18 April Thursday

ദുരന്തനിവാരണത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കണം: മന്ത്രി എം വി ഗോവിന്ദന്‍

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021


തിരുവനന്തപുരം
സംസ്ഥാനത്ത് ന്യൂനമർദത്തെ തുടർന്നുണ്ടായ കനത്ത കാലവർഷ കെടുതികളുടെ പശ്ചാത്തലത്തിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സജീവമായി രംഗത്തിറങ്ങി കഴിഞ്ഞുവെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. മഴക്കെടുതി രൂക്ഷമായ ജില്ലകളിൽ ജില്ലാതലത്തിലും പഞ്ചായത്തുതലത്തിലും കൺട്രോൾ റൂമുകൾ ആരംഭിക്കാൻ നിർദേശം നൽകി. ജില്ലാതലത്തിൽ ഒരു നോഡൽ ഓഫീസർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരുടെ ഓഫീസുകളിലും പഞ്ചായത്തുകളിലും അടിയന്തര യോഗം വിളിച്ചുചേർത്ത് സ്ഥിതിവിവരം വിലയിരുത്തുന്നുണ്ട്. ഓറഞ്ച് ബുക്ക് 2021ലെ മാനദണ്ഡങ്ങൾ പാലിച്ചു മുൻകരുതലുകളും മറ്റ് തയ്യാറെടുപ്പുകളും കൊക്കൊള്ളുന്നുണ്ട്. ദുരന്തസാധ്യത മനസ്സിലാക്കി രക്ഷാപ്രവർത്തനങ്ങളും മറ്റ് സഹായങ്ങളും ലഭ്യമാക്കാൻ ആവശ്യമായ റിസോഴ്‌സുകൾ കണ്ടെത്തി സജ്ജമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്നും മന്ത്രി നിർദേശിച്ചു.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക മേഖലകളിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പുകളിൽ റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് ആവശ്യമായ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ കൈക്കൊള്ളണം. അവിടങ്ങളിൽ ശുദ്ധമായ കുടിവെള്ളമെത്തിക്കാനും ശുചിമുറികൾ വൃത്തിയായി സൂക്ഷിക്കാനും നടപടികൾ സ്വീകരിക്കണം. മാസ്‌കുകളും സാനിറ്റൈസറും ആവശ്യമെങ്കിൽ പിപിഇ കിറ്റും ലഭ്യമാക്കണം. സന്നദ്ധപ്രവർത്തനങ്ങൾക്കും ആളുകളെ മാറ്റി പാർപ്പിക്കാനും മറ്റും ആവശ്യമായ സന്നദ്ധപ്രവർത്തകരുടെ വിശദാംശങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ക്രോഡീകരിക്കണം. ഈ എമർജൻസി റെസ്‌പോൺസ് ടീമിന്റെ വിശദാംശങ്ങൾ ആവശ്യമെങ്കിൽ ജില്ലാതല ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറണമെന്നും മന്ത്രി പറഞ്ഞു.

വനമേഖലകളിൽ കനത്തമഴ പെയ്തതും മണ്ണിടിച്ചിലിന് സാധ്യതയുള്ളതുമായ പ്രദേശങ്ങൾ വനം വകുപ്പിന്റെയും ആദിവാസി പ്രമോട്ടർമാരുടെയും സഹായത്തോടെ മനസ്സിലാക്കി മുൻകരുതലുകൾ കൈക്കൊള്ളണമെന്നും മന്ത്രി എം വി ഗോവിന്ദൻ  പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top