09 December Saturday

മണ്ഡല സദസ്സുകൾ വിജയമാക്കും : എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023


തിരുവനന്തപുരം
സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന്‌ സംഘടിപ്പിക്കുന്ന മണ്ഡല സദസ്സുകൾ എൽഡിഎഫിനൊപ്പം ചേർന്ന്‌ വിജയിപ്പിക്കുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സർക്കാരിനും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വൻതോതിലുള്ള കള്ളപ്രചാരവേല നടക്കുകയാണ്‌. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ക്ഷേമകാര്യങ്ങളും പൂർണമായും ജനങ്ങളിലെത്തിക്കുകയും അവരുടെ അഭിപ്രായങ്ങൾ തേടിയുള്ള സംവാദവുമാണ്‌ ലക്ഷ്യമിടുന്നത്‌. ഏറ്റവും മികച്ച നിലയിൽ പ്രവർത്തിക്കുന്ന സർക്കാരിന്റെ മുന്നോട്ടുപോക്കിന്‌ കൂടുതൽ കരുത്ത്‌ പകരും.

സർക്കാരിന്റെ പ്രവർത്തനം അവലോകനം ചെയ്യുന്ന രേഖ പാർടി സെക്രട്ടറിയറ്റും സംസ്ഥാന കമ്മിറ്റിയും ചർച്ച ചെയ്തു. കഴിഞ്ഞ സർക്കാർ തുടങ്ങിവച്ചവയുടെ പൂർത്തീകരണം, പ്രകടന പത്രികയിൽ പറഞ്ഞവ പ്രാവർത്തികമാക്കൽ, പുതുതായി ഉയർന്നുവന്ന പ്രശ്നങ്ങളുടെ പരിഹാരം എന്നിങ്ങനെയാണ്‌  വിലയിരുത്തിയത്‌. ലൈഫ്‌ പദ്ധതി വഴി നാലുലക്ഷം കുടുംബങ്ങൾക്ക്‌ വീട്‌നൽകി, അത്‌ കൂടുതൽ പേരിലേക്ക്‌ എത്തുകയാണ്‌. കെ ഫോണും സേഫ്‌ കേരള പദ്ധതിയുടെ ഭാഗമായി എഐ കാമറ പദ്ധതിയും പ്രാവർത്തികമായി. ദേശീയപാതകളുടേയും മലയോര–-തീരദേശ പാതകളുടേയും പണിനടക്കുന്നു. കാലങ്ങളായി നിലനിന്ന ഭൂപതിവ്‌ പ്രശ്നം നിയമവും ചട്ടവും പാസാക്കിയതിലൂടെ പരിഹരിക്കപ്പെടുകയാണ്‌.  ദേവസ്വം ബോർഡുകൾക്ക്‌ 518 കോടി രൂപ അനുവദിച്ചു. നാല്‌ സർവകലാശാലകൾ ഇന്ത്യയിലെ മികച്ച നൂറിൽ എത്തി. തദ്ദേശ സ്ഥാപനങ്ങളും സഹകരണ മേഖലയും ചേർന്ന്‌ പ്രാദേശിക വികസന രംഗത്ത്‌ കൂടുതൽ ഇടപെടൽ നടത്തേണ്ടതുണ്ട്‌. കേന്ദ്രസർക്കാരിന്റെ കടുത്ത ഞെരുക്കലിനിടയിലും വ്യവസായ–-വിനോദസഞ്ചാര മേഖലയിലടക്കം മുന്നേറാൻ കഴിയുന്നു.

കേരളത്തിലെ ജനങ്ങൾക്ക്‌ നേരെ കേന്ദ്രം നടത്തുന്ന യുദ്ധപ്രഖ്യാപനത്തിനെതിരായ സമരം തുടരും. സ്വയം അധികാരകേന്ദ്രങ്ങളാകുന്ന പ്രവണതകൾ ഇല്ലാതാക്കാനുള്ള ഫലപ്രദമായ നടപടി എല്ലാവരും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.


പുറത്തുവന്നത്‌ ചെന്നിത്തലയുടെ അമർഷം
ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുണ്ടായിട്ടും തന്നെ അവഗണിച്ച്‌ വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതിലുള്ള അമർഷമാണ്‌ ഉമ്മൻചാണ്ടിയുടെ ആത്മകഥയായ ‘കാലം സാക്ഷി’യിലെ വാക്കുകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിലൂടെ രമേശ്‌ ചെന്നിത്തല പ്രകടിപ്പിച്ചതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.  എംഎൽഎമാർ പിന്തുണച്ചെങ്കിലും ഹൈക്കമാൻഡ്‌ ഇടപെടലിൽ വി ഡി സതീശൻ പ്രതിപക്ഷ നേതാവായി. തന്നെ തഴയുന്ന നിലപാട്‌ തുടരുന്നതിനാൽ ഇനി മത്സരിക്കാനില്ലെന്നു പറഞ്ഞ്‌ കെ മുരളീധരൻ തുടർച്ചയായി പ്രതിഷേധിക്കുന്നു. പുതുപ്പള്ളിയിൽ കെ സുധാകരനും വി ഡി സതീശനും വാർത്താസമ്മേളനത്തിൽ മൈക്കിന്‌ തർക്കിച്ചതും തുടർന്ന്‌ സംഭവിച്ച കാര്യങ്ങളും നാട്ടിൽ ചർച്ചയാണ്‌. ഇതെല്ലാം കോൺഗ്രസിനെയും യുഡിഎഫിനെയും വിലയിരുത്താൻ ജനങ്ങളെ സഹായിക്കും.

സമൂഹമാധ്യമങ്ങളിൽ സ്‌ത്രീകളെ തുടർച്ചയായി അധിക്ഷേപിച്ച്‌ ഒടുവിൽ അറസ്റ്റിലായ കോൺഗ്രസ്‌ പ്രവർത്തകൻ അബിൻ ഇതെല്ലാം ചെയ്യുന്നത്‌ നേതാക്കളുമായി ആലോചിച്ചാണെന്ന്‌ വ്യക്തമാണ്‌. സ്‌ത്രീകൾക്കുനേരെ കേട്ടാലറയ്ക്കുന്ന ഭാഷയിലാണ്‌ പോസ്റ്റുകൾ. ഇതാണോ ഇവന്റ്‌ മാനേജ്‌മെന്റ്‌ ഗ്രൂപ്പിനെയും മറ്റുമുപയോഗിച്ച്‌  കോൺഗ്രസ്‌ നടത്തുന്ന ‘ആധുനിക പ്രചാരണ രീതി’യെന്നും അദ്ദേഹം ചോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top