26 April Friday

സഭയിലെ സംഘർഷം എംപിമാരുടെ പരാതിയിൽനിന്ന്‌ ശ്രദ്ധതിരിക്കാൻ : എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023


കൊല്ലം
മോദിയുടെ ജനാധിപത്യഹത്യ യുഡിഎഫ്​ കേരളത്തിൽ അതേപടി  പകർത്തുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. നിയമസഭയിലും സ്‌പീക്കറുടെ ഓഫീസിലും സംഘർഷമുണ്ടാക്കിയത്‌ ഇതിന്റെ ഭാഗമാണ്‌. മതനിരപേക്ഷ- ജനാധിപത്യവാദികൾ ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതിഷേധിക്കണം. ജനകീയ പ്രതിരോധജാഥയുടെ ഭാഗമായി കൊല്ലത്ത്‌ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ സുധാകരന്റെയും വി ഡി സതീശന്റെയും നേതൃത്വം പോരെന്ന്‌ എംപിമാർ ഉൾപ്പെടെ ഹൈക്കമാൻഡിൽ പരാതി പറഞ്ഞിട്ടുണ്ട്‌.  അതിൽനിന്ന്‌ ജനശ്രദ്ധ തിരിക്കാൻ നിയമസഭയെ പ്രതിപക്ഷം സംഘർഷവേദിയാക്കുകയാണ്‌.

സ്‌പീക്കറെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന നിലപാട്‌ ഒരുതരത്തിലും അംഗീകരിക്കാനാകില്ല. നിയമസഭയിൽ പ്രതിഷേധിക്കാനും അടിയന്തര പ്രമേയം കൊണ്ടുവരാനും പ്രതിപക്ഷത്തിന്‌ അവകാശമുണ്ട്‌. എന്നാൽ, അടിയന്തര പ്രമേയ നോട്ടീസ്‌ സ്വീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അധികാരം സ്‌പീക്കർക്കാണ്‌. അതിനെതിരെ സഭയ്‌ക്കുള്ളിലെ പ്രതിഷേധത്തിനുപുറമെ സ്‌പീക്കറുടെ ഓഫീസ്​ ഉപരോധിച്ചത്‌ കേട്ടുകേൾവിയില്ലാത്തതാണ്‌. ജനാധിപത്യ പ്രക്രിയയോടുള്ള യുഡിഎഫിന്റെ അസഹിഷ്ണുതയാണിത്‌. സ്‌പീക്കറെ പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുന്നത്‌ ജനാധിപത്യ വിരുദ്ധമാണ്‌.   

ഞാൻ കേമനായ നേതാവെന്ന്‌ കാണിക്കാൻ സ്‌പീക്കർക്കും മന്ത്രിമാർക്കുമെതിരെ വ്യക്തിപരമായ ആരോപണങ്ങളും ആക്രോശങ്ങളും നടത്തുകയാണ്‌ പ്രതിപക്ഷനേതാവ്‌.  കോൺഗ്രസിൽ പ്രാമാണിത്തവും അധികാരവും സ്ഥാപിക്കാൻ അദ്ദേഹം നിയമസഭയെ കൈയാങ്കളിയുടെ വേദിയാക്കുന്നു. സഭയിലെ തെറ്റായ പ്രതിഷേധങ്ങൾ സഭ ടിവിയിലൂടെ ജനങ്ങൾ കാണുന്നതിൽ തെറ്റില്ല. എന്നാൽ, അതും സ്‌പീക്കറുടെ അധികാര പരിധിയിൽ പെടുന്നതാണ്‌. മന്ത്രി മുഹമ്മദ്​ റിയാസിനെതിരായ പരാമർശങ്ങൾ യുഡിഎഫിന്റെ വിഷയദാരിദ്രം കൊണ്ടാണ്​.  ബ്രഹ്മപുരം​ തീപിടിത്തം സംബന്ധിച്ച്‌ പൊലീസ്‌, വിദഗ്‌ധസമിതി, വിജിലൻസ്‌ അന്വേഷണത്തിന്‌ സർക്കാർ തീരുമാനിച്ചിട്ടുണ്ട്‌. തീയണച്ച പ്രവർത്തനത്തെ​ ഹൈക്കോടതി പ്രശംസിച്ചു​. മുസ്ലിം സ്ത്രീകൾക്ക്​ സ്വത്തിൽ തുല്യ പിന്തുടർച്ചാവകാശം ​ലഭിക്കണമെന്നതുപോലെയുള്ള ചർച്ചകൾ സമുദായത്തിനുള്ളിൽ നടക്കേണ്ടതാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം ​ മറുപടിയായി പറഞ്ഞു.

പ്രതിപക്ഷത്തിന്‌ മുദ്രാവാക്യമില്ല
കേരളത്തിൽ പ്രതിപക്ഷത്തിന്‌ ഒരു മുദ്രാവാക്യവുമില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മാധ്യമങ്ങൾ മാത്രമാണ്‌ അവരെ സഹായിക്കുന്നത്‌. പുറത്ത്‌ അവരുടെ എല്ലാ സമരങ്ങളും ചീറ്റി. അതുകൊണ്ടാണ്‌ രക്ഷിക്കണമെന്നും വിഷയങ്ങൾ ഏറ്റെടുക്കണമെന്നും  കെ സുധാകരൻ  മാധ്യമങ്ങളോട്‌ പറയുന്നത്‌.  

നിയമസഭയിലെ പ്രതിപക്ഷത്തിന്റെ ജനാധിപത്യവിരുദ്ധ പ്രവർത്തനത്തെ  മാധ്യമങ്ങൾ ന്യായീകരിക്കുന്നു. അവരുടെ വർഗനിലപാടാണിത്‌. ഇതിൽനിന്ന്‌ മാറി മാധ്യമങ്ങൾ പ്രതിപക്ഷത്തിന്റെ തെറ്റായ പ്രവർത്തനങ്ങൾ തുറന്നുകാട്ടണം.

നിയമസഭയിൽ വാച്ച്‌ ആന്‍ഡ് വാർഡുമാരെ ആക്രമിച്ചത്‌ മാധ്യമങ്ങൾ ശ്രദ്ധിക്കണം. തിരുവഞ്ചൂരിനെ കടന്നാക്രമിച്ചു എന്ന്‌ പ്രതിപക്ഷ നേതാവും ഇല്ലെന്ന്‌ തിരുവഞ്ചൂരും പറയുന്ന അവസ്ഥയുണ്ടായി. വി ഡി സതീശന്റെ തെറ്റായ പ്രസ്താവന തിരുവഞ്ചൂർ തന്നെ പൊളിച്ചു. പ്രതിപക്ഷത്തിനുള്ള അവകാശംപോലെ സ്‌പീക്കർക്കുള്ള അവകാശവും സംരക്ഷിക്കപ്പെടണം. സഭാതർക്കത്തിൽ സർക്കാരിനു ശത്രുപക്ഷമെന്നും മിത്രപക്ഷമെന്നും നിലപാടില്ല. പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടണം. അതിന്‌ ഇരുവിഭാഗവും സഹകരിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top