലേശം ശാശ്വതമായി പരിഹരിക്കാനും കൂടുതൽ നവീനമാക്കാനും കേരള സർക്കാർ സാധ്യമായ എല്ലാ സഹായവും തുടർന്നും നൽകുമെന്ന്‌ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ പറഞ്ഞു. പൊന്നാനി, കൊല്ലം, ബേപ്പൂർ തുറമുഖങ്ങളിൽനിന്ന്‌ ലക്ഷദ്വീപിലേക്ക്‌ യാത്രാക്കപ്പൽ സർവീസ് ആരംഭിക്കാൻ ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top